X

മുക്കത്ത്‌ പതിമൂന്നുകാരിയെ കാമുകനരികില്‍ എത്തിക്കാമെന്ന് വാഗ്ദാനം; യാത്രക്കിടെ പീഡനം; പ്രധാന പ്രതിയടക്കം നാലു പേര്‍ പിടിയില്‍

മുക്കം: കാമുകനരികില്‍ എത്താനായി വീട്ടില്‍നിന്നും ഇറങ്ങിയ 13 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രധാന പ്രതിയടക്കം നാലുപേര്‍ പൊലീസ് പിടിയില്‍. സാമൂഹികമാധ്യമത്തിലൂടെ പരിചയത്തിലായ തമിഴ്‌നാട് സ്വദേശിയുടെ അരികിലെത്തിക്കാന്‍ സാഹയം ചെയ്ത പെണ്‍കുട്ടിയെ പരിചയക്കാരനായ മണാശ്ശേരി സ്വദേശി മിഥുന്‍ രാജ്(24) അടക്കം നാലുപേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയായ ഹുസൂരില്‍ താമസിക്കുന്ന ധരണിയുമായി മാസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി പരിചയത്തിലാവുന്നത്. ധരണിയെ കാണാന്‍ ഹുസൂരിലേക്ക് പോവാന്‍ പെണ്‍കുട്ടി പരിചയക്കാരനായ മണാശ്ശേരി സ്വദേശി മിഥുന്‍ രാജിന്റെ സഹായം തേടുകയായിരുന്നു. എന്നാല്‍ ഹുസൂരിലെത്തിക്കാമെന്ന വാഗ്ദാനം നല്‍കിയ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ഇറക്കിയ മിഥുന്‍ രാജ് മണാശ്ശേരിയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം മിഥുന്‍ കൂട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ ഹുസൂര്‍ ബസ്സ്റ്റാന്‍ഡില്‍ എത്തിച്ചു കടന്നുകളയുകയായിരുന്നു. ഹുസൂരിലെത്തിയ പെണ്‍കുട്ടി കാമുകനായ ധരണിയൊടൊപ്പം പോകുകയും ചെയ്തു.

എന്നാല്‍, പെണ്‍കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുക്കം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനത്തിന്റെ ചുരുളഴിഞ്ഞത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി അതിര്‍ത്തികടന്നതായി മനസ്സിലാക്കിയ പൊലീസ് എസ്.ഐ ബികെ ബിജുവിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഹുസൂരിലേക്ക് പുറപ്പെടുകയായിരുന്നു. വനിതാ ഉദ്യോഗസ്ഥരടക്കമുള്ള അഞ്ചുപേരടങ്ങുന്ന അന്വേഷണ സംഘം ഹുസൂരിലെ കൃഷ്ണഗിരി ജില്ലയില്‍ വെച്ച് പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു.

പെണ്‍കുട്ടിയെ മുക്കം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് മിഥുന്‍രാജ് ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെ തന്നെ മിഥുന്‍രാജിനെ മണാശ്ശേരിയില്‍ വെച്ചു കസ്റ്റഡിയിലെടുക്കുകയും രണ്ടും മൂന്നും പ്രതികളായ അഖിത്ത് രാജിനെയും ജോബിനെയും പുലര്‍ച്ചെ മുക്കത്തുവെച്ചു പിടികൂടുകയും ചെയ്തു. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ രണ്ടാം തീയതി പുലര്‍ച്ചെയാണ് മിഥുന്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്നത്. ചാത്തമംഗലം മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിന്‍ (23) പെണ്‍കുട്ടിയുടെ കാമുകനായ തമിഴ്‌നാട് സ്വദേശി ധരണി എന്നിവരേയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കി.

മുക്കം ഇന്‍സ്‌പെക്ടര്‍ ബി.കെ. സിജുവിന്റെ നിര്‍ദേശപ്രകാരം എ.എസ്.ഐ.മാരായ സലീം മുട്ടത്ത്, ജയമോദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെഫീഖ് നീലിയാനിക്കല്‍, സ്വപ്ന പ്രേംജിത്ത്, രമ്യ, എഎസ്‌ഐ നാസര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്

chandrika: