X

മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലെ അംഗമായിരുന്ന കേരള പ്രതിനിധിക്കെതിരെ വിമര്‍ശനവുമായി ആര്‍.എസ്.പി നേതാവും മുന്‍ജലവിഭവ മന്ത്രിയുമായ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.

റിട്ട.സുപ്രിംകോടതി ചീഫ്ജസ്റ്റീസ് എ.എസ്.ആനന്ദ് അദ്ധ്യക്ഷനായ സമിതിയിലെ അംഗമായിരുന്ന ജസ്റ്റിസ് കെ.ടി.തോമസിന്റെയും സമിതിഅംഗങ്ങളുടെയും പേരെടുത്ത് പറയാതെയാണ് വിമര്‍ശനം. ഇന്ന് പുറത്തിറങ്ങുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ. ബാബുവിന്റ ‘മുല്ലപ്പെരിയാറിന്റ കഥ’ എന്ന പുസ്തകത്തിന്റ ആമുഖ കുറിപ്പിലാണ് പ്രേമചന്ദ്രെന്റ കുറ്റപ്പെടുത്തല്‍. മൂന്നിന് തൊടുപുഴയിലെ ഇടുക്കി പ്രസ്‌ക്ലബ് ഹാളിലാണ് പുസ്തക പ്രകാശനം.

പ്രേമചന്ദ്രന്‍ എഴുതുന്നു: ദുരൂഹതകളും ആശങ്കകളും ഉത്ക്കണ്ഠകളും നിലനിര്‍ത്തിക്കൊണ്ടാണ് 2014 ല്‍ സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ചിന്റ വിധിയുണ്ടാകുന്നത്. 125 വര്‍ഷത്തെ കാലപ്പഴക്കം ഉളള ചുണ്ണാമ്പും സുര്‍ക്കിമിശ്രിതവും കൊണ്ട് നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന നിഗമനത്തിലെത്താന്‍ സുപ്രീം കോടതിയെ പ്രേരിപ്പിച്ചതില്‍ അഞ്ചംഗ ഉന്നതാധികാര സമിതിയിലെ കേരളത്തിന്റ പ്രതിനിധിയുടെ നിലപാടും ഘടകമായിരുന്നുവെന്ന വിവരം നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.” മുല്ലയാറും പെരിയാറും സംഗമിക്കുന്ന സ്ഥലത്ത് അണക്കെട്ടി വെളളം തമിഴനാട്ടിലേയ്ക്ക് തിരിച്ചു വിടുന്നതിനായി തിരുവിതാംകൂറിന്റ 8100 ഏക്കര്‍ ഭൂമി പാട്ടമായി നല്‍കികൊണ്ടുളള 1886 ല്‍ ഒപ്പുവച്ച 999 വര്‍ഷത്തേക്കുളള പെരിയാര്‍ പാട്ടക്കരാര്‍ ബ്രിട്ടീഷ് ഇന്‍ഡ്യാ ഗവണ്‍മെന്റിന്റ ഭീഷണിക്ക് വഴങ്ങിയാണ് ചെയ്തതെന്ന് നിരവധി രേഖകള്‍ വ്യക്തമാക്കുന്നു. 1886 മുതല്‍ ഇങ്ങോട്ടളള ചരിത്രം കേരളത്തെ സംബന്ധിച്ചിടത്തോളം വിശ്വാസ വഞ്ചനയുടെയും ചതിയുടെതുമായിരുന്നു.

144 അടിയായിരുന്ന അണക്കെട്ടിന്റ സംഭരണശേഷി 152 ആയി ഉയര്‍ത്തിയതും ബേബി ഡാം നിര്‍മ്മിച്ചതും, പത്ത് വെന്റുകളോടുകൂടിയ സ്പില്‍വേ വലതുകരയില്‍ നിര്‍മ്മിച്ചതും, വൈദ്യുതി ഉല്‍പാദന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചതുമെല്ലാം തിരുവിതാംകൂര്‍ ഭരണകൂടം അറിയാതെയായിരുന്നു. 1941 മേയ് 12 ന് സര്‍ സി.പി രാമസ്വാമി അയ്യര്‍ കേസ് നടത്തി സമ്പാദിച്ച, പാട്ടക്കരാര്‍ അനുസരിച്ച് ജലസേചനത്തിന് നല്‍കിയ വെളളം മറ്റൊരാവശ്യത്തിന് ഉപയോഗിക്കാന്‍ പാടില്ലായെന്ന ചരിത്രപ്രധാനമായ അമ്പയര്‍ വിധിപോലും ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അട്ടിമറിക്കപ്പെട്ടുവെന്നത് ഏറ്റവും വലിയ ദുരൂഹതയാണ്. സ്വാതന്ത്ര്യലബ്ദിക്ക് ശേഷം അധികാരത്തിലെത്തിയ ജനാധിപത്യ ഗവണ്‍മെന്റുകള്‍ വളരെ ലാഘവത്തോടെയാണ് ഈ പ്രശ്നം കൈകാര്യം ചെയ്തതെന്ന് ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ ബോദ്ധ്യപ്പെടും. ബ്രിട്ടീഷ് ഭരണകൂടത്തിന്റ സമ്മര്‍ദ്ദശക്തിക്ക് മുന്നിലും പരിമിതികള്‍ക്കുളളില്‍ നിന്നുകൊണ്ട് സ്വന്തം നാടിന്റ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തിരുവിതാംകൂര്‍ ഭരണാധികാരികള്‍ കാണിച്ച ജാഗ്രത പോലും ജാധിപത്യ സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുണ്ടായില്ലായെന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്.
1979 ഡിസംബര്‍ 20 ന് കേന്ദ്രജല കമ്മീഷന്‍ ചെയര്‍മാന്‍ ഡോ: കെ.സി. തോമസിന്റ അദ്ധ്യക്ഷതയില്‍ കേരളാ – തമിഴ്നാട് ചീഫ് എഞ്ചിനീയര്‍മാര്‍ സമ്മതിച്ച് ഒപ്പിട്ട് അംഗീകരിച്ച, നിലവിലുളള ഡാമിന് 1300 അടി താഴെയായി പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുളള തീരുമാനം പില്‍ക്കാലത്ത് എങ്ങിനെ അട്ടിമറിക്കപ്പെട്ടുവെന്നതും ഇപ്പോഴും ദുരൂഹമായി തുടരുന്നു. ഇതിന്റയൊക്കെ തുടര്‍ച്ചയായിട്ടാണ് ബേബിഡാമിലെ മരങ്ങള്‍ മുറിച്ച് ഡാം ശക്തിപ്പെടുത്താന്‍ നല്‍കിയ അനുമതി. ജനാധിപത്യ ഭരണകാലയളവിലെ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റ നാര്‍വഴികളിലൂടെ കടന്നുപോകുമ്പോള്‍ കാണുന്ന ദുരൂഹതകള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ ഇനിയും നമുക്ക് കഴിയുന്നില്ലായെന്നത് ഖേദകരമാണ്.
ശാസ്ത്രലോകം ഡാമുകള്‍ക്ക് കാലപ്പഴക്കം നിശ്ചയിച്ചിട്ടുണ്ട്. 999 വര്‍ഷക്കാലം ഒരു ഡാം നിലനില്‍ക്കുമെന്ന് ഒരു ശാസ്ത്രവും കണ്ടെത്തിയിട്ടില്ല. മുല്ലപ്പെരിയാര്‍ ഡാമിനെ കുറിച്ച് നടത്തിയിട്ടുളള എല്ലാ പഠനങ്ങളും വ്യക്തമാക്കുന്നത് ഡാം അപകടാവസ്ഥയിലാണെന്നാണ്. കേരളത്തിന്റ താല്‍പര്യ സംരക്ഷണം എന്നത് അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുളള ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നിറവേറ്റാന്‍ ഭരണാധികാരികള്‍ക്ക് ബാദ്ധ്യതയുണ്ട്- ആമുഖ കുറിപ്പില്‍ പ്രേമചന്ദ്രന്‍ പറയുന്നു.

Chandrika Web: