X

ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി; വീഴ്ചകള്‍ കണ്ടെത്തി തിരുത്തും

തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും പ്രതീക്ഷിച്ച വിജയത്തിലേക്ക് എത്താനാകാത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ പൊതു രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞില്ലെന്നും കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗ തീരുമാനം വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റ് ലഭിച്ചപ്പോള്‍ ആരും തനിക്ക് പൂച്ചെണ്ട് തന്നിട്ടില്ല. അന്ന് യുഡിഎഫ് പ്രവര്‍ത്തകരുടെ വിജയമാണ് എന്നാണ് താന്‍ പറഞ്ഞിരുന്നത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചത് ക്രൂരമായിപ്പോയി. വിജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഒട്ടേറെ പേരുണ്ടാകും. എന്നാല്‍ പരാജയം അനാഥമാണ്. വിവാദങ്ങള്‍ സൃഷ്ടിച്ച് വാര്‍ത്തയില്‍ ഇടംപിടിക്കല്‍ തന്റെ രാഷ്ട്രീയ ശൈലിയല്ല. പറയേണ്ട കാര്യങ്ങള്‍ പറയേണ്ടിടത്ത് ശക്തമായ ഭാഷയില്‍ നേരായി പറയുക എന്നതാണ് തന്റെ ശൈലി- മുല്ലപ്പള്ളി വ്യക്തമാക്കി.

‘ഒരു പാര്‍ട്ടി എന്ന നിലയില്‍ തെരഞ്ഞെടുപ്പിലെ വീഴ്ചകള്‍ക്ക് പാര്‍ട്ടിക്ക് കൂട്ടുത്തരവാദിത്വമുണ്ട്. ഇക്കാര്യം രാഷ്ട്രീയകാര്യ സമിതി വിശദമായി ചര്‍ച്ച ചെയ്തു. ഇതില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളും ആശങ്കകളും വിശദമായി ചര്‍ച്ച ചെയ്യാന്‍ ജനുവരി ആറ്, ഏഴ് തിയ്യതികളില്‍ രാഷ്ട്രീയ കാര്യ സമിതി യോഗം ചേരും. കൂടുതല്‍ ഐക്യത്തോടെയും കൂട്ടുത്തരവാദിത്വത്തോടെയും പാര്‍ട്ടി മുമ്പോട്ടു പോകും. യുഡിഎഫ് ഭരണകാലത്ത് കൊണ്ടു വന്ന ക്ഷേമ പെന്‍ഷന്‍, ആരോഗ്യ രംഗത്തെ മികച്ച നേട്ടങ്ങള്‍ ഈ സര്‍ക്കാറിനെ അപേക്ഷിച്ച് മുന്‍പന്തിയിലായിരുന്നു. പക്ഷേ, വേണ്ട വിധത്തില്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കാന്‍ കഴിഞ്ഞില്ല

– മുല്ലപ്പള്ളി രാമചന്ദ്രന്‍
കെപിസിസി അധ്യക്ഷന്‍

അതിനിടെ, കെപിസിസി ഭാരവാഹികള്‍, ജില്ലയുടെ ചുമതലയുള്ള സെക്രട്ടറിമാര്‍ തുടങ്ങിയവരുടെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ജില്ലകളിലും സമാന യോഗങ്ങള്‍ നടക്കും. 23,24,26 തിയ്യതികളിലാണ് യോഗം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വീഴ്ചകള്‍, സംഘടനാ ദൗര്‍ബല്യങ്ങള്‍ എന്നിവ ചര്‍ച്ചയാകും. വീഴ്ചകള്‍ പരിഹരിച്ച് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെയ പൂര്‍ണ സജ്ജമാക്കുകയാണ് ലക്ഷ്യം.

Test User: