X

തെരഞ്ഞെടുപ്പ് അട്ടിമറി; ജുഡീഷ്യല്‍ അന്വേഷണം വേണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണം. കൂടാതെ ബിഎല്‍ഒമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവരുടെ പങ്കും വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോലീസ് അസോസിയേഷന്‍ നേതാക്കള്‍ ഭീഷണിയും സമ്മര്‍ദ്ധവും ഉപയോഗിച്ച് ജനവിധി അട്ടിമറിയ്ക്കാനാണ് ശ്രമിച്ചത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എഡിജിപിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ വ്യക്തമായ റിപ്പോര്‍ട്ടുകള്‍ വരും. ആരോപണങ്ങളില്‍ രണ്ടുപേരെ മാത്രമാണ് സസ്പന്റ് ചെയ്തത്. ഇത് കണ്ണില്‍പൊടിയിടാനുള്ള നടപടി മാത്രമാണ്- മുല്ലപ്പള്ളി പറഞ്ഞു.

സംഘടിതവും ആസൂത്രിതവുമായാണ് തെരഞ്ഞെടുപ്പ് അട്ടമറി നടന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ സിപിഎം കള്ളവോട്ടും അട്ടിമറിയും ആചാരമായാണ് തുടര്‍ന്നു വരുന്നത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്താന്‍ ബിഎല്‍ഒമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് നിയോഗിച്ചത്. ബിഎല്‍ഒമാരില്‍ 90 ശതമാനവും സിപിഎം അനുഭാവികളാണ്. ഇവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ട്. ഇതു കൂടാതെ 77 താലൂക്കുകളിലെ ഡെപ്യൂട്ടി തഹസില്‍ദാർമാരില്‍ ഭൂരിപക്ഷം പേരും വോട്ട് വെട്ടിനിരത്തി . ഇവര്‍ സിപിഎമ്മുമായി ബന്ധപ്പെട്ടുള്ള സംഘടനയിലുള്ളവരാണ്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരം പറയണം.

കള്ളവോട്ട് ആരു ചെയ്താലും അത് കള്ളവോട്ട് തന്നെയാണ്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സിപിഎമ്മിനെ വെള്ളപൂശുന്നതാണ്. സമഗ്രവും സത്യസന്ധവുമായ അന്വേഷണമാണ് അദ്ദേഹം നടത്തേണ്ടതെന്നും  മുല്ലപ്പള്ളി ആവശ്യപ്പെട്ടു.  

chandrika: