X

മുംബെ സ്‌നേഹ സംഗമം ശ്രദ്ധേയമായി: ജനം ആഗ്രഹിക്കുന്നത് ഒരുമ; സാദിഖലി തങ്ങള്‍

ഒന്നായിരിക്കാനാണ് ഇന്ത്യയിലെ സാമാന്യ ജനം ആഗ്രഹിക്കുന്നതെന്ന് ഓരോ സൗഹൃദ സദസ്സുകള്‍ കഴിയുമ്പോഴും കൂടുതല്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍.മുംബെയില്‍ നടന്ന സ്‌നേഹ സംഗമത്തിന് ശേഷം അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.മുംബൈയില്‍ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്ത് പതിവ് തിരക്കുകളില്‍ നിന്നും അല്പ സമയം മാറ്റിവെച്ചെത്തിയവര്‍ സംസാരിച്ചതത്രയും സ്നേഹത്തെയും സൗഹാര്‍ദ്ദത്തെയും കുറിച്ചായിരുന്നു.മുംബൈയിലെ മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, സിഖ് സമുദായ നേതാക്കളെല്ലാം പങ്കെടുത്ത വേദി വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരായ ചെറുത്തു നില്‍പ്പിന് സൗഹൃദങ്ങളെ വീണ്ടെടുക്കണമെന്ന സന്ദേശമാണ് മുന്നോട്ടുവെച്ചത്.

സൗഹൃദസദസ്സുകളില്‍ പങ്കുവെക്കപ്പെടുന്ന ആശയങ്ങള്‍ കേള്‍ക്കാന്‍ മാത്രമുള്ളതല്ല, മനസ്സുകൊണ്ട് ഉള്‍ക്കൊള്ളാനുള്ളതുമാണ്. സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ മുസ്ലിംലീഗ് നടത്തുന്ന ശ്രമങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നാണ് സംഗമത്തിനെത്തിയവരെല്ലാം ആവര്‍ത്തിച്ചത്. ഈ വാക്കുകള്‍ മുസ്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അഭിനന്ദനമായി മാത്രമല്ല കാണുന്നത്. നല്ല നാളേക്കായി സമൂഹത്തിലെ ഇഴയടുപ്പം കാത്തുസൂക്ഷിക്കുന്നതിന് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാനുള്ള പ്രോത്സാഹനവുമാണ്.നമുക്കിനിയും ഇടങ്ങളില്‍ സൗഹൃദംകൊണ്ട് വസന്തം തീര്‍ക്കാമെന്ന് തങ്ങള്‍ പറഞ്ഞു.

ചടങ്ങില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ,ഇ ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി , അബ്ദുസ്സമദ് സമദാനി എം.പി , സയ്യിദ് ബഷീറലി തങ്ങള്‍ , പി.കെ.എം അഷറഫ് എം.എല്‍.എ ,അബ്ദുറഹ്മാന്‍ രണ്ടത്താണി , ഫാത്തിമ മുസഫര്‍ ,അഹമ്മദ് ഷാജു ,എം എസ് അലവി തുടങ്ങിയവര്‍ സംഗമത്തില്‍ സംബന്ധിച്ചു.

web desk 3: