X
    Categories: keralaNews

സില്‍വര്‍ലൈനിലും, യൂ-ടേണ്‍ രാജാവ് വീണ്ടും പിന്തിരിഞ്ഞോടുന്നു !

കെ.പി ജലീല്‍

ഒടുവില്‍ അതിനും തീര്‍പ്പായി. ജനങ്ങളെയും വീട്ടമ്മമാരെപോലും അടിച്ചൊതുക്കി നടപ്പാക്കാന്‍ പോയ സില്‍വര്‍ലൈന്‍ പദ്ധതിയിലും പിണറായി സര്‍ക്കാരിന്റെ യു-ടേണ്‍.

പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി കിട്ടില്ലെന്ന് വന്നതോടെ പിന്തിരിയുകയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണമെങ്കിലും ലോക് സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമുളളപ്പോള്‍ ഇനിയൊരു പോരാട്ടത്തിന് നേരമില്ലെന്നാണ് സി.പി.എമ്മിന്റെ മനസ്സിലിരിപ്പ്. മുമ്പ് സ്പ്രിംക്‌ളര്‍ കരാര്‍, മാധ്യമമാരണനിയമം, ആഴക്കടല്‍ മല്‍സ്യബന്ധനം, ഗുണ്ടാനിയമം, ബ്രുവറീസ് ,വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത,ജെന്‍ഡര്‍ ന്യൂട്രല്‍യൂണിഫോം തുടങ്ങി ഡസനോളം പദ്ധതികളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞോടിയിരുന്നു. ഇതോടെ പിണറായിസര്‍ക്കാരിന്റേത് ഇരട്ടച്ചങ്കല്ല, ഓട്ടച്ചങ്കാണെന്നാണ ്ജനം പറഞ്ഞത്. ഇപ്പോഴിതാ ഒരിക്കല്‍കൂടി ടൂ -ടേണ്‍ പൂര്‍ത്തിയായിരിക്കുന്നു.

സില്‍വര്‍ലൈന്‍ പദ്ധതി എന്തുവന്നാലും നടപ്പാക്കുമെന്നും പിപ്പിടി കാട്ടി പ്രതിപക്ഷം പേടിപ്പിക്കേണ്ടെന്നും പറഞ്ഞ അതേ മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ജനങ്ങളുടെ ശക്തിയായ എതിര്‍പ്പിനെതുടര്‍ന്ന് പിന്തിരിഞ്ഞോടിയിരിക്കുന്നത്. ഏതാനും ആഴ്ചമുമ്പാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചതും അത് രണ്ടാംദിവസം പിന്‍വലിക്കുന്നതായി അറിയിച്ചതും.
തീരുമാനമെടുക്കുക. പിന്നീട് പിന്‍വാങ്ങുക എന്നത് സര്‍ക്കാരുകളുടെ ജനാധിപത്യസ്വഭാവമാണ് പ്രകടമാക്കുന്നതെന്ന് പറയാമെങ്കിലും കാര്യമായി യാതൊരു ആലോചനയും കൂടാതെ പ്രഖ്യാപനം നടത്തുകയും പിന്‍വലിക്കുകയും ചെയ്യുകയെന്നതായിരിക്കുന്നു പിണറായിസര്‍ക്കാരിന്റെ മുഖമുദ്ര. സര്‍ക്കാരിന്റെ നേട്ടങ്ങളെന്നു പറയാനാകട്ടെ മറ്റൊന്നുമില്ലതാനും. ആകോ കോവിഡ് കാലത്ത് നല്‍കിയ ഭക്ഷ്യക്കിറ്റ് മാത്രമാണ് പറഞ്ഞതുപോലെ നടപ്പാക്കിയത്. അതിനുള്ള ധനം ഇനിയും കണ്ടെത്തിയിട്ടില്ലെന്നത് വേറെ കാര്യം.

പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതും നിരവധി പാവപ്പെട്ടവരെ വഴിയാധാരമാക്കുന്നതുമായ പദ്ധതിയെന്ന നിലയില്‍ വലിയ പ്രതിഷേധമാണ ്പ്രതിപക്ഷത്തും ജനങ്ങളില്‍നിന്നും ഉയര്‍ന്നുവന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അടുക്കവെപദ്ധതിയുടെ സാമൂഹികാഘാതപഠനം നിര്‍ത്തിവെക്കുന്നതായി അറിയിച്ചു. അതിനിടെ കോടതിയും കല്ലിടല്‍ നിര്‍ത്തിവെപ്പിച്ച് ജിയോ മാപ്പിംഗ് നടത്താന്‍ ഉത്തരവിട്ടു. സത്യത്തില്‍ ജപ്പാന്‍ സഹകരണഏജന്‍സിയുടെ വായ്പ ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് വന്നതോടെയാണ് പദ്ധതിയില്‍നിന്നുള്ള പിറകോട്ടുപോക്ക്. സര്‍ക്കാരിന്റെ വായ്പാപരിധിക്ക് പുറത്താകും ഈ വായ്പ എന്ന ഭയമാണ് സര്‍ക്കാരിനെ പിന്തിരിപ്പിക്കാനുള്ള മറ്റൊരു കാരണം.

കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതിയില്‍ ഇരരവശത്തും മതില്‍കെട്ടുമെന്നതും വെള്ളപ്പൊക്കഭീഷണി ഉയര്‍ത്തിയിരുന്നു. ഇതിനും സര്‍ക്കാരിന് വ്യക്തമായ ഉത്തരമില്ലായിരുന്നു. പണം നല്‍കാതെ സ്വകാര്യഭൂമി ബഫര്‍സോണായി ഏറ്റെടുക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞതും സില്‍വര്‍ ലൈന്‍ അധികൃതര്‍ മാറ്റിപ്പറഞ്ഞതും പദ്ധതിയെക്കുറിച്ചുള്ള ധാരണക്കുറവ് വ്യക്തമാക്കുന്നതായിരുന്നു.

ഏതായാലും മറ്റൊരു മണ്ഡലകാലത്താണ് സില്‍വര്‍ലൈന്‍ പദ്ധതിയില്‍നിന്നുള്ള പിന്‍മാറ്റമെന്നതും ശ്രദ്ധേയമാണ്. 2019ല്‍ ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട വിധി വന്നയുടന്‍ അത് നടപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് പിന്നീട് അതിലും യുടേണടിക്കേണ്ടിവന്നു. ഏറ്റവും ഒടുവില്‍ കോടതി വിധി നടപ്പാക്കുമെന്ന് പൊലീസ് കൈപ്പുസ്തകത്തിലൂടെ അറിയിച്ചെങ്കിലും അത് പിന്‍വലിക്കാനാണ് തീരുമാനം. യു-ടേണ്‍ സര്‍ക്കാരെന്ന ഓമനപ്പേരിന് ഇതിലധികം വേറെയോഗ്യതകള്‍ പിണറായിസര്‍ക്കാരിന് വേണോ.
സില്‍വര്‍ലൈനിന്റെ പേരില്‍ 22 കോടിയോളം രൂപ ചെലവിട്ടതും അതിനായി പൊലീസിനെ കയറൂരിവിട്ടതുംകേസെടുത്തതുമെല്ലാം തിരുത്തുമോ എന്നാണ് ഇനി ജനത്തിന് അറിയേണ്ടത് .

Chandrika Web: