X
    Categories: CultureMoreNewsViews

മുസ്‌ലിം യൂത്ത്‌ലീഗ് യുവജന യാത്രയുടെ മുദ്രാവാക്യം പൊതുസമൂഹം ഏറ്റെടുത്തു: മുനവ്വറലി തങ്ങള്‍

മലപ്പുറം: വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ എന്ന പ്രമേയവുമായി മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്ര ഇന്ന് മുതല്‍ ഒമ്പത് വരെ അഞ്ച് ദിവസങ്ങളിലായി ജില്ലയില്‍ പര്യടനം നടത്തും. കാസര്‍കോട് നിന്നും പ്രയാണം ആരംഭിച്ച് നാലു ജില്ലകള്‍ പൂര്‍ത്തിയാക്കി ഏറെ ആത്മാഭിമാനത്തോടെയാണ് മലപ്പുറത്തേക്ക് പ്രവേശിക്കുന്നതെന്നും ജാഥക്ക് ലഭിച്ച സ്വീകാര്യത യുവജനയാത്ര ഉയര്‍ത്തിയ മുദ്രാവാക്യത്തെ പൊതുസമൂഹം ഏറ്റെടുത്തതിന് തെളിവാണെന്നും ജാഥാ നായകന്‍ മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഗീയമായി ചേരിതിരിവ് സൃഷ്ടിച്ച് അധികാരത്തില്‍ വീണ്ടും കയറാമെന്ന വ്യാമോഹത്തില്‍ മോദി സര്‍ക്കാര്‍ ചെയ്തുകൂട്ടുന്നതെല്ലാം മതേതര മനസുകളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. വികസനങ്ങള്‍ ഒന്നും തന്നെ പറയാനില്ലാത്ത ബി.ജെ. പി സര്‍ക്കാറിന് വര്‍ഗീയത മാത്രമാണ് പറയാനുള്ളത്. നോട്ടുനിരോധനം വരുത്തി വെച്ച ആഘാതത്തില്‍ നിന്നും രാജ്യം മുക്തമായിട്ടില്ല. പാചക വാതകം മുതല്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധനവെല്ലാം രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്നു. കേന്ദ്രത്തിലെയും കേരളത്തിലെയും ദുര്‍ഭരണം തുടച്ചുമാറ്റേണ്ടതുണ്ട് തങ്ങള്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സെക്രട്ടറി മുജീബ് കാടേരി പങ്കെടുത്തു.
ഇന്ന് മുതല്‍ ഒമ്പതു വരെ മലപ്പുറം ജില്ലയിലാണ് യുവജന യാത്രയുടെ പ്രയാണം. വിപുലമായ ഒരുക്കങ്ങളാണ് ജാഥയെ വരവേല്‍ക്കാന്‍ ജില്ലയില്‍ നടക്കുന്നത്. ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ കൊണ്ടോട്ടിയിലെ കൊട്ടപ്പുറത്ത് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജാഥയെ സ്വീകരിക്കും. നാളെ വൈകീട്ട് മലപ്പുറം നഗരത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പഞ്ചാബ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ധു പങ്കെടുക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: