X
    Categories: CultureMoreNewsViews

മാതാവിനെതിരെ കൊലക്കുറ്റം ചുമത്തി; അതിവേഗം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കമ്മീഷണര്‍

കൊച്ചി: ആലുവയില്‍ ക്രൂര മര്‍ദനമേറ്റ കുട്ടി മരിച്ച സാഹചര്യത്തില്‍ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ് ചുമത്തിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന്‍ ഐ.പി.എസ് അറിയിച്ചു. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ അമ്മ തന്നെയാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയിട്ടുള്ളതെന്നും അദേഹം പറഞ്ഞു.

കുട്ടികളെ മര്‍ദ്ദിക്കുന്നതിനെതിരെയുള്ള മറ്റ് വകുപ്പുകളും കുട്ടിയുടെ അമ്മയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെയും പിതാവിന്റെയും വിശദവിവരങ്ങളും കുടുംബ പശ്ചാത്തലവും അറിയുന്നതിനായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോയെന്ന് അറിയുന്നതിന് വേണ്ടിയാണ് അന്വേഷണം അവിടേക്കും നീട്ടിയിരിക്കുന്നത്. കുടുംബ പശ്ചാത്തലവും അന്വേഷിക്കും. മാതവ് കുട്ടിയുമായി ഇവിടെ എത്തിയിട്ട് കുറച്ചുദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. ഇവര്‍ താമസിക്കുന്ന ഏലൂരുള്ള വീടിന് സമീപത്തുള്ളവര്‍ക്ക് ഇവരെ കുറിച്ച കാര്യമായ അറിവുകളില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

ചപ്പാത്തി പരത്തുവാന്‍ ഉപയോഗിക്കുന്ന തടികൊണ്ടുള്ള വസ്തു കൊണ്ടാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. ഈ വസ്തു വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ കുട്ടിയുടെ അമ്മയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവും പൊലീസ് നിരീക്ഷണത്തിലാണ്. പിതാവിന്റെ സാനിധ്യത്തിലാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് പറയുന്നു. മര്‍ദ്ദനം നടന്നിട്ടും എന്തുകൊണ്ട് മൗനം പാലിച്ചുവെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് ഇയാളില്‍ നിന്ന് ചോദിച്ച് അറിയും. കുട്ടിയെ മര്‍ദ്ദിക്കുവാന്‍ പിതാവ് കൂട്ട് നിന്നതായും സംശയിക്കുന്നു. കേസില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദേഹം പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: