X

നയനസൂര്യയുടെ മരണം :ആദ്യഘട്ട അന്വേഷണത്തില്‍ ഗുരുതര വീഴ്ച; പൊലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ മരണത്തില്‍ ആദ്യഘട്ട അന്വേഷണത്തില്‍ ഗുരുതര വീഴ്ചകളുണ്ടായിയെന്ന് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.മരണം രോഗം മൂലമെന്ന നിഗമനത്തിലെത്തിയത് വിദഗ്‌ധോപദേശം ഇല്ലാതെയാണ്. അടിവയറ്റിലെ പരിക്കും കഴുത്തിലെ ഒരു മുറിവും അതിഗുരുതരമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കൊലപാതക സാധ്യത സംശയിക്കുന്നതും ഈ മുറിവുകളെ അടിസ്ഥാനമാക്കിയാണ്. നയനയുടെ വസ്ത്രം ഉള്‍പ്പെടെ പ്രധാന തെളിവുകളൊന്നും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ല. മുറിയിലെയും മൃതദേഹത്തിലെയും വിരലടയാളങ്ങള്‍ ശേഖരിച്ചില്ല. തുടര്‍ അന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് നിശ്ചയിച്ചേക്കും. അതേസമയം ലോക്കല്‍ പൊലീസിന്റെ വീഴ്ചകള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിലെ വലിയ വെല്ലുവിളിയാണ്.

ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന നയനയെ 2019 ഫെബ്രുവരി 24നാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി കുറ്റിയിട്ടിരുന്നതിനാല്‍ ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. കഴുത്തു ഞെരിഞ്ഞതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആദ്യം അന്വേഷിച്ച മ്യൂസിയം പൊലീസ് തെറ്റിദ്ധരിപ്പിച്ചാണ് അന്വേഷണം അവസാനിപ്പിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

webdesk14: