X

പാലാ സെന്റ് തോമസ് കോളജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി

കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥി നിഥിന മോളാണ് (22) കുത്തേറ്റു മരിച്ചത്. വൈക്കം തലയോലപ്പറമ്പ് കളപ്പുരക്കല്‍ സ്വദേശിയാണ്.

വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം. കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രണയനൈരാശ്യമാണ് കൊലപാതക കാരണമെന്ന് സംശയിക്കുന്നു.

ഫുഡ് ടെക്‌നോളജി വിഭാഗത്തില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ നിഥിന പരീക്ഷക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം. കോളജ് വളപ്പില്‍ കാത്തുനിന്ന യുവാവ് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലെ ഞരമ്പറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റ് വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കൊലപാതകം ആസൂത്രിതമെന്ന് പ്രിന്‍സിപ്പല്‍ ജയിംസ് ജോര്‍ജ് മംഗലത്ത് പറഞ്ഞു. പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അക്രമം. മറ്റ് പരാതികള്‍ ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്ന് സഹപാഠിയായ വിദ്യാര്‍ഥി പറഞ്ഞു.

web desk 1: