X

വിദ്വേഷത്തിന്റെ സംഗീതധാര

ഷെരീഫ് സാഗര്‍

‘ഇന്ത്യ ഹിന്ദുക്കളുടേതാണ്/ മുല്ലമാര്‍ പാകിസ്താനിലേക്ക് പോകൂ…’ ഇന്ത്യയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു ഗായകന്റെ പാട്ടാണിത്. മുല്ലമാര്‍ എന്നത്‌കൊണ്ട് ഉദ്ദേശിച്ചത് മുഴുവന്‍ മുസ്‌ലിംകളെയുമാണ്. ഇതിനേക്കാള്‍ രൂക്ഷമായ വരികളോടെയാണ് മറ്റ് പാട്ടുകള്‍. മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയില്‍ ഈ ഗാനം നിരോധിച്ചിട്ടില്ലെന്നു മാത്രമല്ല, ഈ ഗായകനെ കേള്‍ക്കാനായി ലക്ഷങ്ങള്‍ കാത്തിരിക്കുകയും ചെയ്യുന്നു. ഓരോ പാട്ടുകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറുന്നു. നരേന്ദ്ര മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററിയുടെ സോഷ്യല്‍ മീഡിയ ലിങ്കുകളെല്ലാം നിമിഷ നേരം കൊണ്ട് നിരോധിക്കപ്പെട്ട അതേ ഇന്ത്യയിലാണ് ഒരു ജനവിഭാഗത്തെ വേട്ടയാടാന്‍ ആഹ്വാനം ചെയ്യുന്ന പാട്ടുകള്‍ ലൈവായി നില്‍ക്കുന്നത്.

‘ഇന്ത്യ സൗണ്ട് ട്രാക് ഓഫ് ഹേറ്റ്’ എന്ന ജര്‍മന്‍ ഡോക്യുമെന്ററി പുറത്തിറങ്ങിയതോടെയാണ് ഇത്തരം പാട്ടുകളെക്കുറിച്ച് ലോകം കൂടുതലായി അറിയുന്നത്. ഹിന്ദുത്വ പോപ്പ് ഗായകര്‍ രാജ്യത്ത് പ്രചരിപ്പിക്കുന്ന വിദ്വേഷത്തിന്റെ സംഗീതധാരയെ തുറന്ന് കാട്ടുകയാണ് ഈ ഡോക്യുമെന്ററി. ജര്‍മന്‍ മാധ്യമമായ ഡച്ച് വെല്ല ആണ് ഡോക്യുമെന്ററി പുറത്തുവിട്ടത്. ഹിന്ദുത്വ പോപ്പ് ഗാനങ്ങള്‍ പെരുകുന്നത് ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് ഡോക്യുമെന്ററി വിലയിരുത്തുന്നത്.

‘ഞങ്ങളുടെ മതത്തിന് കണ്ണേറുണ്ടാക്കുന്നവരെ വെടിവെച്ചുകൊല്ലും’ എന്നാണ് പാട്ടിലെ മറ്റൊരു വരി. ഹിന്ദിയിലാണ് ഗാനങ്ങള്‍. ഉത്തര്‍പ്രദേശില്‍ വന്‍ ജനപ്രീതിയാണ് ഈ ഗാനങ്ങള്‍ക്ക്. ഈ ഗായകര്‍ എത്തുന്ന വേദികളിലേക്ക് കിലോമീറ്ററുകള്‍ താണ്ടി വന്‍ ജനക്കൂട്ടം ഇരച്ചെത്തുന്നു. 2022ല്‍ മധ്യപ്രദേശിലെ ഖാര്‍ഗോണിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായത് ഇത്തരം വിദ്വേഷ ഗാനങ്ങളാണെന്ന് ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നുണ്ട്. രാമനവമിയോടനുബന്ധിച്ച് നടന്ന ആഘോഷപരിപാടികളില്‍ മുസ്‌ലിംകള്‍ക്കെതിരായ ഗാനങ്ങള്‍ നിരന്തരം ആലപിച്ചിരുന്നു. ഈ പാട്ടുകള്‍ പാടിയാണ് മുസ്‌ലിംകളുടെ കടകളും വീടുകളും തീവെച്ച് നശിപ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

സന്ദീപ് ആചാര്യ, പ്രേം കൃഷ്ണവന്‍ഷി, പവന്‍ വര്‍മ തുടങ്ങിയ ഹിന്ദുത്വ പോപ്പ് ഗായകരാണ് ജനകീയരായ വിദ്വേഷ ഗായകര്‍. ‘ജയ് ശ്രീറാം എന്ന് പറയാന്‍ കഴിയില്ലെങ്കില്‍/ ഖബറിസ്ഥാനിലേക്ക് പോകൂ…’ വൈറലായ ഒരു പാട്ടിലെ വരികള്‍ തുടങ്ങുന്നത് ഈ അര്‍ത്ഥത്തിലാണ്. ഇത് സ്ഥിരം കേള്‍ക്കുന്ന ഒരാളുടെ മസ്തിഷ്‌കത്തില്‍ ഹിന്ദുക്കളല്ലാത്തവരോടുള്ള വെറുപ്പ് കിടന്ന് തിളയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ദേശാഭിമാന സംഗീതം എന്ന ഓമനപ്പേരിലാണ് ഈ വിദ്വേഷ ഗാനങ്ങളെല്ലാം വിറ്റുപോകുന്നത്. വിവാഹ വീടുകളില്‍ വരെ ഇത്തരം ഗാനങ്ങളാണ് ആലപിക്കുന്നത്. ‘വാളുകളെടുത്ത് വീടുകളില്‍നിന്ന് പുറത്തിറങ്ങൂ/ ലവ് ജിഹാദ് നടത്തുന്നവരെ അവസാനിപ്പിക്കൂ’ എന്നാണ് മറ്റൊരു വരി. ബാബരി മസ്ജിദും കര്‍സേവയും ഓര്‍മിപ്പിക്കുന്ന പാട്ടുകളുമുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ തള്ളേണ്ട കുറ്റമാണ് വര്‍ഷങ്ങളായി ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഇവര്‍ക്കെതിരെ ഇന്നുവരെ ഒരു പൊലീസ് സ്റ്റേഷനിലും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടില്ല.

വിദ്വേഷം വിറ്റ് ഈ ഗായകര്‍ പ്രതിമാസം യൂട്യൂബില്‍നിന്ന് മാത്രം ലക്ഷങ്ങള്‍ സമ്പാദിക്കുന്നു. ബജ്‌റംഗ്ദള്‍, ഹിന്ദു യുവവാഹിനി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെയാണ് ഇവര്‍ ഗാനങ്ങള്‍ പുറത്തിറക്കുന്നത്. മാസത്തില്‍ മൂന്നോ നാലോ ഗാനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മക്കയില്‍ ശിവലിംഗമുണ്ടെന്ന വാട്‌സ്ആപ്പ് തമാശകള്‍ വരെ ഇവര്‍ പാട്ടിന്റെ വരികളാക്കി മാറ്റിയിട്ടുണ്ട്. വാളുയര്‍ത്തുന്ന ഹിന്ദുവിനെയും ആള്‍ക്കൂട്ടക്കൊലകളും ബാബരി മസ്ജിദുമൊക്കെയാണ് പാട്ടിന്റെ ദൃശ്യങ്ങളായി കൊടുക്കുന്നത്. മുസ്‌ലിം വിരുദ്ധത തങ്ങളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണെന്ന് യാതൊരു മടിയും കൂടാതെ സന്ദീപ് ആചാര്യ പറയുന്നുണ്ട്. തന്റെ ഗാനങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ക്ക് രാജ്യം വിട്ട് പോകാമെന്നാണ് സന്ദീപിന്റെ പ്രതികരണം.

ഹിന്ദുവാദി സംഗീതം, ദേശാഭിമാന ഗീതം എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ടാണ് ഇവര്‍ സംഗീതപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇസ്‌ലാമിക വിരുദ്ധ സംഗീതം കൊണ്ട് പുതിയ പരീക്ഷണം പാട്ടിലൂടെ യുവാക്കളെ സ്വാധീനിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. യുവാക്കള്‍ ആവേശത്തോടെയാണ് ഈ പാട്ടുകള്‍ സ്വീകരിക്കുന്നതെന്ന് ജര്‍മന്‍ ഡോക്യുമെന്ററി വ്യക്തമാക്കുന്നു. അക്രമത്തെയും വംശീയതയെയും മഹത്വവത്കരിക്കുകയാണ് ഈ ഗാനങ്ങളിലൂടെ ചെയ്യുന്നതെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അപൂര്‍വാനന്ദ് പറയുന്നു. ‘മുസ്‌ലിംകളെ കൊല്ലാന്‍ പറയുന്ന ഗാനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല’ എന്നാണ് ബി.ജെ.പി വക്താവ് അനില സിങ് ഡോക്യുമെന്ററിയില്‍ പറയുന്നത്. ശ്രദ്ധയില്‍പെട്ടാല്‍ കേസെടുക്കുമെന്നും അവര്‍ പറയുന്നു. ലോകം മുഴുവന്‍ പ്രചരിക്കുന്ന ഗാനങ്ങളെക്കുറിച്ചാണ് ബി.ജെ.പി വക്താവിന്റെ പരാമര്‍ശം.

വൈജാത്യങ്ങളോടുള്ള ഭയം ഫാസിസത്തിന്റെ കടുത്ത ലക്ഷണമായി ഉമ്പര്‍ട്ടോ എക്കോ എണ്ണുന്നുണ്ട്. ഈ ഭയത്തെ ഫാസിസം ഉപയോഗപ്പെടുത്തും. അപരത്വത്തെ പ്രതിഷ്ഠിച്ച് അവരോടുള്ള ശത്രുതയെ പൊലിപ്പിക്കും. ആ പൊലിപ്പിക്കലാണ് ഇത്തരം പാട്ടുകളിലൂടെ നടത്തുന്നത്. ഹിന്ദുത്വ പോപ്പ് ഗായകരുടെ ഓരോ ഗാനങ്ങളും സര്‍വ നാശത്തിന്റെ ഇടിമുഴക്കങ്ങളാണ്. ഇതിങ്ങനെ തുടര്‍ന്നാല്‍ രാജ്യം വലിയ വില കൊടുക്കേണ്ടിവരും. ലോകത്ത് പുരോഗമന സാഹിത്യ പ്രസ്ഥാനം സംഭവിച്ചത് പോലും ഫാസിസത്തിനെതിരായ ചെറുത്ത്‌നില്‍പ് എന്ന നിലയിലാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ വടക്കന്‍ ഇറ്റലിയിലെ വയലേലകളിലെ തൊഴിലാളികള്‍ പാടിയിരുന്ന ബെല്ലാ ചാവു എന്ന് തുടങ്ങുന്ന നാടന്‍ പാട്ട് ഇറ്റലിയില്‍ ഫാസിസത്തിനെതിരായ ചെറുത്ത് നില്‍പ് ഗാനമായിരുന്നു. കലയെയും സാഹിത്യത്തെയും ഫാസിസ്റ്റ് വിരുദ്ധതയുടെ ഇടങ്ങളാക്കി മാറ്റിയാല്‍ മാത്രമേ ഇന്ത്യയിലെ വിദ്വേഷ ഗാനങ്ങള്‍ക്കെതിരായ ചെറുത്ത്‌നില്‍പ് സാധ്യമാവുകയുള്ളൂ.

webdesk11: