ന്യൂയോര്‍ക്ക്: സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌കിന്റെ സ്വപ്‌ന പദ്ധതിയായ സ്റ്റാര്‍ഷിപ്പ് വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ചു. ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റെന്ന് വിശേഷിപ്പിച്ചിരുന്ന സ്റ്റാര്‍ഷിപ്പിന്റെ കന്നിയാത്ര പരാജയപ്പെട്ടത് സ്‌പേസ്എക്‌സിന് തിരിച്ചടിയായി. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ എത്തിക്കാനും ഭാവിയില്‍ ചന്ദ്രനില്‍ കോളനിയുണ്ടാക്കാനും വഴിയൊരുക്കുമെന്ന അവകാശവാദത്തോടെ വികസിപ്പിച്ച സ്റ്റാര്‍ഷിപ്പിന്റെ പരീക്ഷണ വിക്ഷേപണമാണ് തുടക്കത്തില്‍ തന്നെ ചീറ്റിപ്പോയത്. 300 ശതകോടി ഡോളര്‍ ചെലവിട്ട് നിര്‍മിച്ച പേടകം ക്ഷണനേരം കൊണ്ട് കത്തിച്ചാമ്പലായി.
രണ്ട് ദിവസം മുമ്പ് വിക്ഷേപണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും അവസാന നിമിഷമുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. തകരാറുകള്‍ പരിഹരിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇന്നലെ വീണ്ടും വിക്ഷേപണം നടത്തിയത്. വിക്ഷേപണ ടവറില്‍നിന്ന് സ്റ്റാര്‍ഷിപ്പ് കുതിച്ചുയര്‍ന്നെങ്കിലും പേടകത്തിന് ഊര്‍ജം നല്‍കുന്ന 33 റാപ്റ്റര്‍ എഞ്ചിനുകളില്‍ അഞ്ചെണ്ണം പ്രവര്‍ത്തിച്ചില്ല. സ്റ്റാര്‍ഷിപ്പിനെ ബഹിരാകാശത്ത് എത്തിക്കാനുള്ള സൂപ്പര്‍ ഹെവി ബൂസ്റ്ററില്‍നിന്ന് വേര്‍പ്പെടാതെ പേടകം കറങ്ങി വീഴുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
വിക്ഷേപണം വിജയിച്ചിരുന്നെങ്കില്‍ ബഹിരാകാശ ചരിത്രത്തിലെ സുപ്രധാന കാല്‍വെപ്പായി സ്റ്റാര്‍ഷിപ്പ് മാറുമായിരുന്നു. ഉപഗ്രഹങ്ങളും ബഹിരാകാശ ടെലിസ്‌കോപ്പുകളും ബഹിരാകാശത്ത് എത്തിക്കാന്‍ അതിന് ശേഷിയുണ്ടെന്നാണ് സ്‌പേസ് എക്‌സ് അവകാശപ്പെടുന്നത്. ലോകത്ത് എവിടെയും ഒരു മണിക്കൂറുകൊണ്ട് സഞ്ചരിച്ചെത്താമെന്നതുകൊണ്ട് ഭൂമിയിലെ യാത്രക്കും ഉപയോഗിക്കാം. 150 മെട്രിക് ടണ്‍ വാഹകശേഷിയുള്ള പേടകത്തിന് നൂറുപേരെ വഹിക്കാന്‍ സാധിക്കും. കന്നി ദൗത്യത്തില്‍ ഒന്നരമണിക്കൂര്‍ യാത്രയാണ് ആസൂത്രണം ചെയ്തിരുന്നത്. പൂര്‍ണമായും പുനരുപയോഗിക്കാവുന്ന രൂപത്തിലാണ് സ്റ്റാര്‍ഷിപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.