X

മതമൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ മുസ്്‌ലിം കോഡിനേഷന്‍ കര്‍മ്മ പദ്ധതി

കോഴിക്കോട്: രാജ്യത്ത് മതമൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കാനും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ പ്രചാരണത്തിനും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട്ട് ചേര്‍ന്ന മുസ്്‌ലിം കോഡിനേഷന്‍ യോഗം തീരുമാനിച്ചു.
മതേതരത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരുമായും കൂട്ടായി ചേര്‍ന്ന് വിശാലമായതും അടിത്തട്ടിലേക്ക് സന്ദേശം എത്തുന്നതുമായ വിവിധ പരിപാടികള്‍ നടത്തും. മത സാമുദായിക സംഘടനകളുമായി ചേര്‍ന്ന് ബോധവല്‍ക്കരണം, പ്രാദേശിക തലങ്ങളില്‍ സൗഹൃദ വേദി കൂട്ടായ്മകള്‍, മഹല്ലു തലത്തിലും മേഖലാ തലത്തിലും വിവിധ മത നേതാക്കളെ അണിനിരത്തിയുള്ള സൗഹാര്‍ദ്ദ സംഗമങ്ങള്‍, പ്രളയ ദുരിതാശ്വാസം കാര്യക്ഷമമായും യോജിപ്പോടെയും സാധ്യമാക്കല്‍ എന്നിവയെല്ലാം കര്‍മ്മ പദ്ധതിയുടെ ഭാഗമാണ്.
സംസ്ഥാനത്തിനകത്തും പുറത്തും ഫലപ്രദമായി ഇവ നടപ്പാക്കാന്‍ എല്ലാ സംഘടനകളിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സബ്കമ്മിറ്റിക്കും രൂപം നല്‍കി. മതസൗഹാര്‍ദ്ദവും സാഹോദര്യവും ശക്തിപ്പെടുത്തല്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. തീവ്രവാദത്തിനും ഫാഷിസത്തിനും എതിരായ നിലപാട് ശക്തമാക്കും.
തീവ്രവാദം മതപരമായി സാധൂകരിക്കാവുന്നതല്ല. എന്നാല്‍, ഇതിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടുന്നതും പീഡിപ്പിക്കുന്നതും അംഗീകരിക്കാനാവില്ല. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന കരിനിയമങ്ങള്‍ ദുഷ്ടലാക്കോടെയാണ്.
ന്യൂനപക്ഷങ്ങളെയും ദളിതരെയും കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുന്നതും ഭയപ്പാടിലേക്ക് തള്ളിയിടുന്നതുമായ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ ആശങ്കാജനകമാണ്. സംയമനത്തോടെയും നിയമപരമായും വിഷയങ്ങളെ സമീപിക്കും. ഭീതിവിതച്ച് ധ്രുവീകരണം സൃഷ്ടിക്കാനുള്ള ഹിഡന്‍ അജണ്ടക്ക് എതിരെ ജാഗ്രത പാലിക്കാന്‍ യോഗം ആഹ്വാനം ചെയ്തു.
എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍, ഡോ.ബഹാഉദ്ദീന്‍ നദ്‌വി, മുക്കം ഉമ്മര്‍ ഫൈസി, പി.പി ഉണ്ണീന്‍കുട്ടി മൗലവി, സി.പി ഉമ്മര്‍ സുല്ലമി, ഡോ.ഹുസൈന്‍ മടവൂര്‍, എം.ഐ അബ്ദുല്‍ അസീസ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, സി കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, പി.കെ അബ്ദുല്‍ലത്തീഫ്, എം.സി മായിന്‍ഹാജി, പി മുജീബ് റഹ്്മാന്‍, കെ സജ്ജാദ്, ശിഹാബ് പൂക്കോട്ടൂര്‍, കെ.കെ സുഹൈല്‍ സംസാരിച്ചു.

web desk 1: