X

ജാര്‍ഖണ്ഡില്‍ മുസ്ലിംലീഗിന്റെ ജീവകാരുണ്യസംരംഭങ്ങള്‍ തകര്‍ക്കാന്‍ പൊലീസ് ശ്രമം

കോഴിക്കോട്: ജാര്‍ഖണ്ഡിലെ പാക്കൂരിലെ രംഗയില്‍ മുസ്ലിംലീഗ്‌ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിന് ആദിവാസി-ദളിത്-പിന്നാക്ക വിഭാഗക്കാര്‍ക്ക് ശൈത്യകാല വസ്ത്രവും പുതപ്പും വിദ്യാഭ്യാസ കിറ്റും നല്‍കുന്ന പരിപാടിക്കു നേരെ പൊലീസ് അതിക്രമം. ഇന്നലെ വൈകീട്ട് നടക്കേണ്ട പരിപാടിയാണ് നേരത്തെ അനുമതി നല്‍കിയ പൊലീസ്  അര്‍ധരാത്രി റദ്ദ് ചെയതത്.

തുടര്‍ന്ന്് ദേശീയ നേതാക്കള്‍ നടക്കുന്ന പൊതുയോഗം മുടക്കുന്നതിനായി സ്ഥലത്തെ പന്തലുകള്‍ രാത്രി രണ്ട് മണിക്ക് പൊളിച്ചുനീക്കുകയുമായിരുന്നു. സ്‌പെഷ്യല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഉള്‍പെടെയുള്ളവരുമായി മുസ്ലിംലീഗ്‌ നേതൃത്വം ചര്‍ച്ചനടത്തിയെങ്കിലും റദ്ദ് ചെയ്ത ഓര്‍ഡര്‍ പുനസ്ഥാപിക്കാന്‍ പൊലീസ് തയ്യാറായില്ല.

തെറ്റായ പൊലീസ് ഉത്തരവ് പാലിക്കാന്‍ തയ്യാറല്ലെന്ന് മുസ്ലിംലീഗ്‌ നേതാക്കള്‍ ബന്ധപ്പെട്ടവരെ അറിയിച്ചു. പൊലീസില്‍ നിന്ന് നേരത്തെ അനുമതി ലഭിച്ചിട്ടും യാതൊരു പ്രകോപനമോ, അക്രമങ്ങളോ ഇല്ലാതെ പരിപാടി റദ്ദ് ചെയ്ത നടപടി ദുരൂഹമാണെന്ന് മുസ്ലിംലീഗ്‌ ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. പൊലീസ് നടപടി പ്രാകൃതവും അന്യായവുമാണെന്നും സമാധാനപരമായും നിയമവിധേയമായും പ്രവര്‍ത്തിക്കുന്നവരെ പ്രകോപിതരാക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമമെന്നും ഇടി കുറ്റപ്പെടുത്തി.

പരിപാടി റദ്ദാക്കിയതറിഞ്ഞ് വന്‍തോതില്‍ നാട്ടുകാരും പ്രവര്‍ത്തകരും പ്രദേശത്ത് തടിച്ചുകൂടി. റോഡില്‍ നിന്ന് ഇടി നാട്ടുകാരെ അഭിവാദ്യം ചെയ്തു സംസാരിച്ചു. തുടര്‍ന്ന് വസ്ത്രങ്ങളും സഹായങ്ങളും നാട്ടുകാര്‍ക്ക് കൈമാറി. നാട്ടുകാര്‍ സന്തോഷപൂര്‍വം അവ സ്വീകരിച്ചു

chandrika: