X

ന്യൂനപക്ഷ-ദളിത് വേട്ടക്കെതിരെ മുസ്‌ലിംലീഗ് പാര്‍ലമെന്റ് മാര്‍ച്ച് നാളെ

കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന ന്യൂനപക്ഷ-ദളിത് വേട്ടക്കെതിരെ മുസ്‌ലിംലീഗ് പാര്‍ലമെന്റ് മാര്‍ച്ച് നാളെ (ചൊവ്വ) നടക്കും. ദളിത്-ന്യൂനപക്ഷ സമൂഹങ്ങളുടെ വികാരം അലയടിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ ഡല്‍ഹി-മഥുര ട്രെയിനില്‍ ബീഫിന്റെ പേരില്‍ കൊല്ലപ്പെട്ട ഹരിയാണ ബല്ലഭ്ഗഢ് സ്വദേശി ജുനൈദിന്റെതുള്‍പ്പെടെ ഇരകളുടെ കുടുംബങ്ങള്‍ അണിനിരക്കും. മുസ്‌ലിംലീഗ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍വഹാബ്, വിവിധ സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ക്ക് പുറമെ ദളിത്-മുസ്‌ലിം സംഘടനാ നേതാക്കളും രാഷട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും മാര്‍ച്ചിനെ അഭിവാദ്യം ചെയ്യും.
ഭരണകൂട ഒത്താശയോടെ സംഘ്പരിവാര്‍ അഴിച്ചു വിടുന്ന ആക്രമണങ്ങള്‍ക്കെതിരെ ജനാധിപത്യ മതേതര സമൂഹത്തിന്റെ ചെറുത്തു നില്‍പ്പിന്റെ വിളംബരത്തിനാണ് ഇന്ദ്രപ്രസ്ഥം സാക്ഷ്യം വഹിക്കുക. പശു സംരക്ഷണത്തിന്റെ മറവില്‍ രാജ്യത്തെ പൗരന്മാരെ തല്ലിക്കൊല്ലുമ്പോള്‍ വാചക കസര്‍ത്തിനപ്പുറം കാര്യക്ഷമമായ നടപടിയില്ലാത്തതാണ് സംഭവം ആവര്‍ത്തിക്കുന്നത്.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നാളെ കേരളത്തിലെ എല്ലാ പഞ്ചായത്ത്-മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ ആസ്ഥാനങ്ങളിലും മുസ്‌ലിംലീഗ് പ്രകടനങ്ങളും സംഗമങ്ങളും സംഘടിപ്പിക്കും.

chandrika: