X

മുസ്‌ലിംലീഗിനെ നിരോധിക്കണമെന്ന ഹര്‍ജിക്ക് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് മുസ്‌ലിംലീഗ്

കോഴിക്കോട്: മുസ്‌ലിംലീഗിനെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സുപ്രിംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മുസ്‌ലിംലീഗിന്റെ ചരിത്രവും പ്രവര്‍ത്തന രീതികളും വിശദമായി പ്രതിപാദിക്കുന്നതാണ് എതിര്‍ സത്യവാങ്മൂലം.

സ്വതന്ത്ര ഇന്ത്യയില്‍ 1948 മാര്‍ച്ച് 10 മുതല്‍ രാജ്യത്തിന്റെ പരമാധികാരം അംഗീകരിച്ച് ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനയാണ് മുസ്‌ലിംലീഗ്. ഭരണഘടനാ അസംബ്ലിയിലും പാര്‍ലമെന്റിലും മുസ് ലിംലീഗിന്റെ പ്രാതിനിധ്യം ശ്രദ്ധേയമായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിപദവും കേന്ദ്ര മന്ത്രിപദവും മുസ്‌ലിംലീഗിനെ തേടിയെത്തിയത് പൊതുസമൂഹം പാര്‍ട്ടിക്ക് നല്‍കിയ അംഗീകാരത്തിന്റെ ഫലമായിട്ടാണ്. സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പോണ്ടിച്ചേരി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, അസം നിയമസഭകളിലും മുസ്‌ലിംലീഗിന് പ്രാതിനിധ്യമുണ്ടായിരുന്നു. ഹിന്ദു, െ്രെകസ്തവ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട നൂറിലധികം ജനപ്രതിനിധികള്‍ മുസ്‌ലിംലീഗിലുണ്ട്. വിവിധ ജാതി, മത വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ആയിരക്കണക്കിന് പേര്‍ മുസ്‌ലിംലീഗിന്റെ ഭാഗമാണ്. മുസ്‌ലിംലീഗിന്റെ പ്രതിനിധികളായി നിയമസഭയിലേക്ക് മത്സരിക്കുന്നവരും തെരഞ്ഞെടുക്കപ്പെടുന്നവരും മുസ് ലിംകള്‍ മാത്രമല്ല. എം. ചടയന്‍, കെ.പി രാമന്‍, യു.സി രാമന്‍ എന്നിവരെല്ലാം നിയമസഭാംഗങ്ങളായത് മുസ്‌ലിംലീഗ് പ്രതിനിധികളായിട്ടാണെന്നും പറയുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് വേണ്ടി മുസ്‌ലിംലീഗ് വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. കേരളത്തില്‍ പയ്യോളിയിലും നടുവട്ടത്തുമുണ്ടായ കലാപങ്ങളിലും തളി ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്തും സാമുദായിക സൗഹാര്‍ദ്ദം ഉറപ്പുവരുത്താന്‍ മുസ്‌ലിംലീഗ് ഇടപെട്ടത് ഏവരാലും പ്രശംസിക്കപ്പെട്ട ചരിത്രമാണ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കേരളത്തിലെ 14 ജില്ലകളിലും ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും നടത്തിയ സുഹൃദ് സംഗമങ്ങള്‍ സമുദായങ്ങള്‍ തമ്മിലുള്ള ഐക്യത്തിനും സൗഹൃദത്തിനും ഏറെ സഹായകമായി. രാജ്യത്തിന്റെ മതേതരത്വം നിലനിര്‍ത്തുന്നതിനും മത സാഹോദര്യം ഉറപ്പാക്കുന്നതിനും മുസ്‌ലിംലീഗ് പ്രതിജ്ഞാബദ്ധമാണ്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മതേതരത്വം മനസ്സിലാക്കേണ്ടത് ആ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിലൂടെയാണ്. അല്ലാതെ നാമഥേയം നോക്കിയല്ല. സെക്യുലര്‍ എന്ന് തോന്നുന്ന പേര് വെച്ച് രജിസ്‌ട്രേഷന്‍ നടത്തുകയും വര്‍ഗ്ഗീയ സ്വഭാവത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിരവധി സംഘടനകള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ മുസ്‌ലിംലീഗ് എക്കാലത്തും നിലകൊണ്ടത് മതേരത്വത്തിനും മത സാഹോദര്യത്തിനും വേണ്ടിയാണ്. തീവ്രവാദത്തിനും ഭീകരതക്കുമെതിരെ നിരന്തരം കാമ്പയിന്‍ നടത്തുന്ന പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്.

രാഷ്ട്രീയാതീതമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനയാണ് മുസ്‌ലിംലീഗ്. 2023 മാര്‍ച്ച് 10ന് മുസ്‌ലിംലീഗ് അതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുകയാണ്. തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആണ് ഈ പ്ലാറ്റിനം ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. രാജ്യത്തിന്റെ മതേതരത്വവും പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്താനും വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ ന്യൂനപക്ഷ, ദലിത് പിന്നോക്ക വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും വേണ്ടിയാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിന് സംസ്‌കൃത സര്‍വ്വകലാശാല അനുവദിച്ച വിദ്യാഭ്യാസ മന്ത്രി മുസ്‌ലിംലീഗുകാരനാണ്. 75 വര്‍ഷക്കാലത്തെ പ്രവര്‍ത്തന പാരമ്പര്യത്തെ വിശദമായി വിവരിച്ചുകൊണ്ടാണ് മുസ്‌ലിംലീഗ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

webdesk13: