X

മുസ്‌ലിംലീഗ് മനുഷ്യാവകാശ മഹാറാലി നാളെ കോഴിക്കോട്ട്‌

മലപ്പുറം: ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യാവകാശ മഹാറാലി നാളെ വൈകുന്നേരം മൂന്നു മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ലോകം ഉറ്റുനോക്കുന്ന മഹാറാലിയായി ഇത് മാറുമെന്നും അന്താരാഷ്ട്ര ശ്രദ്ധ നേടുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സാധാരണ പ്രതിഷേധ റാലി അല്ല, ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ റാലിയാണ് കോഴിക്കോട്ട് നടക്കുക. ഗാന്ധിജിയുടെ കാലം മുതല്‍ ഫലസ്തീന്‍ ജനതക്ക് പിന്തുണ കൊടുത്ത നിലപാടാണ് രാജ്യത്തിനുള്ളത്. ഇന്ത്യയില്‍ അത് കൊണ്ട് തന്നെ ഈ പ്രതിഷേധത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ത്യ മുന്നണിയിലെ കക്ഷികള്‍ എല്ലാവര്‍ക്കും ഫലസ്തീന്‍ വിഷയത്തില്‍ ഒരേ നിലപാടാണുള്ളതെന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. എല്ലാ നേതാക്കളുമായും ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിരന്തരമായ ആക്രമണങ്ങളുടെ ഇരകളാണ് എന്നും ഫലസ്തീനികള്‍. അവരുടെ ചെറുത്ത് നില്‍പ്പാണ് അവിടെ കാണുന്നത്. അന്താരാഷ്ട്ര സമൂഹം ശക്തമായ ഇടപെടല്‍ നടത്തണം. ഈ കൂട്ടക്കുരുതി എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ ഉണരണമെന്നും അദ്ദേഹം പറഞ്ഞു. വലിയ ക്രൂരതയാണ് കുട്ടികള്‍ക്ക് നേരെ വരെ ഇസ്രാഈല്‍ നടത്തുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന രീതിയില്‍ നമുക്ക് ചെയ്യാന്‍ കഴിയുക വലിയ പ്രതിഷേധം ഉയര്‍ത്തുക എന്നതാണ്. രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ റാലിയായിരിക്കും കോഴിക്കോട് കടപ്പുറത്ത് നടക്കുക. ജാതി മത ഭേദമന്യേ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, സംസ്ഥാന ഭാരവാഹികളായ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

webdesk11: