X

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തം എതിര്‍ത്ത പാര്‍ട്ടിയാണ് മുസ്ലിംലീഗ്: പി.കെ കുഞ്ഞാലിക്കുട്ടി

എല്ലാതരം വര്‍ഗീയതകള്‍ക്കുമെതിരായ ആശയ പോരാട്ടം തുടരുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പോപ്പുലര്‍ ഫ്രണ്ട് നിരോധനം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തം എതിര്‍ത്ത പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ഭൂരിപക്ഷന്യൂനപക്ഷ സൗഹൃദത്തിലൂടെ മാത്രമേ രാജ്യത്തിന് വളര്‍ച്ചയുണ്ടാകൂ എന്നതാണ് ലീഗ് നിലപാട്.

മതസൗഹാര്‍ദ്ദത്തിന് മുസ്ലിംലീഗ് വലിയ മൂല്യം കല്‍പിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള സംഘടനകള്‍ മുഖ്യ എതിരാളിയായി കാണുന്നത് മുസ്ലിംലീഗിനെയാണ്. ഐഡിയോളജിക്കലായും രാഷ്ട്രീയമായും അവരോട് പോരാടുന്ന സംഘടനയാണ് ലീഗ്. ന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ ചെയ്തത് വന്‍ ദ്രോഹമാണ്. അതുകൊണ്ടാണ് അവരെ എതിര്‍ത്തത്. ഭൂരിപക്ഷ വര്‍ഗീയതക്കാണ് അവര്‍ വെള്ളവും വളവും നല്‍കുന്നത്. ഭൂരിപക്ഷ വര്‍ഗീയതക്ക് വേണ്ട മധുരമാണ് ഇവര്‍ നല്‍കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

വെറുപ്പിന്റെ പ്രചാരകരായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളെ പ്രവര്‍ത്തിക്കാന്‍ കേന്ദ്രം കയറൂരി വിടുന്നത് നിഷ്പക്ഷ നിലപാടല്ല. അന്തര്‍ദേശീയ തലത്തില്‍ തന്നെ വിവാദമായ പ്രസ്താവനകള്‍ നടത്തുന്ന സംഘടനകള്‍ കേന്ദ്ര ഭരണത്തിന്റെ തണലില്‍ യാതൊരു പ്രശ്‌നവുമില്ലാതെ ഇരിക്കുകയാണ്. നിര്‍ബാധം ഒരു കൂട്ടരെ വിഷലിപ്തമായ വര്‍ഗീയത പ്രചരിപ്പിക്കാന്‍ വിടുകയും മറ്റൊരു കൂട്ടരെ നിരോധിക്കുകയും ചെയ്യുന്നത് ശരിയായ നിലപാടല്ല. പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തില്‍ യാതൊരു സ്വീകാര്യതയും കിട്ടിയിട്ടില്ല. മുസ്‌ലിംലീഗാണ് ഇത്തരം ശക്തികളെ ഒറ്റയ്ക്ക് എതിര്‍ത്ത് തോല്‍പിച്ചത്. ലീഗിനെതിരെ സാമ്പാര്‍ മുന്നണിയുണ്ടാക്കിയപ്പോള്‍ അതിലൊരു കഷ്ണമായിരുന്നു എസ്.ഡി.പി.ഐയെന്നും ആശയപരമായ ഈ പോരാട്ടം തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇസ്‌ലാമില്‍ തീവ്രവാദമില്ല. മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുസ്‌ലിം സംഘടനയും പോപ്പുലര്‍ ഫ്രണ്ടിനെ അംഗീകരിച്ചിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള സംഘടനകള്‍ രാജ്യത്തിന് ഗുണം ചെയ്യില്ല. അതേസമയം ഭൂരിപക്ഷ വര്‍ഗീയതയെ ഊട്ടിവളര്‍ത്തുന്നതും അംഗീകരിക്കാനാവില്ല. ആശയപരമായി ഇത്തരം സംഘടനകളെ എതിര്‍ക്കണം. ആര്‍.എസ്.എസ് ഉള്‍പ്പെടെ ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇന്ത്യയുടെ അഖണ്ഡത നിലനില്‍ക്കണം. വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ രാജ്യത്തിന്റെ കെട്ടുറപ്പിനെയാണ് ചോദ്യം ചെയ്യുന്നത്. നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിന് വിലകല്‍പിച്ച് ഇന്ത്യക്കാര്‍ മുന്നോട്ട് പോകണമെന്നും അതിനെതിരെ ആര് പ്രവര്‍ത്തിച്ചാലും നേരിടണമെന്നും അദ്ദേഹം വ്യക്തമാക്കി.

web desk 3: