X
    Categories: CultureMoreViews

ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണം; ലീഗ്, സമുദായ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയെ മോചിപ്പിക്കണമെന്നും അവരുടെ ആരോഗ്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് എം.പി എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത് ഇക്കാര്യം ഉന്നയിച്ചത്. സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, മുജാഹിദ് വിസ്ഡം ഗ്രൂപ്പ് നേതാവ് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍, ശൈഖ് മുഹമ്മദ് കാരകുന്ന് (ജമാഅത്തെ ഇസ്‌ലാമി), എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി (കേരള നദ്‌വത്തുല്‍ മുജാഹിദീന്‍), കെ. മോയിന്‍കുട്ടി മാസ്റ്റര്‍, പി.എ ജബ്ബാര്‍ ഹാജി എളമരം, എം.എസ്.എസ് നേതാവ് പി. ഉണ്ണീന്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ഹാദിയയുടെ പുതിയ വെളിപ്പെടുത്തല്‍ ഗൗരവത്തോടെ കാണണമെന്നും അവരുടെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഡോക്ടര്‍മാരെ അയക്കണമെന്നും വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം സംഘം മുഖ്യമന്ത്രിക്കു നല്‍കി.

വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ നിലവിലുള്ള സ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ കഴിഞ്ഞ ദിവസം പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. കോട്ടയം പൊലീസ് സൂപ്രണ്ടിനോടാണ് ഹാദിയയുടെ ഇപ്പോഴത്തെ അവസ്ഥ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വീട്ടില്‍ താന്‍ മര്‍ദ്ദനത്തിന് ഇരയാകുന്നതായും ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാമെന്നും ഹാദിയ പറയുന്ന വീഡിയോ ദൃശ്യം രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍. കേസ് ഒക്ടോബര്‍ 30 ന് സുപ്രീംകോടതിയുടെ പരിഗണന്ക്ക് വരാനിരിക്കെയാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ നിന്നുള്ള വീഡിയോ വാര്‍ത്ത സമ്മേളനത്തില്‍ പുറത്തുവിട്ടത്. കഴിഞ്ഞ ഓഗസ്റ്റില്‍ വൈക്കത്തെ വീട്ടില്‍ ഹാദിയയെ സന്ദര്‍ശിച്ചപ്പോള്‍ ചിത്രീകരിച്ചതാണ് വീഡിയോയെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: