X

താമരശേരി ബിഷപ്പുമായി മുസ്‌ലിംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

മലപ്പുറം: മതങ്ങളുടെ മൂല്യങ്ങളിലൂടെയുള്ള ഹൃദയ സഞ്ചാരമാണ് മനുഷ്യ സാഹോദര്യത്തിനും ലോക സമാധാനത്തിനും ആധാരമെന്ന് മുസ്‌ലിംലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ക്രിസ്മസ് പ്രമാണിച്ച് മലപ്പുറം സെന്റ് തോമസ് ചര്‍ച്ചില്‍ താമരശേരി രൂപത ബിഷപ്പ് ഫാദര്‍ മാര്‍ റമജിയോസ് ഇഞ്ചനാനിയാലിനെയും കുന്നുമ്മല്‍ സെന്റ് ജോസഫ്‌സ് ഫെറോന ചര്‍ച്ച് വികാരി ഫാദര്‍ തോമസിനെയും സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കൊപ്പം ചേര്‍ന്ന് അവരുമായി ക്രിസ്മസ് സന്തോഷങ്ങള്‍ പങ്കുവച്ചു. എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

സയ്യിദ് സാദിഖലി തങ്ങളുടെ ഫെയ്‌സ്ബുക് കുറിപ്പ്:

ഇന്ന് ക്രിസ്മസ് ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനൊപ്പം മലപ്പുറം സെന്റ് തോമസ് ചര്‍ച്ചില്‍ ആദരണീയനായ താമരശ്ശേരി രൂപത ബിഷപ്പ് ഫാദര്‍ മാര്‍ റമജിയോസ് ഇഞ്ചനാനിയാല്‍ അവര്‍കളെയും കുന്നുമ്മല്‍ സെന്റ് ജോസഫ്‌സ് ഫെറോന ചര്‍ച്ച് വികാരി ഫാദര്‍ തോമസ് അവര്‍കളെയും കണ്ട് സന്തോഷം പങ്ക് വെച്ചു.
സ്‌നേഹ സന്ദേശം കൈമാറി

ആഘോഷങ്ങളുടെ സന്തോഷങ്ങള്‍ പരസ്പരം പങ്കുവെക്കുന്നവരാണു നമ്മള്‍.
അത് സ്‌നേഹത്തിന്റേയും ചേര്‍ന്നു നില്‍പ്പിന്റേയും സന്ദേശവും നല്‍കുന്നു.
ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന നമുക്ക് പരസ്പരം കൂടുതലറിയാനും മുന്‍വിധികള്‍ മായ്ക്കാനും ആഘോഷങ്ങളിലൂടെ സാധ്യമാകുന്നത് വലിയ കാര്യമാണ്.
നമുക്ക് നമ്മെ തന്നെ പുതുക്കാനും സാധ്യമാകും.
വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും മതങ്ങള്‍ക്കിടയില്‍ വൈവിദ്യമാണ്.
സ്‌നേഹം,സാഹോദര്യം,ദയ, കരുണ തുടങ്ങി മനുഷ്യന്റെ ഉന്നതമായ മൂല്യങ്ങള്‍ എല്ലാ മതങ്ങളുടേയും ധാര്‍മ്മിക പാഠങ്ങളാണ്.

‘മതങ്ങളുടെ മൂല്യങ്ങളിലൂടെയുള്ള ഹൃദയ സഞ്ചാരമാണ് മനുഷ്യ സാഹോദര്യത്തിനും ലോക സമാധാനത്തിനുമാധാരം’

ക്രിസ്തുമസ് ആശംസകള്‍..!

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

web desk 1: