X
    Categories: indiaNews

ബിഹാര്‍ തെരഞ്ഞെടുപ്പ്; മുസ്‌ലിംലീഗ് മഹാസഖ്യത്തിനൊപ്പം

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ പിന്തുണ ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിന്. സംഘ്പരിവാര്‍ സ്വാധീനമുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുന്നത് തടയാന്‍ ആര്‍ജെഡിയുടെ നേതൃത്വത്തിള്ള മതനിരപേക്ഷ സഖ്യത്തിന്റെ വിജയമുറപ്പാക്കുക എന്നതാണ് ലീഗ് നിലപാടെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രസ്താവനയില്‍ അറിയിച്ചു.

കേന്ദ്രത്തിലേതു പോലെ ബിഹാറിലെ സര്‍ക്കാറും മതന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന നയപരിപാടികളാണ് നടപ്പാക്കുന്നത്. ദലിത്-പിന്നാക്ക-മതന്യൂനപക്ഷങ്ങളുടെ അടക്കം വോട്ടുഭിന്നിച്ച് വീണ്ടും ജെഡിയു-ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുന്നത് തടയുക എന്ന രാഷ്ട്രീയ നിലപാടാണ് മുസ്‌ലിം ലീഗിനുള്ളത്.

മതന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ അധികാര പങ്കാളിത്തം സീറ്റഅ വിതരണത്തില്‍ അടക്കം ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം ഉറപ്പാക്കണം. മുസ്‌ലിംകളാദി പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിന് ഉതകുന്ന നയപരിപാടികള്‍ പ്രകടനപത്രികയില്‍ വയ്ക്കാന്‍ മഹാസഖ്യം തയ്യാറാകണം. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവാണ് ലാലുപ്രസാദ് യാദവ്. രഥയാത്രയുടെ കാലത്ത് രാജ്യം അതു കണ്ടതാണ്- കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

ചെറുകക്ഷികള്‍ മുഖ്യപ്രതിപക്ഷത്തിനെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജെഡിയു-ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പാക്കുന്നത് രാഷ്ട്രീയ മണ്ടത്തരമാണ്. ഭിന്നിച്ചുള്ള മത്സരം ഗുണം ചെയ്യുക ബിജെപിക്കാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Test User: