X

കുട്ടിയുടെ കൈപ്പിഴക്ക് കുറ്റം മുസ്‍ലിം അധ്യാപകർക്ക്; ലൗ ജിഹാദ് ആരോപിച്ച് 3 അധ്യാപകർക്ക് സസ്പെൻഷൻ

ഹിന്ദു വിദ്യാര്‍ഥിനിയുടെ ടി.സിയില്‍ മതത്തിന്റെ കോളത്തില്‍ ഇസ്‌ലാം എന്ന് രേഖപ്പെടുത്തിയത് ലൗ ജിഹാദിന്റെ ഭാഗമാണെന്നാരോപിച്ച് കോട്ട ജില്ലയിലെ ഗവ. സ്‌കൂളിലെ മൂന്ന് മുസ്‌ലിം അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്ത നടപടി വിവാദമാകുന്നു. ഫിറോസ് ഖാന്‍, മിര്‍സ മുജാഹിദ്, ഷബാന എന്നീ അധ്യാപകരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാറിന്റെ വര്‍ഗീയ നടപടിക്കെതിരെ വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തി. ഫോം പൂരിപ്പിക്കുമ്പോള്‍ മതം രേഖപ്പെടുത്തേണ്ട കോളത്തില്‍ വിദ്യാര്‍ഥിനിക്ക് തന്നെ സംഭവിച്ച കൈപ്പിഴയാണ് ഒരന്വേഷണവും കൂടാതെ സ്‌കൂളിലെ മുസ്‌ലിം അധ്യാപകരുടെ തലയിലിട്ടതെന്ന് ‘ദ വയര്‍’ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

2019ല്‍നടന്ന ഈ സംഭവത്തില്‍ ഈ അധ്യാപകര്‍ക്കുള്ള ബന്ധം തെളിയിക്കാന്‍ പോലും വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇതില്‍ ഷബാനയാകട്ടെ, 3 മാസം മുമ്പാണ് ഈ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട 3 അധ്യാപകരെയും തിരിച്ചെടുക്കും വരെ തങ്ങള്‍ സ്‌കൂളില്‍ വരില്ലെന്ന് വ്യക്തമാക്കി ജാതിമത ഭേദമന്യേ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലാണ്.

സര്‍വ ഹിന്ദു സമാജ് എന്ന ഹിന്ദുത്വ സംഘടനയുടെ പരാതിയെ തുടര്‍ന്നാണ് അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഹിന്ദു വിദ്യാര്‍ത്ഥികളെ നമസ്‌കരിക്കാനും ഇസ്ലാമിലേക്ക് മതംമാറ്റാനും മൂന്ന് മുസ്‌ലിം അധ്യാപകര്‍ നിര്‍ബന്ധിക്കുന്നതായും ചില നിരോധിത ‘ജിഹാദി സംഘടനകളുമായി’ ഇവര്‍ക്ക് ബന്ധമുണ്ടെന്നും ആരോപിച്ച് സംഘടന ഫെബ്രുവരി 20ന് വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവറിന് പരാതി നല്‍കുകയായിരുന്നു. ഉടനടി ഫിറോസ് ഖാന്‍, മിര്‍സ മുജാഹിദ് എന്നീ അധ്യാപകരെ സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രി ഉത്തരവിട്ടു. അധ്യാപികയായ ഷബാനക്കെതിരെ അച്ചടക്കനടപടിയും സ്വീകരിച്ചു.

‘കോട്ട സംഗോഡ് പഞ്ചായത്തിലെ ഖജൂരി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരു ഹിന്ദു പെണ്‍കുട്ടിയുടെ മതം ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റില്‍ ഇസ്‌ലാം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മതപരിവര്‍ത്തന, ലവ് ജിഹാദ് ഗൂഢാലോചനയുടെ ഭാഗമാണിത്. ഹിന്ദു പെണ്‍കുട്ടികളെ അവിടെ നമസ്‌കരിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്.

ഇത് എന്റെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചു. ഫിറോസ് ഖാന്‍, മിര്‍സ മുജാഹിദ് എന്നീ 2 അധ്യാപകരെ തുടര്‍ നടപടിക്കായി സസ്പെന്‍ഡ് ചെയ്തു. ഷബാനയ്ക്കെതിരെ കേസെടുത്തു. വിശദമായ അന്വേഷണത്തിന് ശേഷം ഞാന്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ആവശ്യമെങ്കില്‍ ഞാന്‍ അവരെ പിരിച്ചുവിടും’ -എന്നാണ് ഇതുസംബന്ധിച്ച് മന്ത്രി ദിലാവര്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞത്.

തീവ്ര ഹിന്ദുത്വ സംഘനയുടെ പരാതി കിട്ടിയ ഉടന്‍ പ്രാഥമിക അന്വേഷണം പോലുമില്ലാതെയാണ് മന്ത്രി ശിക്ഷാ നടപടി സ്വീകരിച്ചത്. കടുത്ത ആര്‍എസ്എസ് പശ്ചാത്തലമുള്ള മന്ത്രി തന്റെ ഹിന്ദുത്വ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാനാണ് ഇഉത്ര തിടുക്കത്തില്‍ നടപടി സ്വീകരിച്ചതെന്ന് ദ ക്വിന്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ശരിയായ അന്വേഷണമില്ലാതെ മുസ്‌ലിം അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തത് പ്രതിഷേധാര്‍ഹമാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.

ആരോപണങ്ങള്‍ നിഷേധിച്ച് സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും

മുസ്‌ലിം അധ്യാപകര്‍ക്കെതിരായ ആരോപണങ്ങള്‍ സഹപ്രവര്‍ത്തകരും പ്രദേശത്തെ ഭൂരിഭാഗം ആളുകളും തള്ളിക്കളഞ്ഞു. ഈ അധ്യാപകര്‍ക്കെതിരെ ആരോപിക്കപ്പെട്ട കാര്യങ്ങള്‍ കേട്ടുകേള്‍വിയില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്ന് സ്‌കൂളിലെ ജീവനക്കാരും സ്‌കൂള്‍ മാനേജ്മെന്റ് വികസന കമ്മിറ്റി അംഗങ്ങളും സ്ഥിരീകരിച്ചു.

സ്‌കൂളിലെ 15 അധ്യാപകരില്‍ നടപടി നേരിട്ട മൂന്ന് പേര്‍ മാത്രമാണ് മുസ്‌ലിംകള്‍. മന്ത്രിയുടെയും ഹിന്ദുത്വ സംഘടനയുടെയും ആരോപണങ്ങള്‍ ഹിന്ദുക്കളായ ബാക്കി 12 അധ്യാപകരും നിഷേധിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപകര്‍ നമസ്‌കാരം, ലൗ ജിഹാദ്, മതപരിവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന് അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പിന് അയച്ച പ്രത്യേക കത്തില്‍ വ്യക്തമാക്കി.

മുസ്‌ലിം അധ്യാപകരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങി. അധ്യാപകരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച ശേഷം മാത്രമേ സ്‌കൂളില്‍ പോകൂ എന്ന് ഇവര്‍ പറയുന്ന വിഡിയോ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

‘ഞങ്ങളുടെ അധ്യാപകരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച ശേഷം മാത്രമേ ഞങ്ങള്‍ പഠിക്കാന്‍ പോകൂ. ഞങ്ങളുടെ അധ്യാപകരെ എന്ത് വിലകൊടുത്തും തിരികെ കൊണ്ടുവരണം’ -വിദ്യാര്‍ഥികള്‍ പറയുന്നു. ഫെബ്രുവരി 26ന് ഖജൂരി ഗ്രാമത്തിലെ നിരവധി വിദ്യാര്‍ത്ഥികള്‍ സസ്പെന്‍ഷനെതിരെ സാംഗോഡ് ടൗണിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

അധ്യാപകര്‍ക്കെതിരെ കള്ളമൊഴി നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയ ഹിന്ദുത്വ സംഘടന തങ്ങളെ നിര്‍ബന്ധിച്ചതായി ചില വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. സസ്പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപകര്‍ സ്‌കൂളില്‍ നമസ്‌കരിക്കാറുണ്ടായിരുന്നുവെന്ന് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ച വിദ്യാര്‍ഥി, അധ്യാപകരെ കള്ളക്കേസില്‍ കുടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതാണെന്ന് പിന്നീട് വ്യക്തമാക്കി.

അധ്യാപകര്‍ക്കെതിരെ പരാതിയില്ലെന്നും അവരെ ഉടന്‍ തിരിച്ചെടുക്കണമെന്നും ഈ കുട്ടി ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണ് വിദ്യാഭ്യാസമന്ത്രി നടത്തുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും മുസ്‌ലിം സംഘടനകളും ആരോപിച്ചു. ജയ്പൂരിലെ സ്‌കൂളുകളില്‍ തട്ടം നിരോധിച്ചതിനും രാജസ്ഥാനിലുടനീളമുള്ള സ്‌കൂളുകളില്‍ സൂര്യ നമസ്‌കാരം നിര്‍ബന്ധമാക്കിയതിനും പിന്നാലെയാണ് പുതിയനീക്കം.

മന്ത്രി ദിലാവര്‍ നേരത്തെ ക്രിസ്ത്യന്‍ സ്‌കൂളുകളെ ലക്ഷ്യമിട്ടു

കോട്ടയിലെ ഇമ്മാനുവല്‍ മിഷന്‍ ഇന്റര്‍നാഷണല്‍ (ഇഎംഐ) എന്ന ക്രിസ്ത്യന്‍ സംഘടനയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറ്റെടുക്കാന്‍ 2006-ല്‍ സാമൂഹ്യക്ഷേമ മന്ത്രിയായിരിക്കെ ദിലാവര്‍ നടത്തിയ ശ്രമം വിവാദമായിരുന്നു. ഇഎംഐ സ്‌കൂളുകളും സൊസൈറ്റികളും മതപരിവര്‍ത്തന കേന്ദ്രങ്ങളാണെന്ന് ആരോപിച്ചായിരുന്നു നടപടി. രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചെങ്കിലും പിന്നീട് രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിലൂടെ അവ പുനഃസ്ഥാപിച്ചു.

 

webdesk13: