X

മുസ്‌ലിം യൂത്ത്‌ലീഗ് സമ്മേളനത്തിന് ഇന്ന് കൊടി ഉയരും

കോഴിക്കോട്: മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് കടപ്പുറത്ത് ഇന്ന് കൊടി ഉയരും. നാളെ തുടക്കമാവുന്ന ത്രിദിന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, സെമിനാറുകള്‍, പൂര്‍വ നേതൃ സംഗമം തുടങ്ങിയവ നടക്കും. സംസ്ഥാനത്തിന് അകത്തും പുറത്തും ‘രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക’ എന്ന പ്രമേയത്തില്‍ നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെയും ചര്‍ച്ചകളുടെയും പരിസമാപ്തി കുറിച്ച് 12ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാസമ്മേളനത്തില്‍ രണ്ടു ലക്ഷം യുവാക്കളും പൊതുജനങ്ങളും അണിചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലിയും ജനറല്‍ സെക്രട്ടറി സി.കെ സുബൈറും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഫാസിസ്റ്റ് ഭരണകൂടം രാജ്യത്തിന്റെ വൈവിധ്യങ്ങളെയും മതേതരത്വത്തെയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണ്. എല്ലാ വിഭാഗങ്ങള്‍ക്കും തങ്ങളുടെ സ്വത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. അത് ഇല്ലാതാക്കാനാണ് ഫാസിസ്റ്റ് ശ്രമം. ഇതിനെതിരെ യുവാക്കളും വിദ്യാര്‍ത്ഥികളും ഉയര്‍ത്തുന്ന പ്രതിഷേധം ആശാവഹമാണ്. ദളിത്-മുസ്‌ലിം ഐക്യത്തിന്റെ, പ്രത്യാശയുടെ കിരണങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സമ്മേളനം യുവത്വത്തിന്റെ ജാഗ്രതയും മുന്നേറ്റവും അടയാളപ്പെടുത്തും.
ഇന്ന് വൈകിട്ട് മൂന്നു മണിക്ക് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. നാളെ രാവിലെ 10ന് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് എം.പി ഉദ്ഘാടനം ചെയ്യും. ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ‘കാലം: 2012 – 2016’ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ട്രഷറര്‍ പി.കെ.കെ ബാവ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.വി. അബ്ദുള്‍ വഹാബ് എം.പി, കെ.എം ഷാജി എം.എല്‍.എ, കെ.എ.എം മുഹമ്മദ് അബൂബക്കര്‍ എം.എല്‍.എ (തമിഴ്‌നാട്), അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, അഡ്വ. നൂര്‍ബീന റഷീദ്, മിസ്ഹബ് കീഴരിയൂര്‍ സംസാരിക്കും. തുടര്‍ന്ന് ഫാസിസവും ദേശീയതയും എന്ന വിഷയത്തില്‍ ഫ്രണ്ട്‌ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവരും മതവും ബഹുസ്വരതയും എന്ന വിഷയത്തില്‍ പ്രൊഫ. എ.കെ രാമകൃഷ്ണന്‍ (സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്) കെ.എം ഷാജി എം.എല്‍.എയും പരിസ്ഥിതിയും വികസനവും എന്ന വിഷയത്തില്‍ ഡോ. ടി.ടി. ശ്രീകുമാര്‍ (മുദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍സ് അഹമ്മദാബാദ്), അഡ്വ. കെ.എന്‍.എ ഖാദര്‍ എന്നിവരും ഏകീകൃത സിവില്‍കോഡും ലിംഗ സമത്വവും എന്ന വിഷയത്തില്‍ കെ.കെ ബാബുരാജ്, അഭിലാഷ് ജി രമേശ് (റിസര്‍ച്ച് സ്‌കോളര്‍, ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ജെ.എന്‍.യു) എം.ഐ തങ്ങള്‍ എന്നിവരും ന്യൂനപക്ഷ രാഷ്ട്രീയം – സാധ്യതകള്‍ എന്ന വിഷയത്തില്‍ എം.എല്‍.എമാരായ ഡോ.എം.കെ. മുനീര്‍, ടി.എ അഹമ്മദ് കബീര്‍ എന്നിവരും സംസാരിക്കും. വൈകിട്ട് ഏഴിന് ഇശല്‍ പൈതൃകവും അരങ്ങേറും.

chandrika: