X

മസൂദ് അസ്ഹറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ ഇന്ത്യക്ക് പ്രതിഷേധം

ന്യൂയോര്‍ക്ക്: പാകിസ്താന്‍ ആസ്ഥാനമായ ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍പെടുത്തുന്ന കാര്യത്തില്‍ തീരുമാനം വൈകുന്നതിനെതിരെ ഐക്യരാഷ്ട്ര രക്ഷാസമിതിയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. സാങ്കേതികതയുടെ പേരു പറഞ്ഞ് അസ്ഹറിനെതിരായ നടപടി വൈകിക്കുന്നത് ഉചിതമല്ലെന്ന് രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.

‘സുരക്ഷാ സമിതി അവരുടേതായ രാഷ്ട്രീയത്തിലാണ് തട്ടി നില്‍ക്കുന്നത്. യു.എന്‍ തന്നെ ഭീകരകേന്ദ്രങ്ങളായി കാണുന്ന മേഖലകളിലെ ഭീകരരെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഒമ്പത് മാസത്തെ സമയം വേണ്ടിവന്നു എന്നത് നിരാശാജനകമായ കാര്യമാണ്. ഇനി അത് അനുവദിക്കാനാവില്ല.
രക്ഷാസമിതിയുടെ പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ എങ്ങുമെത്താതെ തുടരുകയാണ്. നിലവിലെ ആഗോള സ്ഥിതി അനുസരിച്ച് ഇത് അംഗീകരിക്കാനാവില്ല’- അക്ബറുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി. സിറിയ അടക്കമുള്ള രാജ്യങ്ങളിലെ സുരക്ഷ സംബന്ധിച്ച കാര്യത്തിലും നടപടി എടുക്കാതെ യു.എന്‍ ഒളിച്ചു കളിക്കുകയാണ്. തെക്കന്‍ സുഡാനിലെ സമാധാനദൗത്യത്തിലും ഇതു തന്നെയാണ് സ്ഥിതി.
ഇവിടങ്ങളില്‍ വേണ്ട നടപടിയെടുക്കാന്‍ മാസങ്ങളായിട്ടും യു.എന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മസൂദിനെ ഭീകര പട്ടികയില്‍ ഉള്‍പെടുത്തണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നതാണെങ്കിലും ചൈനയുടെ എതിര്‍പ്പ് യു.എന്നിന് വിഘാതമാകുകയാണ്്. മസൂദ് അസ്ഹറിന് ഉപരോധം ഏര്‍പ്പെടുത്താന്‍ മതിയായ തെളിവുകള്‍ ഇല്ല എന്നാണ് ചൈനയുടെ നിലപാട്.

chandrika: