X

മുത്തലാഖ്  ബില്‍; പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ ബി.ജെ.പിയുടെ കരുനീക്കം

New Delhi: A view of the Rajya Sabha in New Delhi on Friday. PTI Photo / TV GRAB (PTI12_18_2015_000045B)

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട വിവാദ ബില്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കുന്നതിന് പ്രതിപക്ഷ എം.പിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ കഠിന പ്രയത്‌നവുമായി ബി.ജെ.പി. മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള കരുനീക്കം നടക്കുന്നത്.

സര്‍ക്കാറിന് മികച്ച ഭൂരിപക്ഷമുള്ളതിനാല്‍ ലോക്‌സഭയില്‍ ബില്‍ എളുപ്പത്തില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായതിനാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. പല പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ച്. മുത്തലാഖ് സംബന്ധിച്ച നിയമ നിര്‍മാണത്തെ ഭൂരിഭാഗം കക്ഷികളും അനുകൂലിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിലെ വ്യവസ്ഥകളോടാണ്് പ്രധാന എതിര്‍പ്പ്. മുത്തലാഖിനെ ക്രിമിനല്‍ കുറ്റമായി വ്യാഖ്യാനിക്കുന്നതിലാണ് പ്രധാന എതിര്‍പ്പ്. മുത്തലാഖില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരെ ഒരേ സമയം ജയിലില്‍ അടക്കാനും വിവാഹ മോചിതയായ ഭാര്യക്ക് ജീവനാംശം നല്‍കാനും ബാധ്യസ്ഥമാക്കുന്ന ബില്ലിലെ നിര്‍ദേശവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ജയിലില്‍ പോകുന്ന ആള്‍ എങ്ങനെ ജീവനാംശം നല്‍കുമെന്ന ചോദ്യമാണ് ഉയരുന്നത്.

വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നിട്ടുള്ളതെന്ന് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ എന്‍.സി.പി അംഗം മജീദ് മേമന്‍ ആരോപിച്ചിരുന്നു. വിവാഹം സിവില്‍ കരാറിന്റെ പരിധിയില്‍ ആണ് വരുന്നതെന്നിരിക്കെ, ഇതിന്റെ ലംഘനം എങ്ങനെ ക്രിമിനല്‍ കുറ്റമായി മാറുമെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇനി മറ്റൊരു നിയമത്തിന്റെ ആവശ്യമില്ല. ഒരാള്‍ മൂന്നു ത്വലാഖല്ല, പത്തു ലക്ഷം ത്വലാഖ് ഒരുമിച്ചു ചൊല്ലിയാലും വിവാഹബന്ധം മുറിയില്ല. വിവാഹ ബന്ധം മുറിയില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഇത് കുറ്റകൃത്യമായി മാറുന്നതെന്നും അദ്ദേഹം ചോദിച്ചു.

ബില്ലിലെ വ്യവസ്ഥകള്‍ അസ്വീകാര്യം സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

തലാഖ് ഇ ബിദത്ത്(മൂന്നു ത്വലാഖും ഒരുമിച്ചു ചൊല്ലുന്നത്) ക്രിമിനല്‍ കുറ്റമായി വ്യവസ്ഥ ചെയ്യുന്ന മുസ്്‌ലിം സ്ത്രീകളുടെ വിവാഹ അവകാശ ബില്‍ 2017 വ്യാഴാഴ്ച്ച കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പ് മറികടന്ന് ബില്ലിന് നേരത്തെ ലോക്‌സഭ അംഗീകാരം നല്‍കിയിരുന്നു. നടപ്പു സമ്മേളനത്തില്‍ തന്നെ ഇരു സഭകളിലും ബില്‍ പാസാക്കിയെടുക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് ശീതകാല സമ്മേളനം സമാപിക്കാന്‍ മൂന്നു ദിവസം മാത്രം ശേഷിക്കെ, ബില്‍ ഇന്ന് രാജ്യസഭയില്‍ വെക്കുന്നത്.

ഇതിനിടെ ബില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ശക്തമാണ്. വിവിധ കക്ഷികള്‍ ഇന്നലെ തന്നെ രാജ്യസഭയില്‍ ഇക്കാര്യം ഉന്നയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനു പിന്നിലെ ഗൂഢലക്ഷ്യം തുറന്നു കാട്ടി മുസ്്‌ലിംലീഗ് നേരത്തെ തന്നെ പാര്‍ലമെന്റിനകത്തും പുറത്തും നിലപാട് വ്യക്തമാക്കിയിരുന്നു. സമാന നിലപാടുമായി കൂടുതല്‍ കക്ഷികള്‍ രംഗത്തുവന്നു. മുത്തലാഖ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അമിത താല്‍പര്യത്തിന്റെയും അനാവശ്യ ധൃതിയുടെയും ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്താണ് എസ്.പി, ബി.എസ്.പി, എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ, സി.പി.ഐ, സി.പി.എം, ബി.ജെ.ഡി തുടങ്ങിയ കക്ഷികള്‍ രംഗത്തെത്തിയത്. ഇതില്‍ എ.ഐ.എ.ഡി.എം.കെയും ബി.ജെ.ഡിയും ലോക്‌സഭയിലും ബില്ലിനെ എതിര്‍ത്തിരുന്നു. വര്‍ക്കിങ് പ്രസിഡണ്ട് എം.കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന ഡി.എം.കെ എം.പിമാരുടെ യോഗത്തിലാണ് ബില്ലിനെ എതിര്‍ക്കാന്‍ ധാരണയായത്.

രാജ്യസഭയില്‍ കോണ്‍ഗ്രസും ബില്‍ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ഉന്നയിക്കുമെന്നാണ് സൂചന. നിലപാട് രൂപീകരിക്കുന്നതിന്റെ ഭാഗമായി രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ് ഇന്നലെ പ്രതിപക്ഷ എം.പിമാരുടെ യോഗം വിളിച്ചിരുന്നു. ബില്‍ സംബന്ധിച്ച് രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പാര്‍ട്ടി പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരി പറഞ്ഞു.
രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ നിയമം നിര്‍മിക്കുമ്പോള്‍ എന്തിനാണ് ഇത്ര തിടുക്കം കാട്ടുന്നതെന്നായിരുന്നു സി.പി.ഐ നേതാവ് ഡി. രാജയുടെ ചോദ്യം. അതേസമയം ജനസംഖ്യയുടെ 30 ശതമാനം മുസ്്‌ലിംകളുള്ള പശ്ചിമബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് വിഷയത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബില്ലിനെ മുസ്്‌ലിം സ്ത്രീകള്‍ അനുകൂലിക്കുകയും പുരുഷന്മാര്‍ എതിര്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ പ്രത്യേക നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് തൃണമൂല്‍ എം.പി പറഞ്ഞു.

chandrika: