X

രാജ്യം അപകടാവസ്ഥയിലെന്ന് ആന്റണി

ന്യൂഡല്‍ഹി: രാജ്യം അപകടാവസ്ഥയിലാണെന്ന് മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. രാജ്യത്ത് തുടര്‍ച്ചയായുണ്ടാവുന്ന ഭീകരാക്രമണങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ വീഴ്ചയാണ് പുറത്തുകാട്ടുന്നത്. പത്താന്‍കോട്ട്, ഉറി ആക്രമണങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒരു പാഠവും പഠിച്ചിട്ടില്ല. പത്താന്‍ക്കോട്ട് ഭീകരാക്രമണത്തിന് ശേഷവും സുരക്ഷാവീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ അവഗണിച്ചെന്നും എ.കെ ആന്റണി കുറ്റപ്പെടുത്തി.

റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി എടുത്തിരുന്നെങ്കില്‍ ഉറിയും നഗ്രോഡയും സംഭവിക്കില്ലായിരുന്നു. എന്നാല്‍ വീമ്പു പറച്ചില്‍ മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്ന ഏക നടപടി. മോദി സര്‍ക്കാര്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ കുറിച്ച് വീമ്പു പറച്ചില്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. മേനി പറയുന്നതിന് പകരം പാക് സൈന്യത്തിന്റെയും തീവ്രവാദികളുടെയും ആക്രമണം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുയാണ് സര്‍ക്കാര്‍ വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൈനികരുടെ ജീവന്‍ വെച്ച് പന്താടരുത്. യു.പി.എ സര്‍ക്കാരിന്റെ കാലത്തും മൂന്ന് തവണ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ട്. എന്നാല്‍ ഞങ്ങളാരും അത് പസ്യപ്പെടുത്തുകയോ കൊട്ടിഘോഷിക്കുകയോ ചെയ്തിട്ടില്ല, ആന്റണി പറഞ്ഞു. സര്‍ജിക്കല്‍ സ്ട്രൈക്കിനു ശേഷമുള്ള സര്‍ക്കാറിന്റെ അമിത ആത്മവിശ്വാസം രാജ്യത്തിന് തിരിച്ചടിയായെന്നും സ്ട്രൈക്കിന് ശേഷം 25 ഓളം സൈനികരെ ഭീകരര്‍ വധിച്ചെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

chandrika: