X

ഭീകരാക്രമണത്തെ ചൊല്ലി ഇരുസഭകളിലും ബഹളം; പ്രധാനമന്ത്രിയുടെ വിശദീകരണം വേണം

ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ വിഷയത്തിലും ജമ്മു കശ്മീരിലെ നഗ്രോട്ടയില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെടാനിടയായ തീവ്രവാദി ആക്രമണത്തിലും പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം ബഹളത്തില്‍ ഇരുസഭകളും മുങ്ങി. ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹാജരായെങ്കിലും നഗ്രോട്ട ആക്രമണത്തിലും നോട്ട് നിരോധനത്തിലും മോഡി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സഭ പിരിയുകയായിരുന്നു.

നോട്ട് നിരോധനം അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കിയെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അവകാശവാദത്തിന് തൊട്ടുപിന്നാലെയാണ് നഗ്രോട്ടയില്‍ ആക്രമണം നടന്നത്. ഇതില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മോദി മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. നഗ്രോട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും പ്രദേശത്ത് സൈനിക നടപടി തുടരുന്നതിനാല്‍ അത് പൂര്‍ത്തിയായ ശേഷം മതി ആദരാഞ്ജലി അര്‍പ്പിക്കലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയതോടെ സഭാ പ്രവര്‍ത്തനങ്ങള്‍ ഇന്നും മുടങ്ങി.

രാജ്യസഭയിലും ഇതേ വിഷയം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് രാജ്യത്ത് 82 പേര്‍ ക്യൂ നിന്ന് മരണമടഞ്ഞ വിഷയം രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഉന്നയിച്ചു. പ്രതിരോധ മന്ത്രി സഭയില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. സൈനികര്‍ ഭീകരാക്രമണത്തിലും പൊതുജനം ക്യൂ നിന്നും മരിക്കുകയാണെന്ന് മായാവതി പറഞ്ഞു. പത്താന്‍കോട്ട്, ഉറി ആക്രമണങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണി വിമര്‍ശിച്ചു. സര്‍ജിക്കല്‍ സ്ട്രൈക്കിനെ പറ്റി വീമ്പുപറയാതെ പാക് ഭീകരാക്രമണം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തില്‍ മൂന്നാം ആഴ്ച്ചയും പാര്‍ലമെന്റ് സ്തംഭിച്ചിരിക്കുകയാണ്. ലോക്സഭയില്‍ വോട്ടെടുപ്പോട് കൂടിയ ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം നോട്ട് നിരോധനത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങിയെങ്കിലും മോദി എത്താത്തതില്‍ പ്രതിഷേധിച്ച് നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ചര്‍ച്ച പുനരാരംഭിച്ചാല്‍ ആവശ്യമെങ്കില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കുമെന്ന നിലപാടില്‍ സര്‍ക്കാറും പ്രധാനമന്ത്രി എത്തിയിട്ട് മതി ചര്‍ച്ചയെന്ന നിലപാടില്‍ പ്രതിപക്ഷവും ഉറച്ചുനില്‍ക്കുകയാണ്.

chandrika: