X

കോഴിക്കോട് കനറാ ബാങ്കുകളില്‍ പണമിടപാട് നിര്‍ത്തിവെച്ചു; കളക്ടറോട് സംരക്ഷണം ആവശ്യപ്പെട്ട് ബാങ്ക്

കോഴിക്കോട്: കോഴിക്കോട് കനറാ ബാങ്ക് ശാഖകളില്‍ പണം വിതരണം നിര്‍ത്തിവെച്ചു.പണമില്ലാത്തതിനെ തുടര്‍ന്നാണ് നടപടി. പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച് ബാങ്ക് കുറിപ്പ് ഇറക്കിയിട്ടുണ്ട്. കറന്‍സി ചെസ്റ്റ് സംവിധാനം വഴിയാണ് കനറാ ബാങ്ക് ശാഖകള്‍ക്ക് പണം എത്തിച്ചിരുന്നത്. എന്നാല്‍ മിക്ക ബ്രാഞ്ചുകളിലും പണമെത്തിക്കാന്‍ സാധിക്കാത്തതാണ് വിതരണം നിര്‍ത്തിവെക്കുന്നതിലേക്ക് ബാങ്കിനെ എത്തിച്ചത്.

അതേ സമയം, കളക്ടര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ബാങ്ക് ആവശ്യപ്പെട്ടു. പണമിടപാട് നിര്‍ത്തിവെച്ചതുമൂലമുള്ള പ്രശ്‌നങ്ങളില്‍ നിന്നും ബാങ്കിനും ജീവനക്കാര്‍ക്കും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കളക്ടറോട് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ 65ശാഖകളാണ് ബാങ്കിനുള്ളത്. ബാങ്കിന്റെ മുന്നില്‍ നൊ കാഷ് എന്ന് എഴുതിയിരിക്കുന്ന പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ട്. നോട്ട് നിയന്ത്രണം ഉണ്ടായിട്ടുപോലും 50ലക്ഷം രൂപ ബാങ്കില്‍ ദിനം പ്രതി ആവശ്യമായി വരാറുണ്ട്. എന്നാല്‍ വെറും പത്തോ പതിനഞ്ചോ ലക്ഷം രൂപ മാത്രമാണ് ബാങ്കില്‍ എത്താറുള്ളത്. ഈ സാഹചര്യം തുടരുന്നതുമൂലം പണപ്രതിസന്ധി രൂക്ഷമായിരിക്കുകയാണിപ്പോള്‍.

ഇന്ന് രാവിലെ കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ കനറാബാങ്കില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് കനറാ ബാങ്കിന്റെ ശാഖകളില്‍ പണമിടപാട് നിര്‍ത്തിവെച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങുന്നത്.

chandrika: