X
    Categories: Video Stories

ഇങ്ങനെയൊരാൾ ഇനി വരാനില്ല…

നജീബ് കാന്തപുരം

2015 സെപ്തംബർ 7 ന്‌ മുസ്ലിം ലീഗിന്റെ ദേശീയ കൗൺസിൽ ചെന്നൈയിൽ സമാപിക്കുകയാണ്‌. അഖിലേന്ത്യാ പ്രസിഡണ്ട്‌ എന്ന നിലയിൽ ഇ.അഹമ്മദ്‌ സാഹിബ്‌ ഉപസംഹാര പ്രസംഗം നടത്തുകയാണ്‌. 
പ്രിയമുള്ള സഹോദരങ്ങളെ,
മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ നിർണ്ണായകമായ ഘട്ടങ്ങൾക്ക്‌ സാക്ഷിയാവാൻ എനിക്ക്‌ അല്ലാഹു അവസരം നൽകിയിട്ടുണ്ട്‌. ഖാഇദേ മില്ലത്തിനെ കാണാൻ, സീതി സാഹിബിന്റെ ശിഷ്യനാവാൻ, സി.എച്ചിന്റെ സഹപ്രവർത്തകനാവാൻ, ശിഹാബ്‌ തങ്ങളുടെ സമകാലികനാവാൻ, സമുദായത്തിന്റെ അഭിമാന സ്തംഭങ്ങളായ നേതാക്കൾക്കൊപ്പം കഴിയാൻ അഞ്ചു പതിറ്റാണ്ടിനിടയിലെ ജീവിതം കൊണ്ടെനിക്ക്‌ കഴിഞ്ഞു. അൽ ഹംദു ലില്ലാഹ്‌ !!!
ആ നേതാക്കളുടെ ആത്മാർത്ഥതയും സത്യ സന്ധതയും സമുദായ സ്നേഹവും കണ്ട്‌ വളർന്ന എനിക്ക്‌ ഒരിക്കൽ പോലും ഒരു മുസ്ലിം ലീഗുകാരനായതിൽ അപമാനം തോന്നിയിട്ടില്ല. എനിക്കെന്റെ പാർട്ടി എന്നും അഭിമാനമായിരുന്നു. വ്യക്തിപരമായി ഒരുപാട്‌ ഉയർച്ചകൾ ഈ പാർട്ടി എനിക്ക്‌ നൽകിയിട്ടുണ്ട്‌. അപ്പോഴൊന്നും ഞാൻ വന്ന വഴി മറന്നിട്ടില്ല. എന്റെ പാർട്ടിക്ക്‌ അവമതിപ്പുണ്ടാക്കുന്നതൊന്നും ഞാൻ ചെയ്തിട്ടില്ല. എനിക്ക്‌ കഴിയാവുന്ന അത്രയുമുയരത്തിൽ ഈ ഹരിത പതാക പറത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്‌. എന്നാലും പോരായ്മകൾ ഉണ്ടാവും. ഒരു മനുഷ്യനെന്ന നിലയിൽ ആ വീഴ്ചകൾ പൊറുക്കുക.
പ്രിയപ്പെട്ടവരെ,
ഇനിയൊരു ദേശീയ കൗൺസിലിനെ അഭിമുഖീകരിക്കാൻ ഞാൻ ഉണ്ടാവുമോ എന്നറിയില്ല. എനിക്കെന്നും എന്റെ പാർട്ടിയായിരുന്നു എല്ലാം. മുസ്ലിം ലീഗ്‌ എന്ന എന്റെ പാർട്ടി. ആ പാർട്ടിയെ നയിച്ച, ഞാൻ കൂടെ പ്രവർത്തിച്ച മഹാരഥന്മാരാരും ഇന്നില്ല. ഞാനും അവരോട്‌ ചേരേണ്ടവനാണ്‌. ഇനിയൊരിക്കൽ ഇത്‌ പറയാൻ ഞാൻ ഉണ്ടായില്ലെന്ന് വരാം. നിങ്ങളൊരിക്കലും ഈ പതാക താഴെ വെക്കരുത്‌. ഇന്ത്യയിലെ മുസ്ലിം സഹോദരങ്ങൾക്ക്‌ വേണ്ടി നമുക്ക്‌ കാത്ത്‌ വെക്കാൻ ഈ പതാകയോളം വലുതായി ഒന്നുമില്ല.
പ്രസംഗത്തിനിടയിൽ അഹമ്മദ്‌ സാഹിബിന്റെ തൊണ്ട ഇടറി. സദസ്സ്‌ വികാര ഭരിതമായി. മൂകമായ ആ വേദിയിൽ അഹമ്മദ്‌ സാഹിബിന്റെ തൊട്ടരികിൽ ജനറൽ സെക്രട്ടറി ഖാദർ മൊയ്തീൻ സാഹിബ്‌. വിതുമ്പിക്കരയുകയാണദ്ദേഹം. നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടക്കുമ്പോൾ സദസ്സിൽ നിന്ന് ഒരാൾ സ്റ്റേജിലേക്ക്‌ ഓടിക്കയറി അഹമ്മദ്‌ സാഹിബിനെ കെട്ടിപ്പിടിച്ച്‌ രണ്ട്‌ കവിളിലും സ്നേഹ ചുംബനം നൽകി.
ഇസ്‌ ഹാഖ്‌ കുരിക്കൾ..
ചെന്നൈ സമ്മേളനത്തിൽ അഹമ്മദ്‌ സാഹിബ്‌ നടത്തിയ ആ വിടവാങ്ങൽ പ്രസംഗം ഇന്നും ഒരു വിങ്ങലോടെ മനസ്സിൽ നിറയുന്നു. 
ആ വലിയ മനുഷ്യൻ ഇനി നമുക്കൊപ്പമില്ല.. 
അടിമുടി മുസ്ലിം ലീഗ്‌ ആയിരുന്ന ഒരാൾ.
എന്റെ കാലത്തിലൂടെ കടന്ന് പോയ ചരിത്ര പുരുഷൻ. ഇനിയൊരാൾ ഇങ്ങനെ വരാനില്ല. മുസ്ലിം ലീഗിൽ ഒരാൾക്കും അഹമ്മദ്‌ സാഹിബാകാനുമാവില്ല. 
അതൊരു ചരടായിരുന്നു. മുസ്ലിം ലീഗിലെ മൂന്ന് കാലങ്ങളെ കോർത്തിണക്കിയ ചരട്‌. 
സീതി സാഹിബിന്റെ കാലത്ത്‌ തുടങ്ങി ,സി.എച്ചിന്റെ കാലത്തിലൂടെ നടന്ന് ,ശിഹാബ്‌ തങ്ങളുടെ കാലവും പിന്നിട്ട്‌ ,ചരിത്രത്തെ നമ്മുടെ കയ്യിലൊരു മുത്ത്‌ മാലയാക്കി തന്ന ചരട്‌. അതിനൊരാവർത്തനമില്ല ഒരിക്കലും. 
നേതാക്കളുടെ നേതാവായിരിക്കുമ്പോഴും ഒരു എം.എസ്‌.എഫ്‌ പ്രവർത്തകനായി ഇറങ്ങി വന്ന ഒരാൾ. ഐക്യ രാഷ്ട്ര സഭയിൽ പ്രസംഗിക്കുമ്പോഴും ചന്ദ്രികയിൽ ഒരു വാർത്ത വരാത്തതിന്‌ കലഹിക്കുന്ന ഒരാൾ. ഇല്ലായ്മയുടെ കാലത്ത്‌ ഒറ്റ ഷർട്ട്‌ കൊണ്ട്‌ ജീവിച്ചതിന്റെ ഓർമ്മയിൽ അഭിരമിച്ച ഒരാൾ. സ്വിസ്സ്‌ ബാങ്കിലാണ്‌ സമ്പാദ്യമെന്ന അടക്കിപറയലുകൾ കേൾക്കുമ്പോഴും ചിരിച്ച്‌ തള്ളി , ജീവിതത്തിലൊരു സമ്പാദ്യവുമില്ലാതെ പടിയിറങ്ങിപ്പോയ ഒരാൾ. 
എന്റെ ജീവിതത്തിലെ പത്ത്‌ പതിനഞ്ച്‌ വർഷം (വിശേഷിച്ചും ചന്ദ്രികക്കാലം) ആ ജീവിതത്തിന്റെ വിരൽ തുമ്പിലൂടെ കടന്ന് പോയെന്നതിനേക്കാൾ വലിയ സമ്പാദ്യമൊന്നുമില്ല.
അതൊരു അക്ഷയ ഖനി ആയിരുന്നു.
അറിവിന്റെ, ഓർമ്മകളുടെ, അനുഭവങ്ങളുടെ. 
കുറിച്ച്‌ വെക്കാൻ പല തവണ തുനിഞ്ഞതാണ്‌. ഇരുന്നതാണ്‌. പക്ഷെ കഴിഞ്ഞില്ല.
തുന്നിച്ചേർക്കണം ജീവിച്ചിരിക്കുന്ന നമ്മൾ. ഇനിയുള്ളൊരു കാലത്തിന്‌ കരുതി വെക്കാൻ. 
ഇനിയില്ല ഇങ്ങനെയൊരാൾ എന്നുറപ്പുള്ളതിനാൽ ഈ ചരമ വാർഷികത്തിൽ അതെങ്കിലും നമുക്ക്‌ ചെയ്യാനാവണം.
ഓർമ്മകൾ കുറവും മറവി കൂടുതലുമാണല്ലോ നമുക്ക്‌.

ചന്ദ്രിക വെബ് ഡെസ്‌ക്‌: