X

ഗാന്ധി കോലത്തിന് നേര്‍ക്ക് വെടി; മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍

അലിഗഡ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി രൂപത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ന്ന സംഭവത്തില്‍ മൂന്ന് ഹിന്ദു മഹാസഭാ നേതാക്കള്‍ അറസ്റ്റില്‍. മഹാത്മഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി കോലത്തിന് നേരെ വെടിയുതിര്‍ത്ത ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ അലിഗഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയടക്കം 13 പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് അലിഗഡ് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് വ്യക്തമാക്കി. ഇതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അലിഗഡ് എസ്എസ്പി ആകാശ് കുല്‍ഹാരി ഇന്ത്യ ടുഡേയോട് പറഞ്ഞു. ഗാന്ധിയുടെ രക്തസാക്ഷിത്വം ആഘോഷിക്കുന്ന വീഡിയോ വലിയ വിവാദമായതോടെയാണ് പൊലീസ് നടപടി.

ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തില്‍ പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയും കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതായി പ്രദര്‍ശിപ്പിക്കുകയും ചെയ്തത്. അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പ്രകോപനപരമായി പെരുമാറിയത്.

ഗാന്ധി രൂപത്തിനു നേരെ വെടിയുതിര്‍ത്ത ഗാന്ധിജിയുടെ രൂപത്തിനു നേരെ വെടിയുതിര്‍ത്തതിനു ശേഷം ഹിന്ദു മഹാസഭ നേതാവും ഗാന്ധി ഘാതകനുമായ നാഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ ഇവര്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്തിരുന്നു. ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ ഗോഡ്‌സെക്ക് മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അറസ്റ്റിന് പുറമെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഗാന്ധി കോലത്തിലേക്ക് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളിലുള്ള മൂന്ന് പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗോഡ്സെക്കു മുമ്പ് ജനിച്ചിരുന്നെങ്കില്‍ മഹാത്മാ ഗാന്ധിജിയെ സ്വന്തം കൈകൊണ്ട് വെടിവെച്ചു കൊല്ലുമായിരുന്നുവെന്ന് പൂജ ശകുന്‍ പാണ്ഡെ നേരത്തെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

പൊലീസ് മറ്റു വിവരങ്ങള്‍ പിന്നാലെ പുറത്ത് വിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, പൂജ ശകുന്‍ പാണ്ഡെയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഹിന്ദു മഹാസഭ പൊലീസിന് കത്ത് നല്‍കിയെന്നും ആകാശ് കുല്‍ഹാരി പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 ശൗര്യ ദിവസ് എന്ന പേരില്‍ ഹിന്ദു മഹാസഭ ആഘോഷിക്കുന്ന പതിവുണ്ട്. എന്നാല്‍ ഗാന്ധിയുടെ രക്തസാക്ഷിത്വം അതേപടി അവതരിപ്പിച്ചുള്ള ആഘോഷം ഇതാദ്യമായാണ്.

chandrika: