X

കപ്പടിക്കാന്‍ കേരളം :ദേശീയ വോളിയില്‍ കേരളാ ടീമുകള്‍ കലാശത്തില്‍ റെയില്‍വേസിനെതിരെ

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അയല്‍ക്കാരായ തമിഴ്‌നാടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തറപറ്റിച്ച് കേരള പുരുഷ ടീം ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തി. തമിഴ്‌നാടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുന്‍ ചാമ്പ്യന്‍മാര്‍ ഫൈനലിലെത്തിയത്. സ്‌കോര്‍ 25-22, 30-28, 25-22. ഇന്ന് നടക്കുന്ന ഫൈനലില്‍ റെയില്‍വേയാണ് കേരളത്തിന്റെ എതിരാളികള്‍. തുല്യ ശക്തികളുടെ പോരാട്ടത്തിനായിരുന്നു ഇന്നലെ കോഴിക്കോട് സാക്ഷ്യം വഹിച്ചത്. പരിചയ സമ്പന്നതയുടെ കരുത്തില്‍ കേരളം തമിഴ്‌നാടിന്റെ യുവ നിരയെ ആദ്യ സെറ്റില്‍ അനായാസം പിടിച്ചു കെട്ടി (25-22). അയല്‍ക്കാരുടെ ചെറിയ വെല്ലുവിളികളെ ക്യാപ്റ്റന്‍ ജെറോമും വിപിനും അജിത്ത്‌ലാലും ചേര്‍ന്ന് പ്രതിരോധിച്ചു. നാല് സര്‍വ്വീസുകള്‍ നഷ്ടപെടുത്തിയ കേരളം ശക്തമായ പ്രതിരോധം സൃഷ്ടിച്ചാണ് ലീഡ് പിടിച്ചത്.

രണ്ടാം സെറ്റില്‍ ശക്തമായ വെല്ലുവിളിയാണ് തമിഴ്‌നാട് ഉയര്‍ത്തിയത്. തുടക്കം മുതല്‍ മുന്നേറിയെങ്കിലും തമിഴ്‌നാടിന്റെ യുവ പോരാളികളെ അഖിന്റെ നേതൃത്വത്തില്‍ തടഞ്ഞിട്ടതോടെ ഒപ്പമെത്തി. ലിബറോ രതീഷിന്റെ മികച്ച സേവുകളും ടീമിനെ മുന്നോട്ട് നയിച്ചു. അജിത്തിന്റെ പറന്നടികളും ലക്ഷ്യം കണ്ടതോടെ തമിഴ്‌നാടിന്റെ പ്രതിരോധമുനയും ഒടിഞ്ഞു. ഒരു ഘട്ടത്തില്‍ 17-18 എന്ന നിലയില്‍ പിന്നിലായതോടെ സമ്മര്‍ദ്ധം കേരളത്തിന്റെ കോര്‍ട്ടിലേക്ക് വഴിമാറിയിരുന്നു. 24-25 എന്ന നിലയില്‍ എത്തിയപ്പോള്‍ ജെറോമും അഖിനും തീര്‍ത്ത പ്രതിരോധമാണ് വീണ്ടും കേരളത്തെ മുന്നോട്ട് നയിച്ചത്. അജിത്തിന്റെ രണ്ട് സ്മാഷുകളും എതിര്‍ കോര്‍ട്ടില്‍ പതിച്ചതോടെ കേരളം വീണ്ടും മുന്നിലെത്തി. പകരക്കാരനായിറങ്ങിയ അബ്ദുല്‍ റഹീമും രോഹിത്തും തമിഴ്‌നാടിന്റെ അറ്റാക്കിംഗിന് തടയിട്ടതോടെ രണ്ടാം സെറ്റും കേരളം സ്വന്തമാക്കി (30-28).

മികച്ച സ്മാഷുകള്‍ ഗ്രൗണ്ടില്‍ പതിച്ചതോടെ തിങ്ങി നിറഞ്ഞ ഗാലറിയും ആവേശത്തിലായി. ക്യാപ്റ്റന്‍ ആനന്ദരാജും കെ പ്രവീണ്‍കുമാറും തിളങ്ങിയെങ്കിലും കേരളത്തിന്റെ പരിചയ സമ്പന്നതക്ക് മുന്നില്‍ പലപ്പോഴും തട്ടിയില്ലാതായി.മൂന്നാം സെറ്റില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും തമിഴ്‌നാടിനെതിരെ ആക്രമണ പരമ്പര തീര്‍ത്ത് ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു ആതിഥേയര്‍. മൂന്നാം സെറ്റില്‍ തമിഴ്‌നാടിനെ നിലം തൊടാന്‍ സീനിയര്‍ താരം രോഹിത്ത് അനുവദിച്ചില്ല. കൂടെ അജിത്തും വന്നതോടെ കേരളം എളുപ്പത്തില്‍ മുന്നിലെത്തി. ഇന്റര്‍നാഷണല്‍ താരം വിപിന്റെ കനത്ത സ്മാഷോടെ കേരളം സെറ്റും മത്സരവും സ്വന്തമാക്കി (25-22).ഇന്ന് വൈകീട്ട് നടക്കുന്ന ഫൈനലില്‍ കേരള പുരുഷന്‍മാര്‍ റെയില്‍വേയെ നേരിടും.

കഴിഞ്ഞ ദിവസം കേരള വനിതാ ടീമും തമിഴ്‌നാടിനെ തോല്‍പിച്ച് ഫൈനലിലെത്തിയിരുന്നു. വനിതകള്‍ക്കും എതിരാളികള്‍ റെയില്‍വേയാണ്. ഇരട്ട കിരീടം ലക്ഷ്യമിട്ട് ഇന്ന് കേരള ടീമുകള്‍ കോഴിക്കോടിന്റെ മണ്ണില്‍ പുതു ചരിത്രം രചിക്കുമെന്ന പ്രതീക്ഷയിലാണ് വോളിബോള്‍ പ്രേമികള്‍. തുടര്‍ച്ചയായി ഒന്‍പത് തവണ ഫൈനലില്‍ റെയില്‍വേയോട് തോറ്റ കേരള വനിതകള്‍ മധുര പ്രതികാരത്തിനായി കാത്തിരിക്കുകയാണ്. പുരുഷ വി’ാഗത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തിന് കിരീടത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നുമില്ല. അബ്ദുല്‍ നാസറിന്റെ ശിക്ഷണത്തില്‍ ടീം മികച്ച ഫോമിലുമാണ്.സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 9 മണിക്ക് നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ തമിഴ്‌നാടും മഹരാഷ്ട്രയെ നേരിടും. 11 മണിക്ക് പുരുഷന്‍മാരുടെ വി’ാഗത്തില്‍ തമിഴ്‌നാട് സര്‍വ്വീസസിനെയും നേരിടും. വനിതാ ഫൈനല്‍ വൈകീട്ട് 3 മണിക്കും പുരുഷന്‍മാരുടെ ഫൈനല്‍ അഞ്ച് മണിക്കും നടക്കും.

chandrika: