X

മയക്കുമരുന്ന് കേസ് ആരുടെയൊക്കെ തലക്കു നേര്‍ക്കു വരും? ബോളിവുഡിനെ ചുറ്റി എന്‍സിബി, പിന്നില്‍ സംശയങ്ങളും

 

നടന്‍ സുശാന്ത് സിങ്ങിന്റെ മരണത്തെ തുടര്‍ന്നുള്ള അന്വേഷണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസ് നടി ദീപിക പദുകോണില്‍ വരെ ചെന്നു നില്‍ക്കുകയാണ്. ദീപിക, സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ് തുടങ്ങിയ പ്രമുഖ നടിമാരിലേക്ക് മയക്കുമരുന്ന് കേസിന്റെ അന്വേഷണം നീണ്ടതോടെ ബോളിവുഡ് ആകെ ഞെട്ടലിലാണ്.

ബോളിവുഡ് നടി റിയ ചക്രവര്‍ത്തിയില്‍ നിന്നാണ് മയക്കുമരുന്ന് അന്വേഷണത്തിന്റെ തുടക്കം. ഇതില്‍ പിടിച്ചു കയറിയുള്ള നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം പല തലങ്ങളിലേക്ക് വ്യാപിച്ചു. ദീപിക പദുകോണും ശ്രദ്ധ കപൂറുമടക്കമുള്ള വന്‍ താരങ്ങള്‍ ഹാഷിഷ് പോലെയുള്ള ലഹരി മരുന്നുകള്‍ ചോദിച്ച് ചാറ്റിങ് നടത്തിയെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ദീപികയെയും സാറ അലി ഖാനെയും നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍സിബി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു മരണവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ അന്വേഷണത്തിന്റെ കരുക്കള്‍ ഏതൊക്ക തലങ്ങളിലേക്ക്, ആരുടെയൊക്കെ തലക്കു നേര്‍ക്ക് വരുമെന്നതിനെപ്പറ്റിയാണ് ബോളിവുഡ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ആ ഒരു അങ്കലാപ്പ് ബോളിവുഡ് സെലിബ്രിറ്റികളെ ആകെ ഗ്രസിച്ചിട്ടുണ്ട്.

അതേസമയം ദീപിക പദുകോണിനെയടക്കം ഈ കേസിലേക്ക് വലിച്ചിഴച്ചതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലിന്റെ ഇരയായി ദീപികയെ മാറ്റുകയാണോ എന്ന സംശയവും ഉയരുന്നു. പൗരത്വ നിയമ ഭദഗതിക്കെതിരെ ഏറ്റവും ശക്തമായി നിലകൊണ്ട ബോളിവുഡ് താരമായിരുന്നു ദീപിക പദുകോണ്‍. പ്രതിഷേധത്തിന്റെ കൊടുമ്പിരി കണ്ട ജെഎന്‍യുവിലെത്തി വിദ്യാര്‍ഥികളെ പങ്കു കൊണ്ട് പിന്തുണച്ച താരമാണ് അവര്‍. അതുകൊണ്ടു തന്നെ ഇതൊരു മയക്കുമരുന്നു വേട്ടയല്ല, അതിന്റെ മറവിലുള്ള ദീപിക വേട്ടയാണെന്ന വാദം നിരവധി പേര്‍ ഉയര്‍ത്തുന്നു.

ജെഎന്‍യുവിലെ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ദീപികയുടെ ചിത്രം ഛപക് ബഹിഷ്‌കരിക്കാന്‍ സംഘപരിവാര്‍ ആഹ്വാനമുണ്ടായി. അതാണ് അവര്‍ക്കെതിരെയുള്ള ബിജെപിയുടെ ആദ്യത്തെ പ്രഹരം. പിന്നാലെ അവര്‍ നിരന്തരം ക്രൂശിക്കപ്പെട്ടു. ഇപ്പോള്‍ എന്‍സിബി അവരെ ചോദ്യം ചെയ്യാനും വിളിപ്പിച്ചിരിക്കുന്നു.

അതിനിടെ, ഫാഷന്‍ ഡിസൈനര്‍ സിമോണെ ഖംബാട്ട, സുശാന്തിന്റെ മാനേജര്‍ ശ്രുതി മോദി, ടി.വി. താരങ്ങളായ അഭിഗെയ്ല്‍, ഭാര്യ സനം ജോഹര്‍ തുടങ്ങിയവര്‍ വ്യാഴാഴ്ച ചോദ്യംചെയ്യലിന് ഹാജരായി. നാല് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ സിമോണെയെ ഉച്ചയോടെ വിട്ടയച്ചു. അഭിഗെയ്‌ലിന്റെ വീട്ടില്‍ എന്‍.സി.ബി. നടത്തിയ റെയ്ഡില്‍ ചരസും പിടിച്ചെടുത്തു.

നേരത്തെ സമന്‍സ് ലഭിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട നടി രാകുല്‍ പ്രീത് സിങ്ങിനെയും വെള്ളിയാഴ്ച ചോദ്യംചെയ്യുമെന്ന് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാകുല്‍ പ്രീത് സിങ്ങിന് കഴിഞ്ഞ ദിവസം തന്നെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയതാണെന്നും അവരെ ഫോണിലടക്കം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

 

web desk 1: