X

തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍.സി.പി; സി.പി.എമ്മില്‍ ഭിന്നത

തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ പിന്‍ഗാമിയായി തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ എന്‍.സി.പി തീരുമാനം. കുട്ടനാട് എം.എല്‍.എയായ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെടാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍.സി.പി നേതൃയോഗം തീരുമാനിച്ചു.

നിയമസഭയില്‍ രണ്ട് എം.എല്‍.എമാര്‍ മാത്രമുള്ള എന്‍.സി.പിക്ക് തോമസ് ചാണ്ടിയെ മന്ത്രിയാക്കലെല്ലാതെ നിലവില്‍ മറ്റൊരു മാര്‍ഗമില്ല. എകെ ശശീന്ദ്രന്‍ ഫോണ്‍വിളി വിവാദത്തില്‍ കുരുങ്ങി രാജിവെച്ചതോചെ കാര്യങ്ങള്‍ തോമസ് ചാണ്ടിക്ക് അനുകൂലമായി മാറുകയായിരുന്നു.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. പാര്‍ട്ടിക്ക് മന്ത്രിവേണം എന്ന ആവശ്യത്തെ പിന്തുണച്ച മുന്‍ മന്ത്രി എ.കെ ശശീന്ദ്രനാണ് തോമസ് ചാണ്ടിയുടെ പേര് മുന്നോട്ടുവച്ചതെന്ന് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. യോഗത്തില്‍ എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിയും പങ്കെടുത്തു.
അതേസമയം തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ സി.പി.എമ്മില്‍ ഭിന്നതയുള്ളതായി റിപ്പോര്‍ട്ട്. ഗോവയില്‍ എന്‍സിപി ബി.ജെ.പി സര്‍ക്കാരിനെ പിന്തുണക്കുന്നത് നേരത്തെ സിപിഎമ്മില്‍ അസ്വാരസ്യമുണ്ടാക്കുന്ന പ്രശനമാണ്. എന്‍സിപിയില്‍ നിന്നും വീണ്ടും മന്ത്രി പ്രതിപക്ഷം ആയുധമാക്കാനുള്ള സാധ്യതയാണ് സി.പി.എം മുന്നില്‍ കാണുന്നത്. അതേസമയം വിഷയത്തില്‍ ഗോവയിലെ എന്‍.സി.പി പ്രതിനിധിയായ ചര്‍ച്ചില്‍ അലിമാവോയോട് വിശദീകരണം ചോദിച്ചതായി എന്‍.സി.പി നേതൃത്വം അറിയിച്ചു.

മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് ചൊവ്വാഴ്ച രാവിലെയാണ് തോമസ് ചാണ്ടി എം.എല്‍.എ തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. മന്ത്രിയാകാന്‍ പ്രാപ്തിയുള്ളവര്‍ പാര്‍ട്ടിയിലുണ്ടെന്ന് അദ്ദേഹം വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് പറയുകയും ചെയ്തു.
ശശീന്ദ്രനായിരിക്കും പുതിയ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്.താന്‍ മന്ത്രിയാകുന്നതിനോട് മുഖ്യമന്ത്രിക്ക് എതിര്‍പ്പില്ലെന്നും, ശശീന്ദ്രന്‍ കുറ്റമുക്തനായാല്‍ ആ നിമിഷം മാറിക്കൊടുക്കുമെന്നും തിരുവനന്തപുരത്ത് തോമസ് ചാണ്ടി പറഞ്ഞു.

chandrika: