X
    Categories: Sports

ഹാപ്പിയാണ് നെയ്മര്‍

 

ലണ്ടന്‍: സമ്മര്‍ദ്ദത്തിലായിരുന്നു ഇത് വരെ നെയ്മര്‍. 98 ദിവസമായി കളിച്ചിട്ട്. കളിക്കാനിറങ്ങിയാല്‍ പാദങ്ങള്‍ ഏത് വിധം സഹകരിക്കും..? വീണ്ടും വീണാല്‍ വിനയാവുമോ..? അര്‍ധധൈര്യത്തിലും 80 ശതമാനം ആത്മവിശ്വാസത്തിലുമായിരുന്നു അദ്ദേഹം ക്രൊയേഷ്യക്കെതിരെ കളിച്ചത്. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ സൂപ്പര്‍ താരം പക്ഷേ ഇറങ്ങി അധികസമയം കഴിയും മുമ്പ് സ്‌ക്കോര്‍ ചെയ്തു-പതിവ് ശൈലിയില്‍ തന്നെ. ഇതോടെ ഹാപ്പിയാണ് നെയ്മര്‍. ഇന്നലെ അദ്ദേഹം ടീമിലെ സഹതാരം വില്ലിയാന്‍ ലണ്ടനില്‍ നടത്തുന്ന ബാബോ റസ്റ്റോറന്‍ഡിലെത്തി. കൂട്ടിന് ഗബ്രിയേല്‍ ജീസസും. അല്‍പ്പസമയം അവിടെ ചെലവഴിച്ചാണ് വീണ്ടും ട്രെയിനിംഗ് ക്യാമ്പിലേക്ക് മടങ്ങിയത്. നെയ്മറിന് പിറകെ ടീമിലെ എല്ലാവരുമെത്തിയതോടെ വില്ലിയാനും കൂട്ടുകാരന്‍ ഡേവിഡ് ലൂയിസും നടത്തുന്ന ഹോട്ടല്‍ വാര്‍ത്തകളില്‍ നിറഞ്ഞു. നെയ്മര്‍ ആരോഗ്യം തെളിയിച്ചതിന്റെ സന്തോഷം കോച്ച് ടീറ്റേയും അറിയിച്ചു. വളരെ നേരത്തെ തന്നെ ടീമിനെ ഒരുക്കിയ ടിറ്റേക്ക് നെയ്മറിന്റെ പരുക്കായിരുന്നു കാര്യമായ തലവേദന. ടീമിന്റെ നായകനായി അദ്ദേഹം കണ്ടു വെച്ചതും നെയ്മറെ തന്നെ. പക്ഷേ പി.എസ്.ജിക്കായി കളിക്കവെ സംഭവിച്ച് പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സര്‍ജറിക്ക് നിര്‍ദ്ദേശിച്ചത് കോച്ചാണ്. അത് ബ്രസീലില്‍ വെച്ച് തന്നെ ചെയ്തു. ചികില്‍സയുടെ ഓരോ ഘട്ടത്തിലും അദ്ദേഹം ഇടപെട്ടിരുന്നു. നെയ്മര്‍ ആദ്യ മല്‍സരത്തില്‍ തന്നെ പൂര്‍ണ്ണ സമയത്തില്ലെങ്കിലും ഇറങ്ങാനാണ് സാധ്യതകള്‍. ഗ്രൂപ്പിലെ ആദ്യ മല്‍സരങ്ങള്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്തില്ല എന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ നോക്കൗട്ട് ഘട്ടം മുതല്‍ നെയ്മറിന്റെ സേവനം പൂര്‍ണ സമയത്ത് തേടും. നെയ്മര്‍ ഫോമിലെത്തിയതിന്റെ ആഹ്ലാദം അദ്ദേഹത്തിന്റെ രാജ്യത്തും പ്രകടമാണ്. ബ്രസീല്‍ സംഘം ദിവസങ്ങള്‍ക്ക് മുമ്പാണ് ബ്രസീലില്‍ നിന്നും ഇംഗ്ലണ്ടിലെത്തിയത്‌

chandrika: