X

ബാബറി മസ്ജിദ് : സുപ്രിംകോടതിയില്‍ ഇന്ന് അന്തിമവാദം 

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമാവകാശം സംബന്ധിച്ച കേസില്‍ സുപ്രിംകോടതിയില്‍ ഇന്ന് അന്തിമവാദം തുടങ്ങും. 1992 ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 25-ാം വാര്‍ഷികത്തിന് ഒരു ദിവസം മുമ്പാണ് ബാബരി മസ്ജിദ്-രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ അന്തിമ വിചാരണ തുടങ്ങുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്നു കേസ് പരിഗണനയ്ക്കെടുക്കുക.

പള്ളി നിലനിന്നിരുന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയ് മാസത്തെ അലഹബാദ് ഹൈക്കോടതി ലഖ്നോ ബെഞ്ചിന്റെ വിവാദ വിധിക്കെതിരായ ഹരജിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, ഹൈന്ദവ ട്രസ്റ്റുകളായ നിര്‍മോഹി അഖാര, രാംലാല എന്നിവയ്ക്കായി വീതിച്ചുനല്‍കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. മസ്ജിദ് നിലനിന്നിരുന്ന പ്രദേശത്തെ 67 ഏക്കര്‍ ഭൂമിയില്‍ 2.7 ഏക്കറിനെ ചൊല്ലിയാണ് തര്‍ക്കം നിലനില്‍ക്കുന്നത്.

ഇന്ന് ഉച്ച രണ്ടു മണിക്ക് വാദം കേള്‍ക്കുന്ന കേസില്‍ അധ്യക്ഷന്‍ ദീപക് മിശ്ര കൂടാതെ ജസ്റ്റിസുമാരായ അശോക് ബുഷാന്‍, അബ്ദുല്‍ നസീര്‍ എന്നിവരാണ് മുന്നംഗ ബെഞ്ചിലുള്ളത്.ഹൈക്കോടതി വിധി ചോദ്യംചെയ്ത് ഇരുവിഭാഗവും സുപ്രിംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പള്ളി നിലനിന്ന സ്ഥലത്തു തല്‍സ്ഥിതി തുടരണമെന്ന് 2011 മെയ് മാസം സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

2013 ജനുവരിയില്‍ കേസ് പരിഗണിക്കവെ സമാന ഉത്തരവ് ജസ്റ്റിസ് അഫ്താബ് ആലമിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, മൂന്നുമാസം കഴിഞ്ഞ് അഫ്താബ് ആലം വിരമിച്ചതിനാല്‍ കേസില്‍ പുരോഗതി ഉണ്ടായില്ല. പിന്നീട്, സെപ്തംബറില്‍ കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നും രാമക്ഷേത്രം പണിയാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹരജി പരിഗണിച്ചാണ് വിചാരണ വേഗത്തിലാക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചത്.

ബാബരി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് സുപ്രിംകോടതി മുമ്പാകെയുള്ള പ്രധാന കേസാണിത്. ഇതിനു പുറമെ പള്ളി തകര്‍ത്ത  ആര്‍.എസ്.എസ്  കര്‍സേവകര്‍ക്കെതിരായകേസും മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി,കേന്ദ്രമന്ത്രി ഉമാഭാരതി, മുരളീമനോഹര്‍ ജോഷി എന്നിവര്‍ക്കെതിരായ ഗൂഢാലോചനക്കേസും സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.

chandrika: