X
    Categories: CultureNewsViews

റഫാലില്‍ മോദിക്ക് കുരുക്ക് മുറുകുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം

പാരിസ്: റഫാല്‍ വിമാന ഇടപാടില്‍ റിലയന്‍സിന് വേണ്ടി സര്‍ക്കാര്‍ വഴിവിട്ട നടപടികള്‍ സ്വീകരിച്ചത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു. അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143.7 ദശലക്ഷം യൂറോയുടെ നികുതിയിളവുകള്‍ നല്‍കിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഫ്രഞ്ച് മാധ്യമമായ ലെ മോണ്ടെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143.7 ദശലക്ഷം യൂറോയുടെ നികുതി ഇളവു ചെയ്തുനല്‍കിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2015 ഫെബ്രുവരിക്കും ഒക്ടോബറിനും ഇടയിലാണ് നികുതി ഇളവു നല്‍കിയിക്കുന്നതെന്നും റഫാല്‍ ഇടപാടിന്റെ ചര്‍ച്ചകള്‍ നടന്ന സമയമാണ് ഇതെന്നും ഫ്രാന്‍സിലെ പ്രമുഖ മാധ്യമമായ ലെ മോണ്ടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അനില്‍ അംബാനിയുടെ ഉടമസ്ഥതയില്‍ ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഫല്‍ഗ് അറ്റ്‌ലാന്റിക് ഫ്രാന്‍സ് എന്ന കമ്പനിക്കാണ് ഫ്രഞ്ച് സര്‍ക്കാര്‍ നികുതി ഇളവുകള്‍ നല്‍കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ജപ്തിഭീഷണിയില്‍ ആയിരുന്നു കമ്പനിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

റഫാല്‍ ഇടപാടില്‍ ഓഫ്‌സെറ്റ് പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ തെരഞ്ഞെടുത്തതില്‍ വന്‍ ക്രമക്കേടു നടന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതിരോധ നിര്‍മാണ രംഗത്ത് യാതൊരു മുന്‍പരിചയവും ഇല്ലാതിരിക്കെയാണ്, പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിനെ ഒഴിവാക്കി റിലയന്‍സിനെ പങ്കാളിയായി തെരഞ്ഞെടുത്തത് മോദിയുടെ പ്രത്യേക താല്‍പര്യപ്രകാരമായിരുന്നു. ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയായി തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. റഫാല്‍ ഇടപാടിലെ അഴിമതി സംബന്ധിച്ച് സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: