X

രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയായ 2000 രൂപ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വലതും ചെറുതും മൂല്യമുള്ള കറന്‍സികള്‍ തമ്മിലുള്ള വലിയ അന്തരം രാജ്യത്തെ ജനങ്ങളെ സുഖകരമായ ഇടപാടുകള്‍ക്ക് ബാധിക്കുന്നു എന്ന നിഗമനമാണ് റിസര്‍വ് ബാങ്ക് ഇത്തരമൊരു നിര്‍ണായകമായ നടിപടിക്ക് ഒരുങ്ങാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കോഫ്‌ലാഷ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കറന്‍സി പിന്‍വലിച്ചില്ലെങ്കില്‍ പുതുതായി രണ്ടായിരം രൂപ കറന്‍സി അച്ചടി നിര്‍ത്തിവെക്കാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

13.3 ലക്ഷം കോടിയോളം ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ട് വിപണിയിലുണ്ടെന്നാണ് കണക്ക്. അതേസമയം, കുറവ് മൂല്യമുള്ള കറന്‍സികള്‍ വെറും 3.5 ലക്ഷം കോടി മാത്രമേ വിപണിയിലുള്ളൂ. ഈ സാഹചര്യത്തില്‍ കറന്‍സികള്‍ തമ്മില്‍ വലിയ അന്തരമാണുള്ളത് ഇടപാടുകളെ ബാധിക്കുമെന്ന് കണ്ടെത്തിയാണ് നടപടി.

ലോക്‌സഭയില്‍ സമര്‍പ്പിച്ച കറന്‍സി കണക്കുകളുടെയും റിസര്‍വ് ബാങ്ക് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്ന കണക്കിന്റെയും അടിസ്ഥാനത്തിലാണ് ഇത്. ഡിസംബര്‍ എട്ട് വരെ 500 രൂപയുടെ 16957 ദശലക്ഷം നോട്ടുകളും, 2000 രൂപയുടെ 3654 ദശലക്ഷം നോട്ടുകളുമാണ് അച്ചടിച്ചിട്ടുള്ളത്. ഇതിന്റെ രണ്ടിന്റെയും ആകെ തുക 15.7 ലക്ഷം കോടി വരും. ഇതിനര്‍ത്ഥം 2.4 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് അച്ചടിച്ച ശേഷം റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ലെന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്ത് ഘോഷ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. എസ്ബിഐ റിപ്പോര്‍ട്ട് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് പ്രധാനമന്ത്രിയുടെ 500, 1000 രൂപ ഉയര്‍ന്ന മൂല്യമുള്ള നോട്ടു അസാധുവാക്കിയതിനെ തുടര്‍ന്നാണ് രണ്ടായിരം രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്.

chandrika: