X

ഭീതി അകലുന്നതിന് മുമ്പ് വീണ്ടും ആശങ്ക; ബ്രിട്ടനില്‍ ജനിതക വ്യതിയാനമുള്ള പുതിയ വൈറസ്; വ്യാപനനിരക്ക് കൂടുതല്‍

ലണ്ടന്‍: കോവിഡിന് കാരണമാകുന്ന കൊറോണ വൈറസില്‍നിന്ന് വിഭിന്നമായ പുതിയ ഇനം വൈറസിനെ ബ്രിട്ടണില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പുതിയതായി കോവിഡ് ബാധിച്ച ആയിരത്തിലധികം രോഗികളില്‍ പുതിയ ഇനം വൈറസിന്റെ സാനിധ്യം സ്ഥിരീകരിച്ചു. വൈറസിന്റെ വ്യാപനനിരക്ക് കൂടുതലാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലണ്ടനില്‍ ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജനങ്ങളുടെ സുരക്ഷയും ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കാനിടയുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍.

തിയറ്ററുകള്‍, പബ്ബുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ അടച്ചിടും. ദിനംപ്രതിയുള്ള രോഗികളുടേയും ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടേയും എണ്ണം വര്‍ധിക്കുന്നതു ആരോഗ്യവകുപ്പിന് ആശങ്ക വര്‍ധിപ്പിക്കുന്നതായി ഹാന്‍കോക്ക് പറഞ്ഞു. പൊതുസ്ഥലത്ത് ആറ് പേരിലധികം സംഘം ചേരുന്നത് നിരോധിച്ചു. വീടുകള്‍ക്ക് പുറത്തുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന് നിയന്ത്രണമുണ്ട്. ലണ്ടന്റെ അതിര്‍ത്തി കൗണ്ടികളായ എസ്സെക്‌സ്, കെന്റ്, ഹെര്‍ത്‌ഫോര്‍ഡ്‌ഷെയര്‍ എന്നിവടങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി.

ജനിതകവ്യതിയാനമുള്ള പുതിയ ഇനം വൈറസിനെ കണ്ടെത്തിയതായും എന്നാല്‍ നിലവില്‍ രോഗകാരണമാകുന്ന വൈറസില്‍ നിന്ന് വ്യത്യസ്തമായതും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമായ പ്രവര്‍ത്തനരീതി പുതിയ വൈറസിനുണ്ടെന്ന് ഇതു വരെ കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. കൊറോണ വൈറസിന്റെ ജനിതകമാറ്റമുള്ള വിവിധ തരം വൈറസുകളെ കണ്ടെത്തിയിട്ടുള്ളതായും കാലക്രമേണ വൈറസിന്റെ ജനിതകഘടനയില്‍ മാറ്റം വരുന്നത് സ്വാഭാവികമാണെന്നും ലോകാരോഗ്യ സംഘടനയുടെ ആരോഗ്യവിദഗ്ധന്‍ മൈക്ക് റയാന്‍ പറഞ്ഞു.

 

web desk 3: