X

ജുഡീഷ്യറിയുടെ കണ്ണും കോടതികളുടെ നിരീക്ഷണവും

സുഫ്‌യാന്‍ അബ്ദുസ്സലാം

‘ലേഡി ജസ്റ്റിസ്’ ലോകത്തെ നീതിന്യായ വ്യവസ്ഥയുടെയും കോടതിയുടെയും പ്രതിബിംബമായാണ് കരുതപ്പെടുന്നത്. റോമന്‍ പുരാവൃത്തവിജ്ഞാനങ്ങളില്‍ നീതിയുടെ പര്യായമായി അറിയപ്പെടുന്ന ജസ്റ്റിഷ്യയുടെ പ്രതിമകളാണ് ലേഡി ജസ്റ്റിസ് എന്ന പേരില്‍ ലോകത്തെ വിവിധ രാജ്യങ്ങളുടെ നീതിന്യായ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഒരു കൈയില്‍ തുലാസും മറുകൈയില്‍ ഖഡ്ഗവുമായി കണ്ണുകള്‍ മൂടപ്പെട്ട വിധത്തിലാണ് ‘നീതിദേവത’ എന്നറിയപ്പെടുന്ന ലേഡി ജസ്റ്റിസ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. വാദങ്ങളും മറുവാദങ്ങളും തൂക്കിനോക്കി സത്യാസത്യ വിവേചനം നടത്തി വിധി പറയുന്നു എന്നതിനെയാണ് തുലാസ് സൂചിപ്പിക്കുന്നതെങ്കില്‍ അംഗീകരിക്കപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള വിധി അന്തിമമാണെന്നും അതിനെ ചോദ്യംചെയ്യാന്‍ പാടില്ലെന്നുമുള്ള ആശയത്തെയാണ് ഖഡ്ഗം പ്രതിനിധാനം ചെയ്യുന്നത്. മുഖം നോക്കാതെ പക്ഷപാതിത്വരഹിതമായി നീതി ഉറപ്പുവരുത്തുമെന്നതാണ് മൂടിക്കെട്ടിയ കണ്ണുകള്‍ അര്‍ത്ഥമാക്കുന്നത്.

ഒരു പ്രതിമയുടെ പ്രതീകാത്മകമായ ഭാവം മാത്രമാണിത്. കക്ഷികള്‍ എത്ര പ്രമുഖരാണെങ്കിലും അവരുടെ മുഖം നോക്കാതെ മനസ്സില്‍ സൂക്ഷിച്ച നീതിയുടെ ദര്‍പ്പണത്തിലേക്ക് മാത്രം നോക്കി കാര്യങ്ങള്‍ തീരുമാനിക്കുക എന്നതാണ് ഈ പ്രതീകാത്മകതയുടെ അര്‍ത്ഥം. അത് അങ്ങനെത്തന്നെയാണ് വേണ്ടത്. കോടതിയെ നയിക്കുന്ന ന്യായാധിപന്മാരോ നീതിവ്യവസ്ഥക്ക് നേതൃത്വം നല്‍കുന്ന ജുഡീഷ്യറിയുടെ കൈകാര്യകര്‍ത്താക്കളോ അവരുടെ കണ്ണുകള്‍ അക്ഷരാര്‍ത്ഥത്തില്‍ മൂടിക്കെട്ടണം എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. എന്നാല്‍ നമ്മുടെ കോടതികളില്‍നിന്നും പുറത്തുവരുന്ന ചില നിരീക്ഷണങ്ങള്‍ പലപ്പോഴും ചുറ്റുഭാഗങ്ങളിലേക്ക് കണ്ണോടിക്കാതെയോ കോടതിക്ക്മുമ്പില്‍ അത് വരാനുണ്ടായ കാരണങ്ങളെക്കുറിച്ച് വേണ്ടവിധം വിശകലനം ചെയ്യാതെയോ ആകുന്നുവെന്നാണ് ചില സമീപകാല കോടതി പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത്.

വ്യാപാരികളുടെ സമരം കാരണം മൂന്നു ദിവസം കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ കേരള സര്‍ക്കാരിന്റെ തീരുമാനത്തെ ബലിപെരുന്നാളുമായി ബന്ധപ്പെടുത്തി സുപ്രീംകോടതി നടത്തിയ നിരീക്ഷണവും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങളും പ്രശ്‌നങ്ങള്‍ക്ക്മുമ്പില്‍ കണ്ണടച്ചുകൊണ്ടുള്ളതാണെന്ന കാര്യത്തില്‍ സംശയമില്ല.

മീഡിയകള്‍ വരെ സജീവമായിരിക്കുന്ന ഇക്കാലത്ത് പ്രശ്‌നങ്ങളുടെ നേര്‍ക്ക് ആര്‍ എങ്ങനെ കണ്ണടച്ചുവെച്ചത് കൊണ്ടും കാര്യമില്ല. സത്യവും യാഥാര്‍ഥ്യവും എല്ലാവരുടെയുംമുമ്പില്‍ സുതാര്യമാണ്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളുമാണ്. എന്നിട്ടും കോടതികളില്‍ നിന്ന് ഇത്തരത്തിലുള്ള നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും ഉണ്ടാവുന്നത് സത്യത്തെ സ്‌നേഹിക്കുന്ന ഏവരിലും ആശ്ചര്യമുളവാക്കുന്നു.

കോടതികളുടെ നിരീക്ഷണങ്ങള്‍ സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിക്കുന്ന വിധത്തിലുള്ളതാവാന്‍ പാടില്ല. മുഖം നോക്കാതെ വിധി പറയുകയും നീതി നടപ്പാക്കുകയും വേണമെന്ന അര്‍ത്ഥത്തില്‍ മാത്രമാണ് ലേഡി ജസ്റ്റിസ് കണ്ണുകള്‍ കെട്ടിവെച്ചിട്ടുള്ളത്. അതിനര്‍ത്ഥം ചുറ്റുപാടുകളിലേക്ക് നോക്കരുതെന്നോ യാഥാര്‍ഥ്യ ലോകത്തിന്റെ നാഡിമിടിപ്പുകള്‍ അറിയേണ്ടതില്ലെന്നോ അല്ല.

കോവിഡ് മഹാമാരി കാരണം കേരളത്തിലെ കടകമ്പോളം വളരെക്കാലം അടഞ്ഞുകിടന്നത് കാരണം വ്യാപാരികള്‍ക്കുണ്ടായ നഷ്ടം ആത്മഹത്യകളിലേക്ക്‌പോലും നയിച്ചപ്പോഴായിരുന്നു വ്യാപാരി സമൂഹം സമരമുഖത്തേക്കിറങ്ങിയത്. ഒരു ദിവസം മാത്രം തുറന്നുവെക്കുകയും ആറു ദിവസവും അടച്ചിടുകയും ചെയ്യുന്ന തികച്ചും അശാസ്ത്രീയവും യുക്തിരഹിതവുമായ നിലപാടുകള്‍ക്കെതിരെ അവര്‍ പ്രതികരിച്ചപ്പോള്‍ തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഈ സമരവും അനുമതിയുമെല്ലാം തികച്ചും വ്യാപാരികളുമായി മാത്രം ബന്ധപ്പെട്ടതായിരുന്നു. വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഏതു മതവിഭാഗത്തിന്റെ ആഘോഷമായാലും പൊതു ആഘോഷങ്ങളായാലും അതെല്ലാം അവരുടെ കച്ചവട സീസണ്‍ ആണ്. ഈ സീസണുകളില്‍ കച്ചവടം നടന്നില്ലെങ്കില്‍ അവര്‍ക്ക് ഭീമമായ നഷ്ടമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി രണ്ടു പ്രളയങ്ങളും പിന്നീട്‌വന്ന കോവിഡും കാരണമായി വ്യാപാരമേഖല കടുത്ത പ്രതിസന്ധിയിലാണ്. വ്യാപാരികള്‍ വളരെ കാലമായി ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും തുറക്കാനുള്ള അനുമതിക്ക് വേണ്ടി ശബ്ദിച്ചിരുന്നപ്പോഴെല്ലാം അനുമതി നല്‍കാതെ പെരുന്നാളിന്റെ തൊട്ടുമുമ്പുള്ള തുടര്‍ച്ചയായ മൂന്നു ദിവസങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയായിരുന്നു സര്‍ക്കാര്‍.

ബലിപെരുന്നാളിന് മൂന്ന് ദിവസത്തെ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മലയാളി പി.കെ.ഡി നമ്പ്യാര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. രണ്ടു ശതമാനം ടി.പി.ആര്‍ ഉള്ള ഉത്തര്‍പ്രദേശില്‍ കാവടി യാത്ര തടഞ്ഞ സുപ്രീംകോടതിയുടെ നടപടി ചൂണ്ടിക്കാണിച്ചാണ് നമ്പ്യാര്‍ പരാതി നല്‍കിയത്. എന്നാല്‍ പത്ത് ശതമാനത്തില്‍ മുകളില്‍ ടി.പി.ആര്‍ ഉള്ള കേരളത്തില്‍ പെരുന്നാളിന് മൂന്ന് ദിവസം ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചു എന്നായിരുന്നു നമ്പ്യാരുടെ വാദം. ഇതിനെത്തുടര്‍ന്നാണ് ‘ബക്രീദിന്’ ലോക്ഡൗണ്‍ അനുവദിച്ചതിനെതിരെ സുപ്രീംകോടതി കേരള സര്‍ക്കാറിനെ ശാസിച്ചത്.

കേരളത്തിലെ ഏതെങ്കിലും മുസ്‌ലിം ജനവിഭാഗങ്ങളോ, മുസ്‌ലിം സംഘടനകളോ, പള്ളി ഭാരവാഹികളോ ബലിപെരുന്നാളിന് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. വ്യാപാരികളുടെ ആവശ്യത്തോടുള്ള പ്രതികരണമായിക്കൊണ്ടായിരുന്നു സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. മെയ് ഏഴു മുതല്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ ഒമ്പത് ദിവസത്തേക്കായിരുന്നു. എന്നാല്‍ പിന്നീട് അത് അനിശ്ചിതകാലത്തേക്ക് തുടര്‍ന്നു. വ്യാപാരി സമൂഹത്തില്‍ സ്വാഭാവികമായ പ്രത്യാഘാതങ്ങള്‍ ലോക്ഡൗണ്‍ സൃഷ്ടിച്ചു. കടുത്ത പട്ടിണിയിലേക്കും കടക്കെണിയിലേക്കും നീങ്ങിയ അവരില്‍ ചിലര്‍ ആത്മഹത്യ പരിഹാരമായി തെരഞ്ഞെടുത്തു. നിരന്തരമായി അവര്‍ ഇളവുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ആഴ്ചയില്‍ ഒരു ദിവസം തുറക്കുകയെന്ന ഒട്ടും യുക്തിസഹമല്ലാത്ത തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുമ്പോട്ടുപോയി. വളരെക്കാലമായി വ്യപാരികള്‍ ആവശ്യപ്പെട്ടുവന്നിരുന്ന ഇളവുകള്‍ ബലിപെരുന്നാളിന്റെ മൂന്നു ദിവസങ്ങളില്‍ അനുവദിച്ചുകൊണ്ടുള്ള തീരുമാനമെടുത്തത് സര്‍ക്കാറാണ്. സര്‍ക്കാര്‍ തീരുമാനത്തെ ബലിപെരുന്നാളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള നിരീക്ഷണം യുക്തിപരമല്ല. കാവടി യാത്രയുമായി ബന്ധപ്പെടുത്തിയുള്ള പരാമര്‍ശങ്ങള്‍ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാന്‍ മാത്രമാണ് ഉപകരിക്കുക.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി നടത്തിയ വിധി കേരളത്തിന്റെ രാഷ്ട്രീയ സാമുദായിക മേഖലയില്‍ വലിയ ഒച്ചപ്പാടുകളാണ് ഉണ്ടാക്കിയിട്ടുള്ളത്. മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സച്ചാര്‍ കമ്മറ്റി കൊണ്ടുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മുസ്‌ലിം സമുദായത്തില്‍പെട്ടവര്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ചത്. അതിലേക്ക് ഇരുപത് ശതമാനം പരിവര്‍ത്തിത ലത്തീന്‍ ക്രൈസ്തവരെകൂടി പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. അത് മനസ്സിലാക്കാനുള്ള യുക്തി എന്തുകൊണ്ട് ഉണ്ടായില്ല എന്ന ചോദ്യം പ്രസക്തമാണ്. പശ്ചാത്തലങ്ങളിലേക്കും പരിസരങ്ങളിലേക്കും മാത്രം നോക്കിയാല്‍ അതൊരു മുസ്‌ലിം സ്‌കോളര്‍ഷിപ്പ് പദ്ധതി ആണെന്ന് ബോധ്യമാവുമായിരുന്നു. ധൃതിപിടിച്ച് നിരീക്ഷിക്കുന്നതിന്മുമ്പ് കണ്ണുതുറന്നു നോക്കേണ്ടതായിരുന്നില്ലേ?

മുസ്‌ലിം സമുദായം അനര്‍ഹമായി എന്തോ നേടിയിരിക്കുന്നുവെന്ന പ്രതീതിയാണ് പ്രസ്തുത വിധി സമ്മാനിച്ചിട്ടുള്ളത്. ബാബരി മസ്ജിദ് തകര്‍ക്കുക വഴി ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്ന മുസ്‌ലിം സമുദായത്തിന് ഒരു ആശ്വാസമായായിരുന്നു സച്ചാര്‍ കമ്മിറ്റി നിലവില്‍വന്നത്. ഇപ്പോള്‍ അതേകമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുമ്പോള്‍ സമുദായത്തിനകത്ത് അന്യതാബോധവും അപകര്‍ഷചിന്തയും മാത്രമേ വളരൂ എന്ന് തിരിച്ചറിയാതെ പോകുന്നത് ഖേദകരമാണ്. രാജ്യത്തിന്റെ സോഷ്യല്‍ ഫാബ്രിക്കില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആലോചിക്കാതിരിക്കുന്നത് വേദനാജനകമാണ്. മത രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ നിന്നും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളും പ്രസ്താവനകളും അതാണ് സൂചിപ്പിക്കുന്നത്.

ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ സര്‍ക്കാരുകള്‍ എടുക്കുന്ന നിലപാടുകള്‍ വളരെ ഗൗരവമുള്ളതാണ്. സ്‌കോളര്‍ഷിപ്പ് പ്രശ്‌നത്തില്‍ കോടതിയില്‍ സര്‍ക്കാര്‍ ശക്തമായ മറുവാദം കൊണ്ടുവരാതിരുന്നതാണ് കോടതിയെ ഇങ്ങനെയൊരു നിരീക്ഷണത്തിലേക്ക് നയിച്ചത്. വ്യാപാരികള്‍ക്ക് വളരെ നേരത്തെതന്നെ ഇളവുകള്‍ നല്‍കുന്നതിന്പകരം ബലിപെരുന്നാളിനോട് അടുപ്പിച്ചുള്ള ദിവസങ്ങളില്‍മാത്രം ഇളവുകള്‍ നല്‍കിയ സര്‍ക്കാര്‍ നടപടിയും കോടതിക്ക് ‘ബക്രീദ്’ ആനുകൂല്യമായി നിരീക്ഷിക്കാന്‍ സഹായകമായി. ഓരോ പ്രശ്‌നത്തിലും ഇടപെടുമ്പോള്‍ കാര്യങ്ങളെ സത്യസന്ധമായി നിരീക്ഷിക്കാനും രാജ്യത്തിന്റെ സാമൂഹിക ഘടനക്ക് പരിക്കേല്‍ക്കാതെനോക്കാനും സാധിക്കുന്ന കണ്ണും കരളുമുള്ള ഒരു വ്യവസ്ഥയായി ജുഡീഷ്യറി മാറേണ്ടതുണ്ട്.

 

 

web desk 3: