X

കേന്ദ്ര വാഴ്സിറ്റിയില്‍ വീണ്ടും സംവരണ അട്ടിമറി

കാസര്‍കോട്: കേന്ദ്ര കേരള സര്‍വകലാശാലയില്‍ പിഎച്ച്‌.ഡി പ്രോഗ്രാമില്‍ സംവരണം അട്ടിമറിച്ചു. നേരത്തേ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയാല്‍ പിഎച്ച്‌.ഡിയുടെ ഗുണനിലവാരം കുറയുമെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കി സര്‍വകലാശാല വെട്ടിലായിരുന്നു.ഇതിനു പിന്നാലെയാണ് വീണ്ടും പിഎച്ച്‌.ഡിയില്‍ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള സംവരണം അട്ടിമറിച്ചത്.

ജനുവരി 13ന് സര്‍വകലാശാല ഇറക്കിയ വിജ്ഞാപനത്തിലാണ് സംവരണം നിഷേധിച്ചത് പുറത്തുവന്നത്. വിജ്ഞാപനപ്രകാരം വിവിധ വകുപ്പുകളിലായി 356 ഒഴിവുകളാണ് പിഎച്ച്‌.ഡിക്കുള്ളത്. സംവരണത്തിന് പ്രത്യേക നിയമംതന്നെ സര്‍വകലാശാലക്കുണ്ട്.അതനുസരിച്ച്‌ ഏഴര ശതമാനം പട്ടികവര്‍ഗ വിഭാഗത്തിനും 15 ശതമാനം പട്ടികജാതി വിഭാഗത്തിനും 27 ശതമാനം മറ്റു പിന്നാക്കവിഭാഗത്തിനും (ഒ.ബി.സി) നീക്കിവെക്കണം. 13ന് ഇറങ്ങിയ വിജ്ഞാപനത്തില്‍ ഇതുസംബന്ധിച്ച്‌ പരാമര്‍ശിക്കുന്നില്ല.

26 സീറ്റുകള്‍ പട്ടികവര്‍ഗ വിഭാഗത്തിനും 54 സീറ്റുകള്‍ പട്ടികജാതി വിഭാഗത്തിനും നീക്കിവെക്കണം. ഇരുവിഭാഗത്തിനുംകൂടി 81 സീറ്റുകളാണ് അനുവദിക്കേണ്ടത്.എന്നാല്‍, 51 സീറ്റുകളാണ് വിജ്ഞാപനത്തില്‍ പരാമര്‍ശിക്കാതെ അനുവദിച്ചിട്ടുള്ളത്.നിലവില്‍ 16 പിഎച്ച്‌.ഡി ഒഴിവുകള്‍ എസ്.ടി വിഭാഗത്തിലും 20 ഒഴിവുകള്‍ എസ്.സി വിഭാഗത്തിലുമുണ്ട്.ഇക്കണോമിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, കമ്ബ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ്, ഫിസിക്സ് തുടങ്ങിയ വകുപ്പുകളില്‍ നിലനില്‍ക്കുന്ന പിന്നാക്ക സംവരണങ്ങളിലെ ഒഴിവുകളാണ് നികത്താതിരുന്നത്. കേന്ദ്ര വാഴ്സിറ്റി കേരളയില്‍ ദലിത് വിദ്യാര്‍ഥികളോടുള്ള പീഡനമനോഭാവം വിവാദമായിരുന്നു. ഈ വിഭാഗത്തോട് അനുഭാവം പുലര്‍ത്തുന്ന അധ്യാപകര്‍ക്കെതിരെ വകുപ്പുതല നടപടികളും സ്വീകരിച്ചിരുന്നു.

webdesk12: