X
    Categories: gulfNews

സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ച യുവാക്കളുടെ മയ്യത്ത് ഇന്ന് ഖബറടക്കും

അഷ്റഫ് വേങ്ങാട്ട്

റിയാദ്- ഇന്നലെ റിയാദ് ബിഷ റോഡില്‍ അല്‍റൈനിന് സമീപം അപകടത്തില്‍ മരിച്ച മലപ്പുറം ചെമ്മാട് പന്താരങ്ങാടി സ്വദേശികളായ വലിയപീടിയേക്കല്‍ മുഹമ്മദ് വസീം, വലിയ പീടിയേക്കല്‍ മുഹമ്മദ് മുനീബ് എന്നിവരുടെ മയ്യത്ത് ഇന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ദമാമില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അല്‍റൈനിലെ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഇരുവരുടെയും മയ്യത്ത് രാവിലെയോടെ ദമാമിലേക്ക് കൊണ്ടുപോകും. ഇന്നലെ അതിരാവിലെയാണ് ദാരുണമായ അപകടം നടന്നത്. ചെറിയ പെരുന്നാള്‍ അവധിക്ക് അബഹയിലും ഖമീസ് മുഷൈത്തിലും സന്ദര്‍ശനം നടത്തി തിരിച്ചു പോരുന്ന വഴിക്കാണ് വസീമും മുനീബും അല്‍ റൈനില്‍ നിന്ന് 80 കിലോമീറ്റര് അകലെ അപകടത്തില്‍ പെട്ടത് . അല്‍റയിനിനടുത്ത് ഒറ്റവരിപ്പാത റോഡില്‍ വെച്ചാണ് എതിരെ വന്ന സഊദി പൗരന്റെ കാര്‍ ഇവരുടെ എസ് യു വി കാറില്‍ ഇടിച്ചത് . ഇടിയുടെ ആഘാതത്തില്‍ മുനീബ് ഓടിച്ചിരുന്ന കാര്‍ തലകീഴായി മറിഞ്ഞു. കാറിനകത്ത് പെട്ട ഇരുവരും തല്‍ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന മുനീബിന്റെ അമ്മാവന്റെ മകന്‍ തെയ്യാല സ്വദേശി ഷക്കീല്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു . ഇവരുടെ കാറില്‍ ഇടിച്ച വാഹനം ഉടന്‍ തീപിടിക്കുകയും സഊദി പൗരന്‍ മരിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ പരിക്കുകളോടെ ആശുപത്രിയിലാണ്. ദമാമിലെ ഇറാം ഗ്രൂപ്പിലാണ് വസീമും മുനീബും ജോലി ചെയ്യുന്നത്.

ഇരുവരും പന്താരങ്ങാടി വലിയപീടിയേക്കല്‍ കുടുംബത്തിലെ ജേഷ്ഠാനുജന്മാരായ മുഹമ്മദ് അലിയുടെയും മുബാറക്കിന്റെയും മക്കളാണ്. വസീമിന്റെ പിതാവാണ് മുഹമ്മദലി. മാതാവ് റാബിയ. ഭാര്യ നബീല. അസീം ഏക പുത്രനാണ്. മുനീബിന്റെ പിതാവാണ് മുബാറക്ക്. മാതാവ് ലൈല. ആതിഖ ഹസ്നയാണ് മുനീബിന്റെ ഭാര്യ. നൂറ, സുല്‍ത്താന്‍ എന്നിവര്‍ മക്കളാണ്. അപകട വിവരം അറിഞ്ഞു ദമാമിലുള്ള മുനീബിന്റെ സഹോദരന്‍ മുനീര്‍ അല്‍ റൈനിലെ ജനറല്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. വിവരമറിഞ്ഞ ഉടനെ റിയാദ് കെഎംസിസി വെല്‍ഫയര്‍ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവൂര്‍ , ഒഐസിസി സെക്രട്ടറി സിദ്ദിഖ് കല്ലുപറമ്പന്‍ എന്നിവര്‍ സംഭവസ്ഥലത്തു എത്തിയിരുന്നു. എംബസിയുമായും മറ്റും ബന്ധപ്പെട്ട കാര്യങ്ങള്‍ നീക്കാന്‍ റിയാദ് കെഎംസിസി പ്രസിഡണ്ട് സി പി മുസ്തഫ, അല്‍ റൈന്‍ കെഎംസിസി ഭാരവാഹി ഷൗക്കത്ത് എന്നിവര്‍ രംഗത്തുണ്ടായിരുന്നു .

 

web desk 3: