X

സമുദ്ര പരീക്ഷണങ്ങള്‍ക്കായി ഐ.എന്‍.എസ് വിക്രാന്ത് അറബിക്കടലില്‍; അഭിമാന നിമിഷമെന്ന് നാവിക സേന

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് പരീക്ഷണ ഓട്ടം തുടങ്ങി. സമുദ്ര പരീക്ഷണങ്ങള്‍ക്കായി കൊച്ചി കപ്പല്‍ ശാലയില്‍ നിന്നും ഇന്നലെ രാവിലെ 11 മണിയോടെയാണ് ഐ എന്‍ എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക് പുറപ്പെട്ടത്. അറബിക്കടലില്‍ നാലുദിവസത്തെ സമുദ്ര പരിശീലനമാണ് പൂര്‍ത്തിയാക്കേണ്ടത്. സമുദ്ര പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ആയുധങ്ങളും യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ സംവിധാനങ്ങളും കപ്പലില്‍ ഘടിപ്പിക്കുന്ന ദൗത്യം തുടങ്ങും. ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ ഐ.എന്‍.എസ് വിക്രാന്ത് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും.

ഐഎന്‍എസ് വിക്രാന്തിന്റെ പ്രൊപ്പല്‍ഷന്‍, പവര്‍ ജനറേഷന്‍ തുടങ്ങിയ ഉപകരണങ്ങളുടെ കാര്യക്ഷമത കഴിഞ്ഞ നവംബറില്‍ കൊച്ചി തുറമുഖത്ത് വിജയകരമായി പരീക്ഷിച്ചിരുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞമാസം കപ്പല്‍ സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു.

ഐഎന്‍എസ് വിക്രാന്ത് സമുദ്ര പരീക്ഷണങ്ങള്‍ക്ക് പുറപ്പെട്ട ഇന്നലെ അഭിമാനകരവും ചരിത്രപ്രധാനവുമായ ദിവസമായിരുന്നെന്ന് ഇന്ത്യന്‍ നാവികസേന വ്യക്തമാക്കി. വിമാനവാഹിനികള്‍ സ്വന്തമായി രൂപകല്‍പന ചെയ്യാനും നിര്‍മിക്കാനും കഴിവും ശേഷിയുമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തിയിരിക്കയാണെന്നും കോവിഡ്19 ഭീതി നിലനില്‍ക്കുമ്പോഴും ഈ മഹാ വിജയത്തില്‍ എത്തിച്ചേര്‍ന്നത് ഇതുമായി ബന്ധപ്പെട്ടവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും നാവികസേന വ്യക്തമാക്കി.

262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുള്ള ഐഎന്‍എസ് വിക്രാന്ത് വിമാനവാഹിനിക്കപ്പലിന് അഞ്ച് സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെ 14 ഡക്കുകളിലായി 2300 കമ്പാര്‍ട്ട്‌മെന്റുകളാണുള്ളത്.1700 നാവികരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കപ്പലില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് പ്രത്യേക ക്യാബിനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്ന് റണ്‍വേകളാണ് ഐഎന്‍എസ് വിക്രാന്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം വിമാനങ്ങള്‍ക്ക് പറന്നുയരാനും ഒരെണ്ണം വിമാനം ഇറങ്ങുന്നതിനുമാണ്. 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്ററുകളും കപ്പലില്‍ കിടക്കും. കൂടാതെ കപ്പലിന്റെ ഡെക്കിലേക്ക് വിമാനം ഇറക്കാനും ആവശ്യമുള്ളപ്പോള്‍ പുറത്തുകൊണ്ടുവരാനുമുള്ള സൗകര്യവുമുണ്ട്

കൊച്ചി കപ്പല്‍ശാലയില്‍ 12 വര്‍ഷം മുമ്പാണ് ഐഎന്‍എസ് വിക്രാന്ത് നിര്‍മ്മാണം തുടങ്ങിയത്.
അടുത്തവര്‍ഷം ഓഗസ്റ്റില്‍ ഐഎന്‍എസ് വിക്രാന്തിന്റെ കമ്മീഷനിംഗ് നടക്കുമെന്നാണ് കരുതുന്നത്.
23000 കോടി രൂപ ചെലവില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്തിന്് 40,000 ടണ്‍ഭാരമാണുള്ളത്.
സമുദ്ര പരീക്ഷണം പൂര്‍ത്തിയാകുന്നതോടെ കപ്പലില്‍ മിഗ് 29 കെ സൂപ്പര്‍സോണിക് ഫൈറ്റര്‍ ജെറ്റുകളും , എം എച്ച് 60 ആര്‍ ബഹുദൗത്യ ഹെലികോപ്റ്ററുകളും അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്ററുകളും ഘടിപ്പിക്കും.

ബ്രിട്ടനില്‍ നിന്ന് വാങ്ങി 1961ല്‍ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായ പ്രഥമ ഐഎന്‍എസ് വിക്രാന്ത് 1997ല്‍ ഡികമ്മീഷന്‍ ചെയ്തതിനെത്തുടര്‍ന്ന് സേനയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. 1971ലെ യുദ്ധത്തില്‍ അടക്കം ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന്റെ അഭിമാനം കാത്ത നിരവധി സംരംഭങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലിന് നിര്‍മാണവേളയില്‍ ഐ.എ.സി.1 എന്നാണ്് പേരിട്ടിരുന്നത്. ഡീകമ്മീഷന്‍ ചെയ്ത ഐ.എന്‍.എസ്. വിക്രാന്തിന്റെ സ്മരണയിലാണ് ഈ വമ്പന്‍ വിമാനവാഹിനിക്ക് ആ പേര് തന്നെ ഇട്ടിരിക്കുന്നത്.

 

web desk 3: