X

അഡ്മിനിസ്ട്രേറ്ററുടെ ലക്ഷദ്വീപ് സന്ദര്‍ശനം ഇന്ന് മുതല്‍; പ്രതിഷേധക്കടലിരമ്പും

ജനവിരുദ്ധ, ഫാസിസ്റ്റ് നയങ്ങള്‍ നടപ്പാക്കി ലക്ഷദ്വീപ് ജനതയെ ദുരിതക്കയത്തിലാക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേല്‍ ഇന്ന് ദ്വീപ് സന്ദര്‍ശനത്തിനെത്തും. ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനായെത്തുന്ന അഡ്മിനിസ്ട്രേറ്ററെ വന്‍ പ്രതിഷേധങ്ങളാണ് കാത്തിരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്ക് ശേഷമുള്ള ഇദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനം കൂടിയാണിത്. ഉച്ചക്ക് 12.30ന് പ്രത്യേക വിമാനത്തില്‍ അഗത്തിയിലെത്തുന്ന അഡ്മിനിസ്ട്രേറ്റര്‍ തുടര്‍ന്ന് കവരത്തിയിലേക്ക് പോകും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കവരത്തി ദ്വീപില്‍ മാത്രമായി സന്ദര്‍ശനം ഒതുങ്ങാനാണ് സാധ്യത. 20നായിരിക്കും മടക്കം.

കരിദിനമാചരിച്ചാണ് ദ്വീപ് ജനത അഡ്മിനിസ്ട്രേറ്ററെ വരവേല്‍ക്കുന്നത്. സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കറുത്ത മാസ്‌ക്ക് ധരിക്കാനും വീട്ടുമുറ്റത്ത് കറുത്ത കൊടികള്‍ നാട്ടാനും സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തിട്ടുണ്ട്. കരട് നിര്‍ദേശങ്ങളും ഉത്തരവുകളും പിന്‍വലിക്കുക എന്നാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും വീട്ടുമുറ്റങ്ങളില്‍ നിറയും. കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ ഭൂമി, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, റോഡ്, പാലം എന്നീ ഇടങ്ങള്‍ പ്രതിഷേധങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും, പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യണമെന്നും ഫോറം ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇതിന് പുറമെ ലക്ഷദ്വീപിലെ മുഴുവന്‍ ജനപ്രതിനിധികളും പൊതുജനങ്ങളും അഡ്മിനിസ്ട്രേറ്ററുടെ പരിപാടികള്‍ ബഹിഷ്‌കരിക്കും. ഇതോടെ അഡ്മിനിസ്ട്രേറ്ററുടെ സന്ദര്‍ശനം തീര്‍ത്തും നിറംമങ്ങും. വലിയ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് അഡ്മിനിസ്ട്രേറ്ററുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ലക്ഷദ്വീപ് പൊലീസിന് പുറമേ കേന്ദ്രസേനയെയും സുരക്ഷക്കായി നിയോഗിച്ചു. ദ്വീപിലെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടുള്ള പവര്‍ പോയിന്റ് അവതരണങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ പങ്കെടുക്കും.

കവരത്തിയിലെയും അഗത്തിയിലെയും ആസ്പത്രികള്‍, സ്മാര്‍ട്ട്സിറ്റി പദ്ധതികള്‍, ഇക്കോ ടൂറിസം, എന്‍ഐടി പ്ലാന്റുകള്‍, കവരത്തി ഹെലിബേസ്, ഊര്‍ജ സ്വകാര്യവല്‍ക്കരണം തുടങ്ങിയ അവതരണങ്ങളാണ് വിവിധ ദിവസങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. ഇതുസംബന്ധിച്ച വകുപ്പുതല ചര്‍ച്ചകളിലും ഇദ്ദേഹം പങ്കെടുക്കും. ദ്വീപിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചുള്ള അവലോകനവുമുണ്ടാവും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശനം കവരത്തിയില്‍ മാത്രമായി ചുരുക്കാനാണ് സാധ്യത. മറ്റു ദ്വീപുകളിലെ യോഗങ്ങളും അവലോകനവും ഓണ്‍ലൈനായി സംഘടിപ്പിക്കാനാണ് നീക്കം.

web desk 3: