X

ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി വിരമിച്ചു

 

കോഴിക്കോട്: എഴുത്തുകാരനും ഗ്രന്ഥകാരനും കോളമിസറ്റും പ്രമുഖവാഗ്മിയുമായ ചന്ദ്രിക പത്രാധിപര്‍ സി.പി.സൈതലവി സര്‍വീസില്‍നിന്ന് വിരമിച്ചു. 1978ല്‍ മലപ്പുറം മക്കരപറമ്പ് ഗവ.ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ചന്ദ്രികയുടെ പ്രാദേശിക ലേഖകനായി മാധ്യമപ്രവര്‍ത്തനരംഗത്തേക്കിറങ്ങിയ സൈതലവി 43 വര്‍ഷം ചന്ദ്രികയുടെ ഭാഗമായി നിന്നതിനുശേഷമാണ് ഒരുദശാബ്ദത്തോളം കാലത്തെ പത്രാധിപ പദവിയില്‍നിന്ന് പടിയിറങ്ങുന്നത്. മലപ്പുറം റിപ്പോര്‍ട്ടര്‍, ജില്ലാബ്യൂറോ ചീഫ്, അസോ.എഡിറ്റര്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചു. കേരളസര്‍ക്കാരിന്റെ മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍, സ്‌കോള്‍ കേരള ജനറല്‍ കൗണ്‍സില്‍ അംഗം, സംസ്ഥാന സാക്ഷരതാമിഷന്‍ ഗവേണിംഗ് ബോഡി അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

മുസ്‌ലിംലീഗ് ദേശീയ, സംസ്ഥാന കൗണ്‍സില്‍ അംഗം, സംസ്ഥാനപ്രവര്‍ത്തകസമിതിയംഗം, വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധസംഘടനകളുടെ സാരഥി തുടങ്ങിയ നിലകളിലും ശ്രദ്ധേയനാണ്. ചന്ദ്രികയിലെ പതിറ്റാണ്ടുകളായുള്ള ‘എഴുതാപ്പുറം’ എന്ന പംക്തി ഏറെ ശ്രദ്ധപിടിച്ചുപറ്റി. വിഖ്യാതമായ മലപ്പുറം ഭാഷാസമരത്തിലെ പങ്കാളിയാണ്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഓര്‍മയുടെ തലക്കെട്ടുകള്‍, സീതിസാഹിബ് വഴിയും വെളിച്ചവും, അടയാത്ത വാതില്‍, ജമാഅത്തെ ഇസ്‌ലാമി, മതം,സമൂഹം,സംസ്‌കാരം, ശിഹാബ് തങ്ങള്‍ (സമാഹാരം) തുടങ്ങിയ ഗ്രന്ഥങ്ങളും സമാഹരിക്കപ്പെടാത്ത ആയിരത്തില്‍പരം ലേഖനങ്ങളും നിരവധി സെമിനാര്‍ പ്രബന്ധങ്ങളുമുണ്ട്.സഊദി കെ.എം.സി.സി സി.എച്ച് മുഹമ്മദ്‌കോയ പുരസ്‌കാരം, യു.എ.ഇ കെ.എം.സി.സി റഹീംമേച്ചേരി പുരസ്‌കാരം, ജിദ്ദ റഹീം മേച്ചേരി പുരസ്‌കാരം, ശിഹാബ് തങ്ങള്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായി.

ചന്ദ്രിക ദിനപത്രത്തിന്റെ പ്രഥമ പത്രാധിപര്‍ കെ.കെ മുഹമ്മദ് ഷാഫി മുതല്‍ എല്ലാ പത്രാധിപന്മാരുടെയും, മലബാര്‍ കലാപത്തില്‍ നാടുകടത്തപ്പെട്ട സ്വാതന്ത്ര്യസമര സേനാനികള്‍, കേരള രാഷ്ട്രീയത്തിലെയും പ്രത്യേകിച്ച് മുസ്‌ലിംലീഗിലെയും പഴയകാല നേതാക്കള്‍, മതപണ്ഡിതന്മാര്‍, സാംസ്‌കാരിക നായകര്‍, മുസ്്്‌ലിംലീഗിന്റെ ആദ്യകാല സംഘാടകരായ സാധാരണക്കാര്‍ എന്നിവരുടെയും ജീവചരിത്രങ്ങള്‍ വിശദമായ അഭിമുഖങ്ങളിലൂടെ പുതുതലമുറക്ക് കൈമാറി. മക്കരപറമ്പ് ഹൈസ്‌കൂള്‍ യൂണിറ്റ് എം.എസ്.എഫ് സെക്രട്ടരിയായാണ് പൊതുരംഗത്തെത്തിയത്. പെരിന്തല്‍മണ്ണ താലൂക്ക് എം. എസ്.എഫ് ജന.സെക്രട്ടറി, ജില്ലാ എം.എസ്.എഫ് സെക്രട്ടറി, ട്രഷറര്‍, ജില്ലാ യൂത്ത്‌ലീഗ് പ്രസിഡന്റ്, മലപ്പുറം പ്രസ്‌ക്ലബ് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ യൂത്ത്‌ലീഗ് സാമൂഹികപഠനകേന്ദ്രം ഡയറക്ടര്‍, മുസ്്‌ലിം ലീഗ് സംസ്ഥാനകമ്മിറ്റിയുടെ സീതിസാഹിബ് പഠനകേന്ദ്രം അസി.ഡയറക്ടര്‍ എന്നീനിലകളിലും പ്രവര്‍ത്തിച്ചു. മക്കരപറമ്പ് പഞ്ചായത്ത് മുസ്‌ലിംലീഗ്പ്രസിഡന്റും ജനറല്‍സെക്രട്ടറിയുമായിരുന്നു. വിവിധ സാംസ്‌കാരികവേദികളുടെ സ്ഥാപകനും സംഘാടകനുമാണ്. പെരിന്തല്‍മണ്ണ, മലപ്പുറം ഗവ.കോളജുകളിലായാണ് വിദ്യാഭ്യാസം. ദീര്‍ഘകാലമായി മക്കരപ്പറമ്പ് മഹല്ല്പ്രസിഡന്റാണ്. പത്തിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മക്കരപറമ്പിലെ പരേതരായ ചിരുതപറമ്പില്‍ ഉണ്ണിക്കോയ, പട്ടിക്കാടന്‍ പാത്തുമ്മ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ പ്രസീന. മക്കള്‍: അഫ്താബ് ദാനിഷ്, അദീബ്‌റഷ്ദാന്‍, അഫ്ഹം ജരീഷ്, അര്‍ഹം ദര്‍വീശ്.

 

web desk 3: