X

നിഘണ്ടുവില്‍ നിന്നും നീക്കം ചെയ്താലും ചരിത്രത്തില്‍ നിന്നും മായ്ക്കാനാവില്ല

ഇഖ്ബാല്‍ കല്ലുങ്ങല്‍ മലപ്പുറം

1921ലെ മലബാര്‍ സ്വതന്ത്ര്യ രക്ത്‌സാക്ഷികളുടെ പേരുകള്‍ സ്വതന്ത്ര്യ സമര സേനാനികളുടെ നിഘണ്ടുവില്‍ നിന്നും നീക്കിയ ചരിത്ര കൗണ്‍സില്‍ തീരുമാനം സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗം. മലബാര്‍ സ്വതന്ത്ര്യ സമരത്തെ സ്വതന്ത്ര്യ സമര ചരിത്രത്തില്‍ നിന്നും അടര്‍ത്തിയെടുക്കാന്‍ കാലങ്ങളായി ചിലര്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണിത്. മലബാര്‍ സമര പോരാട്ടത്തിനു നൂറു വയസ്സ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഈ ക്രൂരതയെന്നത് വളരെ ആസൂത്രിതമാണ്.

മലബാര്‍ സ്വതന്ത്ര്യ സമരത്തെ സ്വാതന്ത്ര്യ സമരമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും പങ്കെടുത്തവര്‍ക്കും ആശ്രിതര്‍ക്കും കേന്ദ്ര പെന്‍ഷന്‍ ലഭിച്ചുവരുന്നതുമാണ്. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് കേന്ദ്ര പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് 28-7-1978ന് കേരള സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കുകയുണ്ടായി. മുസ്‌ലിംലീഗ് നേതാവ് പി,സീതിഹാജിയാണ് പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് കേന്ദ്ര പെന്‍ഷന്‍ ലഭിക്കുകയും ചെയ്തിരുന്നു. നിഘണ്ടുവില്‍ നിന്നും മാറ്റുകവഴി ഇത്തരം ആനുകൂല്യങ്ങളുടെ നിഷേധം കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് അന്ന് 50 രൂപ സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാര്‍ 150 രൂപയും നല്‍കുന്നതായിരുന്നു രീതി. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കിയിരുന്നു. കേന്ദ്രവും അനുവദിക്കണമെന്നായിരുന്നു സീതിഹാജി പ്രമേയത്തില്‍ ആവശ്യപ്പെട്ടത്.

സ്വതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ നിഘണ്ടുവില്‍ നിന്നും നീക്കിയതിലൂടെ രാജ്യത്തിനു വേണ്ടി പടവെട്ടിയവരോടുള്ള നീതിനിഷേധമാണിത്. സ്വാതന്ത്ര്യ സമരത്തിലെ ജീവസുറ്റ അധ്യായമായിരുന്നു 1921-ലേത്. ബ്രിട്ടീഷുകാരെ അത്രമാത്രം വിറപ്പിച്ചസമരമായിരുന്നു ഇത്. സമര പോരാളികളെ വെടിവെച്ചു കൊന്നും തൂക്കിലേറ്റിയും നാട് കടത്തിയുമാണ് ബ്രിട്ടീഷുകര്‍ പ്രതികാരം തീര്‍ത്തത്.

തിരൂരങ്ങാടിയായിരുന്നു സമര സിരാകേന്ദ്രം. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മൂസ്ല്യാര്‍ തുടങ്ങി 387 പേരുകളാണ് നിഘണ്ടുവില്‍ നിന്നും വെട്ടിയത്. ഇവരുടെ പേരുകള്‍ നീക്കം ചെയ്യുക വഴി 1921-ലെ പോരാട്ടത്തെ തന്നെ തിരസ്‌കരിക്കാമെന്നാണ് ചരിത്ര കൗണ്‍സില്‍ വിചാരിക്കുന്നത്. പക്ഷേ ഓര്‍മകള്‍ അലയടിക്കുന്ന തിരൂരങ്ങാടിയും പൂക്കോട്ടൂരും ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് 1921-ലെ പോരാട്ടസ്മരണയുമാണ്. നിഘണ്ടുവില്‍ നിന്നും പേരുകള്‍ നീക്കം ചെയ്താലും ഈ മണ്ണിലെ മനസ്സുകളില്‍ നിന്നും പേരുകള്‍ മായ്ക്കപ്പെടാന്‍ കഴിയില്ല. ഇവിടെ ഓരോ കല്ലിലും കൊത്തിവെച്ചിട്ടുണ്ട് രക്ത്‌സാക്ഷികളുടെയും നാടുകടത്തപ്പെട്ടവരുടെയും തൂക്കിലേറ്റപ്പെട്ടവരുടെയും പേരുകള്‍, അവരുടെ പിന്‍മുറക്കാര്‍ ഇവിടെയുണ്ട്.

മലബാര്‍ കലാപത്തിന്റെ കേന്ദ്രമായി തിരൂരങ്ങാടി നിറഞ്ഞു നിന്നത് ആലി മുസ്‌ലിയാരുടെ നേതൃത്വത്തിലായിരുന്നുവെന്നതിനാല്‍ ആദ്യം നിക്കിയ പേരുകളിലൊന്നായി അദ്ദേഹത്തന്റേത്. പോരാട്ടത്തിനു കരുത്ത് പകരുകയും ബ്രിട്ടീഷുകാര്‍ക്കു മുന്നില്‍ വിരിമാറ് കാണിച്ചുകൊടുക്കുകയും ചെയ്ത വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയെ നീക്കം ചെയ്യുകയെന്നത് വെള്ളക്കാരുടെ കല്‍പ്പിത അജണ്ടയായിരുന്നു. അതേ അജണ്ടയാണ് മോദി സര്‍ക്കാറും ചെയ്തിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഖിലാഫത്ത് കമ്മിറ്റി രൂപീകരിച്ചുകൊണ്ടാണ് തിരൂരങ്ങാടിയില്‍ പോരാട്ടം തുടങ്ങുന്നത്. അയ്യമഠത്തില്‍ സയ്യിദ് പൂക്കോയ തങ്ങള്‍ പ്രസിഡന്റായും നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍ , കെ.എം മൗലവി എന്നിവര്‍ വൈസ്പ്രസിഡന്റുമാരായും കെ.പി കുഞിപ്പോക്കര്‍ ഹാജി. പൊറ്റയില്‍ കുഞ്ഞിമുഹമ്മദ് എന്നിവര്‍ സെക്രട്ടറിമാരായും ഖിലാഫത്ത് കമ്മിറ്റിയുണ്ടാക്കി. ഇതിലൂടെ നിസഹകരണ പ്രസ്ഥാനം ഏറ്റവുമധികം വിജയിച്ച സ്ഥലമായി തിരൂരങ്ങാടി ദേശീയ തലത്തില്‍ തന്നെ വിഖ്യാതമായി.

തിരൂരങ്ങാടിയില്‍ സമരം കൊടിമ്പിരികൊള്ളുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടസ്ഥാനത്തില്‍ വെള്ളപ്പട്ടാളം നടപടികളും ആരംഭിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി അവര്‍ ആദ്യം ചെയ്തത് 1921 ഫെബ്രുവരി 26ന് 107-വകുപ്പനുസരിച്ച് പൊറ്റയില്‍ അബൂബക്കര്‍, വി.പി ഹസന്‍കുട്ടി, കല്ലറക്കല്‍ അഹമ്മദ്, തുടങ്ങിയവരെ അകാരണായി അറസ്റ്റ് ചെയ്തു. ഈ സംഭവം ഏറെ പ്രതിഷേധത്തിന് വഴി വെച്ചു. 1921 ഓഗസ്റ്റ് 19ന് അര്‍ധ രാത്രി കലക്ടര്‍ തോമസും ഒരു സേനാവ്യൂഹവും സര്‍വ സന്നാഹങ്ങളുമായി തിരൂരങ്ങാടിയിലെത്തി. തിരൂരങ്ങാടി കിഴക്കെ പള്ളിയില്‍ അവര്‍ പരിശോധന നടത്തിയെങ്കിലും ആലി മുസ്‌ലിയാരെയും മറ്റും പിടികൂടാനായില്ല. പ്രഭാത പ്രാര്‍ത്ഥനക്ക് പള്ളിയിലെത്തിയ പൊറ്റയില്‍ മുഹമ്മാദാജി, കോഴിശ്ശേരി മമ്മദ്, മകന്‍ മൊയ്തീന്‍ കുട്ടി, തുടങ്ങിയവരെ അറസ്റ്റ് ചെയ്തു. പിറ്റേന്ന് (ഓഗസ്റ്റ് 20) നിരപരാധികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആലി മുസ്‌ലിയാരും സംഘവും നിവേദനവുമായി കലക്ടറെ കാണാനെത്തി. പൊലീസുകാര്‍ സംഘത്തെ തടഞ്ഞു. നിങ്ങളെല്ലാവരും ഇരിക്കൂ, അറസ്റ്റിലായവരെ ഉടന്‍ വിടാം.എന്ന് ഹെഡ്‌കോണ്‍സറ്റബിള്‍ മൊയ്തീന്‍ വിളിച്ച് പറഞ്ഞു. ഇത് കേട്ട് നിവേദക സംഘം ഇരുന്നു .എന്നാല്‍ പിന്നാലെ നിമിഷങ്ങള്‍ക്കുള്ളില്‍ വെടിയുണ്ടകളാണ് ഗര്‍ജിച്ചത്. 17 ധീര ദേശാഭിമാനികളാണ് മരണമടഞ്ഞത്.

ഓഗസ്റ്റ് 30ന് കിഴക്കെ പള്ളി പട്ടാളക്കാര്‍ വളഞ്ഞു. ആലി മുസ്‌ലിയാരും 114 പേരും പള്ളിയിലുണ്ടായിരുന്നു. പട്ടാളക്കാര്‍ പള്ളിയുടെ മുകള്‍ ഭാഗത്തേക്ക് വെടിയുണ്ടകളുതിര്‍ത്തു കൊണ്ടിരുന്നു. പള്ളി തകര്‍ന്ന് വീഴുമെന്ന് കണ്ടപ്പോള്‍ അബ്ദുല്ലക്കുട്ടി, ലവക്കുട്ടി തുടങ്ങിയവര്‍ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പട്ടാളത്തിന് നേര്‍ക്ക് ചാടി കടന്നാക്രമണം നടത്തി. പിന്നീട് പുഴയില്‍ ചാടി അവര്‍ അക്കരെ കടന്നു. പള്ളിയുടെ മുകള്‍ ഭാഗത്തെ ജനാല തുറന്ന് കാരാടന്‍ മൊയ്തീന്‍ നെഞ്ച് കാണിച്ച് വെക്കടാ വെടി എന്ന് ഉറക്കെ പറഞ്ഞു. വെടിയേറ്റ് ധീര രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. 32 പേരാണ് ഈ സംഭവത്തില്‍ രക്തസാക്ഷികളായത്. പള്ളി തകര്‍ക്കാന്‍ അവസരം നല്‍കരുതെന്ന് തീരുമാനിച്ച ആലിമുസ്‌ലിയാര്‍ കീഴടങ്ങി. ആലി മുസ്‌ലിയാരെടക്കം 38 പേരെ കോയമ്പത്തൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. ഇതില്‍ പലരെയും പട്ടാള കോടതി തൂക്കിലേറ്റാന്‍ വിധിച്ചു.

ഇതോടനുബന്ധമായാണ് പൂക്കോട്ടൂര്‍ യുദ്ധവും നടന്നത്. 159 പേര്‍ പൂക്കോട്ടൂര്‍ യുദ്ധത്തില്‍ രക്തസാക്ഷികളായി. ബ്രിട്ടീഷുകാരുടെ മറ്റൊരു പ്രതികാരമായിരുന്നു നാടുകടത്തലിനു വിധേയമായ വാഗണ്‍ട്രാജഡി സംഭവം. 90 പേരെയാണ് തീവണ്ടിയില്‍ കയറ്റിയത്. ശ്വാസം മുട്ടി ഇവരിലേറെയും രക്തസാക്ഷികളായി. നിരവധി പേരെയാണ് തിരൂരങ്ങാടിയില്‍ നിന്നും മറ്റുമായി നാട് കടത്തിയത്.

 

 

web desk 3: