X

കരുതല്‍ തടങ്കല്‍: കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ പേരില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും അനധികൃതമായി കരുതല്‍ തടങ്കിലെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.മുഖ്യമന്ത്രിക്ക് പൊതുപരിപാടികള്‍ ഉണ്ടെങ്കില്‍ ജനത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.

കണ്ണൂരിലും,പാലക്കാടും ,കോഴിക്കോടും എറണാകുളത്തും ഉള്‍പ്പെടെ എല്ലാ ജില്ലകളിലും അപ്രഖ്യാപിത അടിയന്താരവസ്ഥക്ക് തുല്യമായ നടപടികളാണ് മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസുകാര്‍ കാട്ടിക്കൂട്ടുന്നത്. പൊതുജനത്തെ വഴിയില്‍ തടഞ്ഞും രാഷ്ട്രീയ എതിരാളികളെ ജയിലടച്ചും മുഖ്യമന്ത്രി കാട്ടിക്കൂട്ടുന്ന പേക്കൂത്ത് പ്രതിഷേധാര്‍ഹമാണ്.സഞ്ചാരസ്വാതന്ത്ര്യവും ഇഷ്ടമുള്ള വസ്ത്രധാരണവും ഉള്‍പ്പെടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ മേല്‍ കടന്നുകയറുകയാണ് സംസ്ഥാന ഭരണകൂടമെന്നും സുധാകരന്‍ പറഞ്ഞു. കരുതല്‍ തടങ്കിലെടുക്കുന്നതിന് രാജ്യത്ത് ചില നിയമവ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്.ഒരു വ്യക്തിയുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആരെയെങ്കിലും തുറുങ്കിലടയ്ക്കാന്‍ നിയമത്തില്‍ പറയുന്നില്ല. 151 സി.ആര്‍.പി.സി വകുപ്പ് മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് ദുരുപയോഗം ചെയ്യുകയാണ്. കേരള സമൂഹത്തിന് മുഴുവന്‍ ഭീഷണിയായി ജനത്തെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ സഞ്ചാരമാണ് കേരളത്തില്‍ നിരോധിക്കേണ്ടത്.ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധം ഒരു കുറ്റക‍ൃത്യമല്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
കരിങ്കൊടി പ്രതിഷേധത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജയിലിലടക്കാമെന്നാണ് കരുതുന്നതെങ്കില്‍ അതിന് കേരളത്തിലെ ജയിലറകള്‍ പോരാതെ വരും. സമരമാര്‍ഗങ്ങളെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളായി ചാപ്പകുത്തുന്ന ഭീരുവായ മുഖ്യമന്ത്രിയുടെ സേച്ഛാധിപത്യ നടപടികളെ കോണ്‍ഗ്രസ് നിയമപരമായി തന്നെ ചോദ്യം ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു.

webdesk12: