X

സംസ്ഥാനത്ത് വയോജനങ്ങള്‍ സുരക്ഷിതരല്ല

സംസ്ഥാനത്ത് വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിക്കുന്നതായി കണക്കുകള്‍. മക്കളില്‍ നിന്നും ജീവനാംശം തേടി മുതിര്‍ന്ന പൗരന്മാര്‍ നല്‍കുന്ന പരാതികളുടെ എണ്ണവും വര്‍ധിച്ചു. വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം മുറക്ക് നടക്കുമ്പോഴും മക്കളില്‍ നിന്നു മാതാപിതാക്കള്‍ നേരിടുന്നത് വലിയ മാനസിക പീഡനം. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ കണ്ണൂര്‍ ജില്ലയിലെ വയോജനങ്ങള്‍ക്കായുള്ള കോള്‍ സെന്ററില്‍ ലഭിച്ചത് മുന്നൂറിനടുത്ത് പരാതികളാണ്. എന്നാല്‍ കണക്കുകള്‍ക്ക് പുറമെ കേസുകള്‍ വര്‍ധിക്കാനാണ് സാധ്യതയെന്ന് സാമൂഹിക നീതി വകുപ്പ് പറയുന്നു. മക്കളോടുള്ള സ്‌നേഹം കാരണം മാതാപിതാക്കള്‍ തങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ പുറത്തു പറയുന്നില്ല.

സ്വത്തു തട്ടിയെടുത്തതിന് ശേഷം ഉപേക്ഷിക്കുക, അസുഖം വന്നാല്‍ കൃത്യമായ ചികിത്സ നല്‍കാതിരിക്കുക, മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് മുറിക്കുള്ളില്‍ പൂട്ടിയിടുക, പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സൗകര്യം നിഷേധിക്കുക, ഭക്ഷണം നല്‍കാതിരിക്കുക, വീട്ടില്‍ തനിച്ചാക്കി മാസങ്ങളോളം മാറി നില്‍ക്കുക, സംരക്ഷണം ഏറ്റെടുക്കാതിരിക്കുക തുടങ്ങിയ പരാതികളാണ് ലഭിക്കുന്നത്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ ജില്ലയില്‍ തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലായി രണ്ട് ട്രൈബുൂണലാണ് പ്രവര്‍ത്തിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കാണ് ട്രൈബ്യൂണലിന്റെ ചുമതല. തലശ്ശേരിയില്‍ സബ് കലക്ടറും, തളിപ്പറമ്പില്‍ ആര്‍ഡിഒയുമാണ് പ്രിസൈഡിംഗ് ഓഫീസര്‍. ട്രൈബ്യൂണലില്‍ ലഭിക്കുന്ന പരാതിയിന്മേല്‍ ചുമതലയുള്ള ആര്‍ഡിഒമാര്‍വാദം കേട്ടതിന് ശേഷമാണ് നടപടികള്‍ സ്വീകരിക്കുന്നത്.

സാമൂഹിക നീതി വകുപ്പിന്റെ കീഴിലാണ് വയോജനസംരക്ഷണം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിനായി വിവിധ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതലാണ് ജില്ലയില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. വയോജനങ്ങള്‍ക്ക് കൃത്യമായി മരുന്നു ലഭിക്കുന്നുണ്ടോ, വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടോ, മാനസികമായും ശാരീരികമായും എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. ആശാവര്‍ക്കര്‍ മുഖേനയാണ് ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നത്.

പരാതി മൂന്ന് രീതിയില്‍

മൂന്ന് തരത്തില്‍ വയോജനങ്ങള്‍ക്ക് പരാതി നല്‍കാം. നേരിട്ട് നല്‍കാം. നേരിട്ട് വരാന്‍ കഴിയാത്ത സാഹചര്യത്തില്‍ അദേഹം ചുമതലപ്പെടുത്തുന്നവര്‍ക്ക് നല്‍കാം. അല്ലെങ്കില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് സ്വമേധയാ കേസെടുക്കാം. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും 2007 എന്ന നിയമപ്രകാരം വയോജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് മക്കളുടെ കടമയാണ്. അത്തരത്തില്‍ സംരക്ഷണം നല്‍കാതിരിക്കുമ്പോള്‍ മക്കള്‍ക്കെതിരെ പരാതി നല്‍കാം.

പതിനായിരം രൂപ മാസത്തില്‍ മാതാപിതാക്കള്‍ക്ക് നല്‍കാനും വ്യവസ്ഥയുണ്ട്. ഹോം നഴ്‌സിനെ വെക്കേണ്ടി വരുന്ന സാഹചര്യത്തില്‍ തുക മക്കള്‍ കൃത്യമായി നല്‍കണം.

ട്രൈബ്യൂണില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ക്കാണ് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ജീവിത ചെലവുകള്‍ എന്നിവ ലഭ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 100ലധികം പരാതികള്‍ കണ്ണൂരില്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലമായതിനാല്‍ ആര്‍ഡിഒ മുമ്പാകെ ഹാജരാകാന്‍ കഴിയാത്തതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും പൊലീസ് വഴിയും പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്.

 

 

web desk 3: