X

നാളെ മുതല്‍ മഴ സജീവമാകും

കൊച്ചി: മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ രൂപം കൊണ്ട ചക്രവാതച്ചുഴി ഇന്ന് രാവിലെയോടെ ന്യൂനമര്‍ദ്ദമായി മാറും. ശനിയാഴ്ച ഉച്ചക്ക് ശേഷം കേരളത്തില്‍ മണ്‍സൂണ്‍ മഴ സജീവമാകുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ കൂട്ടായ്മയായ മെറ്റ്ബീറ്റ് വെതര്‍ അറിയിച്ചു.

മണ്‍സൂണ്‍ പാറ്റേണ്‍ സാധാരണ നിലയിലേക്ക് മാറുകയാണ്. നാളെ രാത്രിയോടെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ മഴ ശക്തിപ്പെട്ടേക്കും. ഇടുക്കിയിലും പാലക്കാട്ടും, തൃശൂരും ഒറ്റപ്പെട്ട ഇടത്തരം മഴ സാധ്യതയുണ്ട്. 13ന് മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ കൂടുതല്‍ ശക്തമായി മഴ ലഭിക്കും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം മലയോര മേഖലയില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കാം.

ഇടുക്കി, പത്തനംതിട്ട. കോട്ടയം ജില്ലകളുടെ മലയോരത്തും മഴ സാധ്യതയുണ്ട്. 16 വരെ ഇതേ രീതിയില്‍ മഴ തുടരാനുള്ള സാധ്യതയുണ്ട്. അറബിക്കടലില്‍ മതിയായ തോതില്‍ മേഘരൂപീകരണം സാധ്യമാകാത്തതിനാലാണ് കേരളത്തില്‍ ഇപ്പോള്‍ മഴ ലഭിക്കാത്തത്. ഈ സ്ഥിതിക്ക് നാളെ മുതല്‍ മാറ്റം വരും. കേരളം ഉള്‍പ്പെടെ പടിഞ്ഞാറന്‍ തീരത്ത് ശക്തമായ മഴ ലഭിക്കും.

തെക്കന്‍ കേരളത്തേക്കാള്‍ വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ സാധ്യതയുള്ളത്. ഒപ്പം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കാലവര്‍ഷം സജീവമാകും. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ 14 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 50 കി.മി വരെ കാറ്റിന് വേഗതയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണിത്.

web desk 3: