X

കടുവ ആക്രമണം: തോമസ് മരിച്ചത് ചികിത്സയിലുണ്ടായ വീഴ്ചമൂലമെന്ന് ആവര്‍ത്തിച്ച്‌ കുടുംബം

വയനാട്: കടുവ ആക്രമണത്തില്‍ മരിച്ച തോമസിന് ചികിത്സ നല്‍കുന്നതില്‍ പിഴവ് സംഭവിച്ചെന്ന് ആവര്‍ത്തിച്ച്‌ കുടുംബം. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്തിട്ടും ആംബുലന്‍സ് വൈകിയാണ് എത്തിയത്. ഐസിയു ആംബുലന്‍സായിരുന്നില്ല എത്തിയതെന്നും കുടുംബം പറഞ്ഞു.
രക്തം വാര്‍ന്നു പോയിട്ടും തോമസിന് മതിയായ ചികിത്സ ലഭിച്ചിരുന്നില്ല. വയനാട് മെഡിക്കല്‍ കോളജില്‍ മതിയായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തോമസിന്റെ മരണം സംഭവിക്കുകയില്ലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.

ചികിത്സയില്‍ പിഴവ് സംഭവിച്ചെന്ന ആരോപണം ഇന്നലെ ആരോഗ്യവകുപ്പ് തള്ളിയിരുന്നു. ആരോഗ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. തോമസിന്റെ മരണകാരണം ഹൃദയസംബന്ധമായ രോഗമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ആഴ്ചയാണ് വെള്ളാരംകുന്നിലെ കൃഷിയിടത്തില്‍ വച്ച്‌ തോമസിനെ കടുവ ആക്രമിച്ചത്. തോമസിന്റെ കൈയ്ക്കും കാലിനും ഗുരുതര പരുക്കുകളായിരുന്നു പറ്റിയിരുന്നത്. മന്ത്രി കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവര്‍ തോമസിന്റെ വീട് സന്ദര്‍ശിച്ചപ്പോഴും കുടുംബം ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ചിരുന്നു. വയനാട് മെഡിക്കല്‍ കോളജ് അധികൃതരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയായിരുന്നു കുടുംബത്തിന്റെ ആരോപണം.

തോമസിന്റെ മരണത്തെ തുടര്‍ന്ന് വയനാട്ടില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കടുവയെ പിടികൂടിയത്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറിയില്‍ വച്ചാണ് കടുവയെ വലയിലാക്കിയത്. വനംവകുപ്പും ആര്‍ആര്‍ടി സംഘവും ചേര്‍ന്ന് നടത്തിയ ദൗത്യമാണ് ഫലം കണ്ടത്.

webdesk12: