X

മെട്രോ ദിസ് വേ… ശൈലിയില്‍ ഖത്തര്‍ എയര്‍വെയിസിലേക്ക് സ്വാഗതം ചെയ്ത് എംബാപ്പെ, മെസ്സിയും സംഘവും ദോഹയില്‍

അശ്റഫ് തൂണേരി

ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പിലെ വാശിയേറിയ പോരാട്ടങ്ങള്‍ക്ക് ശേഷം ലോക ഫുട്ബോള്‍ താരങ്ങള്‍ ഒരേ ക്ലബ്ബിന്റെ ബാനറില്‍ ദോഹയിലെത്തി. റിയാദില്‍ നടക്കുന്ന സീസണ്‍കപ്പ് മത്സരത്തിന്റെ മുന്നോടിയായുള്ള പാരീസ് സെയിന്റ് ജര്‍മ്മൈന്‍ (പി.എസ്.ജി) താരങ്ങളുടെ പരിശീലന പരിപാടിയുടെ ഭാഗമായാണ് സന്ദര്‍ശനം. ഇന്ന് കാലത്ത് പാരീസില്‍ നിന്നുള്ള ഖത്തര്‍ എയര്‍വെയിസിന്റെ പ്രത്യേക വിമാനത്തിലാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ താരങ്ങള്‍ വന്നിറങ്ങിയത്. ലയണല്‍മെസ്സി, എംബാപ്പേ, നെയ്മര്‍ ജൂനിയര്‍, അഷ്റഫ് ഹക്കീമി ഉള്‍പ്പെട്ട ടീം പാരീസില്‍ നിന്ന് വിമാനത്തിലേക്ക് കയറവെ ഓണ്‍ബോര്‍ഡ് സ്വാഗതവുമായി എംബാപ്പേ രംഗത്തെത്തിയത് ശ്രദ്ധേയമായി.

ഓരോ താരങ്ങളേയും ദിസ് വേ… ഖത്തര്‍ എയര്‍വെയിസ്, വെല്‍കം ഓണ്‍ബോര്‍ഡ്… ദിസ് വേ…എന്ന് പറഞ്ഞ് വിമാനത്തിലേക്ക് നയിക്കുകയാണ് എംബാപ്പേ. ദോഹയിലെ മെട്രോയില്‍ ലോകകപ്പ് കാലയളവില്‍ വഴികാട്ടുന്ന സുരക്ഷാ ചുമതലക്കാരന്റെ മെട്രോ.. മെട്രോ ദിസ് വേ.. വൈറലായിരുന്നു. അതേ ശൈലി അനുകരിച്ചായിരുന്നു എംബാപ്പേയുടെ സ്വാഗതം. പി.എസ്.ജിയുടേയും ഖത്തര്‍ എയര്‍വെയിസിന്റേയും സാമൂഹിക മാധ്യമ പേജുകളിലൂടെ ഇത് അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്.

അതിനിടെ ദോഹയിലെത്തിയ താരങ്ങളുമായി ഖത്തര്‍ എയര്‍വെയിസും പി.എസ്.ജി അക്കാദമിയും മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടി സംഘടിപ്പിച്ചു. ഖത്തര്‍ എയര്‍വെയിസ് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ബാകിര്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ ഖത്തറിലെ പി.എസ്.ജി കുട്ടികളോടൊപ്പം സെല്‍ഫിയെടുത്തും ടീഷര്‍ട്ടില്‍ ഒപ്പു ചാര്‍ത്തിയും ചിത്രം വരച്ചും താരങ്ങള്‍ സജീവമായി.

സഊദി അറേബ്യയിലെ റിയാദ് കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തില്‍ 19-ന് വൈകീട്ട് നടക്കുന്ന റിയാദ് സീസണ്‍ കപ്പിന് മുന്നോടിയായുള്ള പരിശീലനത്തിനും ആരാധകരെ ആശീര്‍വദിക്കാനുമാണ് ഇവര്‍ ഖത്തറിലെത്തിയത്. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി സൗദിയിലെ മുന്‍നിര ക്ലബ്ബുകളായ അല്‍ഹിലാല്‍, അല്‍നാസര്‍ എന്നിവരേയാണ് നേരിടുന്നത്. ഇന്ന് വൈകീട്ട് ആറര മുതല്‍ ഏഴര വരെ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ പരിശീലന പരിപാടി നടക്കും. 20 റിയാല്‍ നല്‍കി മുന്‍കൂര്‍ ടിക്കറ്റെടുത്ത പൊതുജനങ്ങള്‍ക്ക് പരിപാടിയില്‍ പ്രവേശനമുണ്ട്. വൈകീട്ട് 4 മുതല്‍ കവാടം തുറക്കും.

 

webdesk12: